Advertisment

തൊടുപുഴയുടെ കുമ്പസാര അച്ചന്‍ എണ്‍പതിന്റെ നിറവില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴക്കാരുടെ സ്വന്തം കുമ്പസാര അച്ചന്‍ എണ്‍പതിന്റെ നിറവില്‍. വര്‍ഷങ്ങളോളം തൊടുപുഴ ഉപാസന ചാപ്പലില്‍ കുമ്പസാരക്കൂട്ടില്‍ നിറസാന്നിദ്ധ്യമായിരുന്ന ഫാ. കുര്യാക്കോസ്‌ തുരുത്തിപ്പിള്ളില്‍ ഇപ്പോള്‍ കോതമംഗലം ചെങ്കര നിര്‍മ്മല്‍ഗ്രാം ധ്യാനകേന്ദ്രത്തിലാണ്‌ സേവനം ചെയ്‌തു വരുന്നത്‌.

Advertisment

പൗരോഹിത്യത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ച ഈ വൈദികന്‍ എന്നും അനുതപിക്കുന്നവരുടെ കൂട്ടുകാരനാണ്‌. വൈദികനായിട്ട്‌ 50 വര്‍ഷത്തിലേറെ പിന്നിട്ടെങ്കിലും അവാര്‍ഡുകളോ ബഹുമതികളോ ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹം വിശ്രമം ആഗ്രഹിച്ചിട്ടില്ല. തൊടുപുഴ ജ്യോതിനിവാസ്‌ ആശ്രമത്തില്‍ 2002 മുതല്‍ ശുശ്രൂഷ ചെയ്‌തിരുന്നു. അതും പാപമോചന ശുശ്രൂഷ.

publive-image

ഇതിനിടയിലും ആവശ്യംപോലെ സമീപത്തുള്ള പള്ളികളിലും മഠങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഓടിയെത്തും. ഞായറാഴ്‌ചകളില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിച്ച്‌ കുമ്പസാരം ശ്രവിക്കുകയും രോഗീലേപനം നല്‍കുകയും ചെയ്‌തിരുന്നു.

കുമ്പസാരക്കൂട്ടില്‍ നിറസാന്നിദ്ധ്യമായതോടെയാണ്‌ കുര്യാക്കോസച്ചന്‌ കുമ്പസാര അച്ചന്‍ എന്ന പേര്‌ വീണത്‌. വാഴക്കുളം തുരുത്തിപ്പിള്ളില്‍ തൊമ്മന്‍-മറിയാമ്മ ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമന്‍. പഠനത്തില്‍ മിടുക്കനായിരുന്നു. ബംഗ്‌ളരുവില്‍ 1962 മെയ്‌ 16-ന്‌ നിത്യവ്രതവും 1967 മെയ്‌ 12-ന്‌ പൗരോഹിത്യവും സ്വീകരിച്ചു.

സി.എം.ഐ.യുടെ കളമശ്ശേരി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ ഒരു മാസത്തെ വൈദിക ശുശ്രൂഷ പരിശീലനത്തിനുശേഷം കോതമംഗലം കൊവേന്തയിലായിരുന്നു നിയമനം. ഇതിനിടയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ്‌ സാഹിത്യം പ്രധാന വിഷയമായും രാഷ്‌ട്ര മീമാംസയും തത്വശാസ്‌ത്രവും ഉപവിഷയങ്ങളായും പഠിച്ചു. എം.എ. സോഷ്യോളജിയും ലൈബ്രറി സയന്‍സും പഠിച്ചു. വൈക്കം കൊവേന്തയില്‍ രണ്ടു വര്‍ഷം. അവിടെയും ബര്‍സാറും പ്രൊക്കുറേറ്ററുമായിരുന്നു. മൈസൂര്‍ മിഷനിലും സേവനം ചെയ്‌തു. കൂടാതെ പൊതുമിഷന്‍ സെക്രട്ടറിയുമായി.

1982 മുതല്‍ 99 വരെ നീണ്ട പതിനേഴു വര്‍ഷം കൈതപ്പാറയില്‍ സേവനം അനുഷ്‌ഠിച്ചു. എന്നും നിര്‍ദ്ധനമായ ജനതയ്‌ക്കൊപ്പമായിരുന്നു അച്ചന്റെ പ്രവര്‍ത്തനം. ദിവസവും ആറും ഏഴും മണിക്കൂര്‍ കുമ്പസാരക്കൂട്ടില്‍ പാപമോചനം നല്‍കി കുര്യാക്കോസ്‌ അച്ചന്‍ ഇരിക്കുന്നത്‌ പതിവു കാഴ്‌ചയാണ്‌. അച്ചന്‌ വിശ്രമം നല്‍കാന്‍ സമയം ക്രമീകരിച്ചാലും കുമ്പസാരക്കൂട്ടില്‍ ഈ ഇടയനുണ്ടാകും.

കുര്യാക്കോസച്ചന്റെ 80-ാം ജന്മദിനാഘോഷം ജൂണ്‍ 23-ന്‌ തൊടുപുഴ ഉപാസനയില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3-ന്‌ ചേരുന്ന സമ്മേളനത്തില്‍ അച്ചനെ അനുമോദിക്കും. ഇതോടൊപ്പം സി എം ഐ ഔട്ട്‌ സ്റ്റാന്‍ഡിംഗ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നേടിയ ഫാ. ആന്റണി ഉരുളിയാനിക്കലിനെയും ആദരിക്കുമെന്ന്‌ ഉപാസന ഡയറക്‌ടര്‍ ഫാ. ഷിന്റോ കോലത്തുപടവില്‍, അജപാലന വകുപ്പ്‌ കൗണ്‍സിലര്‍ ഫാ. വിനീത്‌ വാഴേക്കുടിയില്‍ എന്നിവര്‍ അറിയിച്ചു.

Advertisment