Advertisment

പൊതുസമൂഹത്തിന്റെ സുരക്ഷ കോടതിയുടെ ഉത്തരവാദിത്വം - തൊടുപുഴ പോലീസ് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എൻ ജി ശ്രീമോൻ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി

author-image
സാബു മാത്യു
New Update

കൊച്ചി:  ഒരാളുടെ പ്രവൃത്തി പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പക്ഷം സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട ഉത്തരവ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം കോടതിയ്ക്ക് ഉണ്ടെന്നു കേരള ഹൈക്കോടതി.

Advertisment

തന്നെ സസ്‌പെൻഡ് ചെയ്യുവാൻ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു തൊടുപുഴ പോലീസ് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എൻ ജി ശ്രീമോൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

publive-image

എൻ ജി ശ്രീമോനെതിരെ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ വരെയുള്ള കാരണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

അതിനെ തുടർന്നാണ് ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താക്ക് ശ്രീമോനെ അടിയന്തിരമായി സസ്‌പെൻഡ് ചെയ്യണമെന്ന് 6 /03 /2020 -ൽ ഉത്തരവ് ചെയ്യുകയും പിറ്റേന്ന് തന്നെ കോട്ടയം ക്രൈം ബ്രാഞ്ചിൽ ജോലിയിലിരിക്കെ ശ്രീമോനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത് .

ഉത്തരവ് പിൻവലിക്കുകയോ,പുനഃപരിശോധിക്കുകയോ ചെയ്യാൻ യാതൊരു കാരണവും ഇല്ല എന്ന് പറഞ്ഞ കോടതി ശ്രീമോൻറെ പ്രവർത്തികൾ പൊതുസമൂഹത്തിന്റെ സമാധാനപരമായ ജീവിതത്തിനു ഭീഷണിയാണെന്ന മുൻ നിലപാട് ആവർത്തിച്ചും കോടതിയുടെ ഉത്തരവാദിത്വം അടിവരയിട്ടുകൊണ്ടുമാണ് ഹർജി തള്ളിയത് .

2018 -ൽ തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിയായ ശാസ്താംകുന്നേൽ ബേബിച്ചൻ വർക്കിയാണ് അന്ന് തൊടുപുഴ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എൻ ജി ശ്രീമോന് എതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ബേബിച്ചനും തന്റെ ബിസിനെസ്സ് പങ്കാളിയുമായി ചില തർക്കങ്ങൾ നിലവിലിരിക്കെ ശ്രീമോൻ, ബേബിച്ചനെ തൊടുപുഴ സ്റ്റേഷനിൽ ഹാജരാകുവാൻ നിർദേശിക്കുകയായിരുന്നു.

തൊടുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസമോ ബിസിനസോ ഇല്ലാത്ത തന്നെ സ്റ്റേഷനിലേക്ക് വിളിച്ചതിൽ അപകടം മണത്ത ബേബിച്ചൻ , ഇൻസ്പെക്ടറെക്കുറിച്ചു അന്വേഷിച്ചു.

സിവിൽ തർക്കങ്ങളിൽ ഇടപെട്ടു ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും കക്ഷികളെ വരുതിയിലാക്കി കേസ് തീർക്കുകയും കമ്മീഷൻ അടിയ്ക്കുകയുമാണ് അദ്ദേഹത്തിന്റെ രീതി എന്നറിഞ്ഞതോടെ പോലീസ് പീഡനം ഒഴിവാക്കി കിട്ടാൻ അഡ്വ .തോമസ് ആനക്കല്ലുങ്കൽ മുഖാന്തിരം ബേബിച്ചൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഹർജിക്കാരനെ യാതൊരു തരത്തിലും ഭീഷണിപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത് എന്ന് താൽക്കാലിക ഉത്തരവിട്ടു.

തൊടുപുഴ പോലീസ് ഇൻസ്പെക്ടർക്കെതിരെ ഇതിനു മുൻപും സമാന രീതിയിലുള്ള പരാതികൾ കണ്ടിട്ടുണ്ടല്ലോ എന്ന് ഓർമ്മിച്ചെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ , അദ്ദേഹത്തിനെതിരെയുള്ള പരാതികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേരള ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും നിർദേശിച്ചു.

ഇപ്രകാരം ഒരു ഉത്തരവ് ഉണ്ടായതറിഞ്ഞു സമാന കേസുകളിൽ പീഡിപ്പിക്കപ്പെട്ട ആളുകളും ശ്രീമോൻറെ ഭീകരതയ്ക്ക് ഇരയായിട്ടുള്ള സാമൂഹിക പ്രവർത്തകരും മുൻപ് നടന്നിട്ടുള്ള 14 പരാതികളുടെ വിവരങ്ങൾ ബേബിച്ചന്റെ അഭിഭാഷകൻ മുഖാന്തിരം കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

മേല്പറഞ്ഞ 14 പരാതികളെക്കുറിച്ചും അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുവാൻ കോടതി സംസ്ഥാന പോലീസ് മേധാവിയോടും അതോടൊപ്പം സമാന്തര അന്വേഷണത്തിന് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിനോടും ആവശ്യപ്പെട്ടു.

സംസ്ഥാന പോലീസ് മേധാവി ഐ ജി വിജയ് സാക്കറെയെ അന്വേഷണ ചുമതല ഏൽപ്പിച്ചുവെങ്കിലും അദ്ദേഹം അന്നത്തെ ഇടുക്കി പോലീസ് സൂപ്രണ്ട് കെ ബി വേണുഗോപാൽ മുഖാന്തിരമാണ് അന്വേഷണം നടത്തിയത്. രണ്ടന്വേഷണത്തിന്റെയും റിപ്പോർട്ടുകൾ തമ്മിൽ പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല.

ലോക്കൽ പോലീസ് മേലധികാരികളുടെ റിപ്പോർട്ടിൽ ശ്രീമോൻ വളരെ ഉത്തരവാദിത്ത ബോധമുള്ള ധീരനായ സ്മാർട്ട് ഓഫീസർ ആണെന്നും അദ്ദേഹത്തോടുള്ള വിരോധം കൊണ്ട് കളവായ പരാതികളാണുണ്ടായതെന്നാണ് പറഞ്ഞിരുന്നത് .

എന്നാൽ ഇന്റലിജിൻസ് എ ഡി ജി പി. വിനോദ്‌കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ശ്രീമോൻ തുടർച്ചയായി നിയമം കയ്യിലെടുക്കുകയും നിയമം വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ ആണ് എന്നും അന്വേഷിച്ച 14 പരാതികളും വാസ്തവമാണ് എന്നും അയാൾ തന്റെ അധികാരം ദുർവിനിയോഗം ചെയ്യുന്ന സ്വഭാവക്കാരനാണ് എന്നും റിപ്പോർട്ട് ചെയ്തു .

പരസ്പര വിരുദ്ധമായ റിപ്പോർട്ട് പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്ന കെ ബി വേണുഗോപാലിന്റെ റിപ്പോർട്ട് തള്ളിക്കളയുകയും ശ്രീമോന് പോലീസ് വകുപ്പിലുള്ള ദുസ് സ്വാധീനം സംശയിച്ചു ഇയാൾക്കെതിരെ തൊടുപുഴയിൽ എത്ര പരാതികൾ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്യാൻ തൊടുപുഴ ഡി വൈ എസ് പി യോടാവശ്യപ്പെട്ടു .

ആകെ 30 പരാതികൾ ശ്രീമോനെതിരെ തനിക്കു ലഭിച്ചിട്ടുണ്ടെന്ന് ഡി വൈ എസ് പി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് കിട്ടിയ കോടതി വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷിനെ പേരെടുത്തു പറഞ്ഞു വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു .

9 /12 /2019 ൽ ഐ ജി സമർപ്പിച്ച റിപ്പോർട്ടിൽ 30 പരാതികളിൽ 14 എണ്ണത്തിൽ ശ്രീമോൻ സിവിൽ തർക്കങ്ങളിൽ ഇടപെട്ടെന്നും 2 പരാതികളിൽ ശാരീരിക പീഡനങ്ങൾ നടത്തിയിട്ടുണ്ടെന്നും 3 കേസുകളിൽ ഭീഷണിപ്പെടുത്തൽ , അധികാര ദുർവിനിയോഗം എന്നിവ നടത്തി എന്നും 5 കേസുകൾ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും 7 കേസുകൾ സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തെളിയിക്കപ്പെടുകയോ തള്ളാൻപാകത്തിനോ ആണ് എന്നും റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ 1 /10 /2018 ൽ അഡീഷണൽ ചീഫ് സെക്രട്ടറി , സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്തിൽ ശ്രീമോനെതിരെ അച്ചടക്ക നടപടി എടുക്കാൻ ആവശ്യപ്പെട്ടിട്ടും നാളിതുവരെ യാതൊരു നടപടിയും എടുക്കാത്തത് ഉദ്യോഗസ്ഥന്റെ അമിത സ്വാധീനം മൂലമാണ് എന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. തോമസ് ആനക്കല്ലുങ്കൽ വാദിച്ചു.

വിജിലൻസ് ഐ ജിയുടെ റിപ്പോർട്ടും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവും ഉണ്ടായിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടാവാത്തതും കോടതിയെ ആശ്ചര്യപ്പെടുത്തി.

ഈ ഉദ്യോഗസ്ഥൻ പോലീസ് സേനയിൽ ജോലി ചെയ്യുന്നത് പൊതുജനങ്ങൾക്കും നിയമപാലനത്തിനും ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു .

ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ കർത്തവ്യ നിർവഹണത്തിൽ അങ്ങേയറ്റം മാന്യതയും സത്യസന്ധതയും പുലർത്തണമെന്നിരിക്കെ അയാൾ തന്നെ നിയമം നിഷേധിക്കുകയും അത് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നത് നിയമം വ്യവസ്ഥയ്ക്ക് തന്നെ അപകടം ആണെന്നും നിരീക്ഷിച്ചുകൊണ്ട് 6 /03 /2020 ൽ അദ്ദേഹത്തെ അടിയന്തിരമായി സസ്‌പെൻഡ് ചെയ്തു മേലന്വേഷണം നടത്തുവാൻ കോടതി ഉത്തരവിട്ടത്.

മേല്പറഞ്ഞ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ശ്രീമോൻ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി , കോടതിയുടെ അധികാരവും ഉത്തരവാദിത്തവും പൊതുസമൂഹത്തിന്റെ സുരക്ഷയ്കായിട്ടുള്ളതാണെന്നു നിരീക്ഷിച്ചത്.

ശ്രീമോൻ മുൻപ് ജോലി ചെയ്ത ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ 10 മാസക്കാലയളവിൽ ഇയാൾക്കെതിരെ ഉണ്ടായിട്ടുള്ള മറ്റു പത്തു പരാതികളുടെ വിവരങ്ങൾ കോടതിയിൽ ഹാജരാക്കിയ അഡ്വ. തോമസ് , ഇയാൾ ജോലി ചെയ്ത എല്ലാ ജില്ലകളിലെയും പോലീസ് മേധാവികളോട് ഇയാൾക്കെതിരെ ഉണ്ടായിട്ടുള്ള സകല പരാതികളുടേയും, അതിന്മേലെടുത്ത നടപടികളുടെയും വിവരം റിപ്പോർട്ട് ചെയ്യുന്നതിന് ആവശ്യപ്പെടണമെന്നു അപേക്ഷിച്ചു നൽകിയിട്ടുള്ള പുതിയ ഹർജി 2020 മെയ് 20 നു പരിഗണിക്കുന്നതിന് കോടതി ഉത്തരവിട്ടു.

Advertisment