Advertisment

സമീപത്ത്‌ പുഴയുള്ളതിനാല്‍ സാമൂഹ്യ വിരുദ്ധരെ പിടികൂടാനാവില്ലെന്ന തൊടുപുഴയിലെ പോലീസ്‌ നിലപാട്‌ വിവാദമാകുന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ പോലീസ്‌ സ്റ്റേഷന്‌ നൂറു മീറ്റര്‍ ഇപ്പുറം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്‌ സമീപത്തു നിന്നും പുഴയിലേയ്‌ക്കുള്ള വഴി സാമൂഹ്യവിരുദ്ധരുടെ നിയന്ത്രണത്തിലാണ്‌. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ സ്‌ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം ഇവിടെ വിലസുകയാണ്‌. സന്ധ്യ മയങ്ങിയാല്‍ പുഴയിലേയ്‌ക്കുള്ള റോഡ്‌ ഇവരുടെ നിയന്ത്രണത്തിലാണ്‌.

Advertisment

ഏതാനും വര്‍ഷം മുമ്പ്‌ ഇവിടെ തമ്പടിച്ചിരുന്നവര്‍ കലഹിച്ച്‌ ഒരു കൊലപാതകവും നടന്നിരുന്നു. പോലീസ്‌ സ്റ്റേഷന്‌ നൂറു മീറ്റര്‍ അരികില്‍ കൊലപാതകം നടന്നെങ്കിലും നേരം പുലര്‍ന്നാണ്‌ അന്ന്‌ പോലീസ്‌ വിവരമറിയുന്നത്‌. ഈ ഭാഗത്തുള്ള വ്യാപാരികള്‍ക്കും പുഴയില്‍ കുളിക്കാന്‍ പോകുന്നവര്‍ക്കും വലിയ ശല്യമാണ്‌ ഈ സംഘം ഉയര്‍ത്തുന്നത്‌.

publive-image

നഗരസഭ, പോലീസ്‌ തുടങ്ങിയവരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പ്രശ്‌നപരിഹാരത്തിന്‌ ആരും തയ്യാറല്ല. ഏറ്റവും ഒടുവില്‍ പോലീസ്‌ നല്‍കിയ വിശദീകരണമാണ്‌ അതിലേറെ വിചിത്രം. മദ്യപാനികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടുവാന്‍ എത്തുമ്പോള്‍ പോലീസിനെ കണ്ട്‌ ഭയന്ന്‌ ഓടുന്ന ഇവര്‍ പുഴയില്‍ ചാടി മരിച്ചാല്‍ പരാതിക്കാരായ വ്യാപാരികള്‍ സമാധാനം പറയുമോ എന്നാണ്‌ നിയമപാലകരുടെ മറുചോദ്യം.

തൊടുപുഴ നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നതൊഴിച്ചാല്‍ പോലീസിന്റെ സേവനം ലഭിക്കുന്നത്‌ ഹെല്‍മെറ്റ്‌ വേട്ടയ്‌ക്ക്‌ മാത്രമാണ്‌. പാരമ്പര്യമായി ലഭിച്ച എന്തോ അവകാശം പോലെയാണ്‌ റോഡിലൂടെ സഞ്ചരിക്കുന്നവരെ തടഞ്ഞ്‌ നിര്‍ത്തി പിഴ ഈടാക്കുന്ന ഇവരുടെ മുഖഭാവം.

അതേസമയം ക്രിമിനലുകളെ കണ്ടാല്‍ ഇതുപോലെ പുഴയുടെയും കായലിന്റെയും കഥ പറഞ്ഞ്‌ തലയൂരുന്ന നിയമപാലകര്‍ നാടിന്‌ അപമാനമാണ്‌. ഇതൊന്നും ചോദിക്കാന്‍ ഇപ്പോള്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകാരോ പണ്ട്‌ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സുകാരോ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കാരോ ഇല്ലായെന്നത്‌ അതിലേറെ കഷ്‌ടം.

കാക്കിക്കാരെ കാണുമ്പോള്‍ സല്യൂട്ട്‌ ചെയ്യുന്ന ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉള്ളതു തന്നെയാണ്‌ ഇവിടുത്തെ കുഴപ്പം. എല്ലാവര്‍ക്കും പോലീസിനെ ഭയമാണ്‌. പോലീസിനാകട്ടെ സാമൂഹ്യവിരുദ്ധരം ഭയവും. ജനമാകട്ടെ ഇവരെയെല്ലാവരെയും ഭയക്കേണ്ട സ്ഥിതിയും. ഇതാണല്ലോ ഇപ്പോഴത്തെ ജനാധിപത്യം.

ഇതേസമയം, ചില കാര്യങ്ങളില്‍ നടപടി സ്വീകരിക്കുവാന്‍ പോലീസിന്‌ നല്ല ധൈര്യമാണ്‌. കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ്‌ സ്റ്റേഷനില്‍ നടന്ന ഒരു സംഭവം ഇങ്ങനെ. ഡ്രൈവിംഗ്‌ പഠനത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ക്ലാസ്സ്‌ നല്‍കുന്നത്‌ പോലീസ്‌ സ്റ്റേഷനോടനുബന്ധിച്ചുള്ള ഹാളിലാണ്‌.

കഴിഞ്ഞദിവസം ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ മകന്‍ ക്ലാസ്സ്‌ തുടങ്ങിയശേഷം പിതാവിനൊപ്പം ക്ലാസ്സില്‍ കയറുവാനെത്തി. എന്നാല്‍ ക്ലാസ്സെടുത്തു കൊണ്ടിരുന്ന മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥന്‍ താമസിച്ചു വന്ന ആളെ ക്ലാസ്സില്‍ കയറുവാന്‍ അനുവദിച്ചില്ല. യൂണിഫോം ധരിച്ചെത്തിയ പോലീസുദ്യോഗസ്ഥന്‌ സ്വന്തം മകനെ ക്ലാസ്സില്‍ കയറ്റുവാന്‍ സാധിക്കാതെ വന്നത്‌ നാണക്കേടായി.

ഇതോടെ പോലീസ്‌ സേന ഒത്തുകൂടി. ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുവാന്‍ തുടങ്ങിയ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥനെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. പോലീസ്‌ സ്റ്റേഷന്‍ വളപ്പില്‍ അനധികൃത പാര്‍ക്കിംഗ്‌ നടത്തിയതിന്‌ നൂറു രൂപ പിഴയടച്ചശേഷമേ വാഹനം എടുക്കാവൂ എന്നായി പോലീസ്‌.

പോലീസ്‌ കാക്കിയും വാഹനകാക്കിയും ഇതോടെ ഏറ്റുമുട്ടലിലായി. ഇതിനിടെ വിവരമറിഞ്ഞ്‌ മോട്ടോര്‍ വാഹനവകുപ്പിലെ ഭക്തനായ ഒരു ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും പോലീസിനോട്‌ ക്ഷമ പറഞ്ഞ്‌ സഹപ്രവര്‍ത്തകനെ മോചിപ്പിക്കുകയും ആയിരുന്നു. സ്വന്തം പ്രശ്‌നത്തില്‍ നടപടിയെടുക്കുവാന്‍ നിയമങ്ങള്‍ പ്രശ്‌നമല്ലെന്നാണ്‌ ഈ സംഭവത്തിലൂടെ പോലീസ്‌ തെളിയിച്ചത്‌. നഗരത്തില്‍ കുഴപ്പം സൃഷ്‌ടിക്കുന്നവരെ പിടികൂടുവാന്‍ മാത്രമാണ്‌ പുഴയും കായലും കടലുമെല്ലാം പഴി കേള്‍ക്കുന്നത്‌.

Advertisment