Advertisment

വളകോട്‌ പ്രദേശത്തു സാമൂഹിക വിരുദ്ധരുടെ ശല്യം

author-image
സാബു മാത്യു
Updated On
New Update

ഉപ്പുതറ:  വളകോട്‌ പ്രദേശത്തു സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം പ്രദേശ വാസികള്‍ക്ക്‌ ജീവിതം പൊറുതി മുട്ടിയ അവസ്ഥയില്‍. വളകോട്‌ കുര്യാങ്കണ്ടം റോഡ്‌ പരിസരപ്രദേശങ്ങളില്‍ വളകോട്‌ സിറ്റിയില്‍ വര്‍ക്ക്‌ ഷോപ്പിന്റെ മുന്നില്‍ പണിക്കു നിര്‍ത്തിയിരുന്ന അഞ്ച്‌ ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റുകയും കളരിക്കല്‍ ബാലകൃഷ്‌ണന്റെ വീടിന്റെ മുറ്റത്തു വീട്ടാവശ്യത്തിന്‌ അടുക്കി വെച്ചിരുന്ന വിറകിന്റെ പുറത്തു മൂടി ഇട്ടിരുന്ന പ്ലാസ്റ്റിക്കിനു രാത്രി തീയിടുകയും ചെയ്‌തു.

Advertisment

publive-image

അതുവഴി വന്നയാള്‍ ഇതു കണ്ടു ബാലകൃഷ്‌ണനെ വിളിച്ചുണര്‍ത്തി തീ കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇവിടെ അടുത്തടുത്ത്‌ വീടുകളും ഇലക്ട്രിക്‌ ലൈനും അതേപോലെ തന്നെ കുടിവെള്ള ആവശ്യത്തിന്‌ ഉപയോഗിക്കുന്ന നിരവധി കുടുംബങ്ങളിലേക്കുള്ള ഹോസും ഉള്ളതാണ്‌.

അതു കൂടാതെ അവിടെ നിന്നും ഏകദേശം ഇരുന്നൂറ്‌ മീറ്റര്‍ ദൂരത്തില്‍ കള്ളുക്കുന്നേല്‍ സിബിയുടെ വാടകക്ക്‌ കൊടുത്തിരിക്കുന്ന വീടിന്റെ മുറ്റത്തു സ്ഥാപിച്ചിരുന്ന ഡിഷ്‌ തല്ലിപ്പൊട്ടിക്കുകയും വീടിന്റെ ഷീറ്റില്‍ കല്ല്‌ എറിയുകയും ചെയ്‌തു. വളകോട്‌ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ മഹിളാലയം റെജി എന്ന എം.ടി. മോഹന്‍ദാസിന്റെ വീടിന്റെ താഴെ പാര്‍ക്ക്‌ ചെയ്‌തിരുന്ന മോഹന്‍ദാസിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട സ്റ്റണ്ണര്‍ ബൈക്ക്‌ വെള്ളിയാഴ്‌ച രാത്രി തല്ലിപ്പൊട്ടിക്കുകയും ചെയ്‌തു.

അതിനാല്‍ ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പ്രദേശവാസികള്‍ സംയുക്തമായി മാസ്‌ പെറ്റിഷന്‍ തയാറാക്കി ഉപ്പുതറ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുന്‌പാകെ സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ പ്രദേശത്തു നായാട്ടുകാരുടെ ശല്യവും പൊറുതി മുട്ടിയിരിക്കുകയാണ്‌.

Advertisment