Advertisment

'ചേര്‍ച്ചയുടെ നേര്‍ച്ച': ഇവിടെ ജാതിമത ഭേദമില്ല, ഇതാണ് നെടുംകുന്നം പള്ളി

author-image
ഉല്ലാസ് ചന്ദ്രൻ
Updated On
New Update

നെടുംകുന്നം: നെടുംകുന്നം പള്ളിയിലെ പുഴുക്കുനേര്‍ച്ച പ്രസിദ്ധമാണ്. തിരുനാളിന്റെ പ്രധാനദിനത്തില്‍ ജാതിമത ഭേദമില്ലാതെ, ആബാലവൃദ്ധം ഇവിടെ നേര്‍ച്ചപ്പുഴുക്കിന്റെ രുചിയറിഞ്ഞ് അനുഗ്രഹം നേടാനെത്തുന്നു. ഏതു സംഭവത്തിന്റെ സ്മരണയിലാണ് എല്ലാ വര്‍ഷവും വൃശ്ചികം 13-ന് നെടുംകുന്നം ഇടവകയിലെ പ്രധാന തിരുനാള്‍ ആചരിക്കുന്നത് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല.

Advertisment

publive-image

നെടുങ്ങോത്തച്ചന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന നേര്‍ച്ചപ്പുഴുക്കാണ് പില്‍ക്കാലത്ത് നെടുംകുന്നം പള്ളിയിലെ പ്രധാന തിരുന്നാള്‍ ദിവസം നല്‍കുന്ന പുഴുക്കുനേര്‍ച്ചയായി മാറിയത്. ആദ്യവര്‍ഷങ്ങളില്‍ പുഴുക്കിനൊപ്പം ചോറും നല്‍കിരുന്നു.

വൃശ്ചികം 12 ഉച്ചമുതല്‍ ഇടവകയിലെ എല്ലാ കുടുംബങ്ങളില്‍നിന്നും കാര്‍ഷികവിഭവങ്ങള്‍ ദേവാലയത്തിലെത്തിക്കും. അന്നു വൈകുന്നേരേത്തെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പുഴുക്കുനേര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിനായി ഇടവകാംഗങ്ങള്‍ ഒത്തുചേരും.

പുലര്‍ച്ചയോടെ എല്ലാ ഭക്തജനങ്ങള്‍ക്കും വേണ്ട പുഴുക്കുനേര്‍ച്ച തയ്യാറാകും. റബര്‍ക്കൃഷി വ്യാപകമായതോടെ കപ്പ, ചേന തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞത് പില്‍ക്കലത്ത് നേര്‍ച്ചസദ്യയ്ക്കുള്ള ഭക്ഷ്യവിഭവങ്ങള്‍ വിലയ്ക്കുവാങ്ങേണ്ട അവസ്ഥയിലെത്തിച്ചു.

അതിന് ആവശ്യമായ തുക ഇടവകക്കാര്‍ പള്ളിയില്‍ ഏല്‍പ്പിക്കുകയും എല്ലാവരും ഒത്തുചേര്‍ന്ന് നേര്‍ച്ച തയ്യാറാക്കുകയും ചെയ്യുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിനാളുകളാണ് പുഴുക്കു നേര്‍ച്ചയില്‍ പങ്കാളികളാകുന്നത്.

publive-image

1796 മുതല്‍ 1802 വരെ ഇലഞ്ഞി പള്ളിയല്‍ സേവനമനുഷ്ഠിച്ചിരുന്ന ഏബ്രഹാം കത്തനാര്‍ നെടുംകുന്നത്ത് വന്നത് 1804-ലാണ്. വികാരിയായി നെടുംകുന്നത്തെത്തിയ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്ന ആദ്യത്തെ പ്രശ്‌നം അടയറവുള്ള ഒരു ദേവാലയവും താമസിക്കുന്നതിനുള്ള മുറിയും ലഭ്യമാക്കുക എന്നതാണ്.

ഇപ്പോഴത്തെ കൊച്ചുപള്ളിയുടെ പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന പുളിമരത്തിനു സമീപം ഒരു ചെറിയപള്ളിയും മുറിയും പണിതീര്‍ത്തു. ഇതാണ് ഇവിടുത്തെ രണ്ടാമത്തെ പള്ളി.

മെത്രാസനത്തില്‍നിന്നുള്ള അനുമതികൂടാതെ നിര്‍മിച്ച ഈ പള്ളിയും മുറിയും പൊളിച്ചുമാറ്റുവാന്‍ കല്‍പനയുണ്ടായി.

ഇതേത്തുടര്‍ന്ന് അധികാരികളുടെ അനുവാദത്തോടെ മറ്റൊരു പള്ളി നിര്‍മ്മിക്കുകയും സ്ഥിരമായി ഒരു വൈദികനെ ലഭിക്കുകയും ചെയ്ത കാലഘട്ടത്തില്‍ നെടുംകുന്നം ഒരു ഇടവകയായി അംഗീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കാം.

അങ്ങനെ 1805-ല്‍ ഇടവകയായി. നെടുംകുത്തെ മൂന്നാമത്തെ പള്ളിയായിരുന്നു ഇത്.

നെടുങ്ങോത്തച്ചന്റെ സംഭവ ബഹുലമായ ജീവിതത്തിന് 1847- മേയ് 31-നാണ് തിരശീല വീണത്.

മേച്ചേരിക്കുന്നേല്‍ മാണിക്കത്തനാര്‍ വികാരിയായിരിക്കെ 1923-ല്‍ ഈ പള്ളിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യിച്ച സമയത്ത് കളത്തുക്കുന്നേല്‍ അബ്രഹാം കത്തനാര്‍ എന്ന് എഴുതിയ ശിലാഫലകം കണ്ടുകിട്ടിയതായി അന്ന് നെടുംകുന്നം പള്ളിയുടെ കണക്കനായിരുന്ന കെ.ജെ സ്റ്റീഫന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അവിടെനിന്ന് എടുക്കുകയും അതേ വര്‍ഷം കൊച്ചുപള്ളിയുടെ തറ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ അവിടെ അടക്കംചെയ്യുകയുംചെയ്തു.

publive-image

നെടുംകുന്നം പള്ളിയുടെ ചരിത്രം

മധ്യതിരുവിതാംകൂറിലെ സുറിയാനി കത്തോലിക്കാ ദേവാലങ്ങളിലൊന്നാണ് നെടുംകുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ്‌സ് ഫോറോനാപ്പള്ളി. സ്‌നാപകയോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ എല്ലാ വര്‍ഷവും വൃശ്ചികം 13-നാണ് പ്രധാന തിരുന്നാള്‍.

നെടുംകുന്നം ഇടവകയില്‍ 1200 കുടുംബങ്ങളാണുള്ളത്. കൂത്രപ്പള്ളി, പനയമ്പാല, ചമ്പക്കര, നെടുമണ്ണി, മുണ്ടത്താനം, പുളിക്കല്‍കവല, പുന്നവേലി, താഴത്തു വടകര തുടങ്ങിയ ഇടവകകളാണ് നെടുംകുന്നം ഫൊറോനയ്ക്കു കീഴിലുള്ളത്.

ആദ്യകാലത്ത് വരാപ്പുഴ രൂപതയുടെ കീഴിലുള്ള ചങ്ങനാശേരി ഇടവകയില്‍പെട്ടവരായിരുന്നു നെടുംകുന്നത്തെ കത്തോലിക്കര്‍. ചങ്ങനാശേരിയോ വായ്പൂരോ ആയിരുന്നു ഇവര്‍ക്ക് അടുത്തുള്ള പള്ളികള്‍.

ഈ സാഹചര്യത്തില്‍ കൂത്രപ്പള്ളി പാലാക്കുന്നേല്‍ ഈയ്യോബ് വരാപ്പുഴയിലെത്തി മെത്രാപ്പോലീത്തയെ കണ്ട് നെടുംകുന്നത്ത് ഒരു പള്ളി സ്ഥാപിക്കുന്നതിനും ഞായറാഴ്ച്ച തോറും ആരാധന നടത്തുന്നതിനും അനുവാദം വാങ്ങുകയും രണ്ടു മാസങ്ങള്‍ക്കുശേഷം സ്വന്തം ചെലവില്‍ ഒരു പള്ളി നിര്‍മ്മിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

നെടുംകുന്നത്തെ പേക്കാവു ചേരിക്കല്‍ ഉള്‍പ്പെടെ അനേകം ഏക്കര്‍ സ്ഥലത്തിന്റെ ഉടമകളായിരുന്നു പാലാക്കുന്നേല്‍ കുടുംബക്കാര്‍.

മാര്‍ യോഹാന്‍ മാംദാനയുടെ നാമത്തിലുള്ള നെടുംകുന്നം പള്ളി ഒരു നേര്‍ച്ചയുടെ ഫലമാണൊണെന്നും ഐതിഹ്യമുണ്ട്.

ഒരു പോര്‍ച്ചുഗീസ് കപ്പല്‍ കൊടുങ്കാറ്റില്‍പെട്ട് മുങ്ങുമെന്നായപ്പോള്‍, പള്ളിയില്ലാത്ത കിഴക്കന്‍പ്രദേശങ്ങളില്‍ എവിടെയെങ്കിലും യോഹാന്‍ മാംദാനയുടെ നാമത്തില്‍ ഒരു പള്ളി പണിയിച്ചുകൊള്ളാമെന്ന് നേര്‍ന്നുവെന്നും അങ്ങനെ അവര്‍ അപകടത്തില്‍നിന്നു മുക്തരായെന്നുമാണ് ഐതിഹ്യം.

publive-image

ഇതേത്തുടര്‍ന്ന് കപ്പല്‍കാര്‍ പള്ളിവയ്ക്കുതിനുവേണ്ട പണവും യോഹാന്‍മാംദാനയുടെ ഒരു രൂപവും പുറക്കാട്ടു പള്ളിക്കാരെ ഏല്‍പ്പിച്ചു. കാലങ്ങള്‍ കഴിയവെ അത് ആലപ്പുഴ പള്ളിക്കാര്‍ക്കും ചങ്ങനാശേരി പള്ളിക്കാര്‍ക്കും കൈമാറി. ഇതിനിടെ പണം നഷ്ടപ്പെട്ടെങ്കിലും രൂപം ചങ്ങനാശേരിയില്‍ എത്തി.

ചങ്ങനാശേരി പള്ളിയിലെത്തുന്ന നെടുംകുന്നത്തെ കത്തോലിക്കരുടെ യാത്രാക്ലേശം പരിഗണിച്ച് രൂപം നെടുംകുന്നത്തുകാര്‍ക്കു കൈമാറുകയും അത് നെടുംകുത്തുകൊണ്ടുവന്ന് ഒരു താല്‍ക്കാലിക ഷെഡ് ഉണ്ടാക്കി സ്ഥാപിക്കുകയും ചെയ്തതു.

ഏബ്രഹാം കത്തനാരുടെ പള്ളി തകര്‍ന്നപ്പോള്‍ താത്കാലികമായി പണിതീര്‍ത്തതാണ് നാലാമത്തെ പള്ളി. (ഇപ്പോഴത്തെ കൊച്ചുപള്ളിയുടെ കിഴക്കുഭാഗത്ത്). നാലാമതു നിര്‍മ്മിച്ച പള്ളി താത്കാലികമായിരുതുകൊണ്ടാണ് ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചാമത്തെ പള്ളിയെന്നു പറയാവുന്ന ഇപ്പോഴത്തെ കൊച്ചുപള്ളി നിര്‍മിച്ചതെന്ന് പറയപ്പെടുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിര്‍മ്മിച്ച പല ദേവാലയങ്ങളെയുംപോലെ ഇറ്റാലിയന്‍ ചിത്ര, ശില്‍പ്പ ചാരുതയെ അനുസ്മരിപ്പിക്കുവിധത്തില്‍ അലംകൃതമായ ത്രോണോസ് കൊച്ചുപള്ളിയുടെ ശ്രദ്ധേയമായ സവിശേഷതയാണ്.

നെടുങ്ങോത്തച്ചന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്തിട്ടുള്ള ഈ ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ ദിവസമായ വൃശ്ചികം 13ന് അദ്ദേഹത്തിന്റെ സ്മരണക്കായി പ്രത്യേക ദിവ്യബലി നടത്തിവരുന്നു. വര്‍ഷങ്ങളായി ഓശാന ഞായറാഴ്ച്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതും ഇവിടെയാണ്.

publive-image

Advertisment