പാലായിലെ ഗാന്ധിപ്രതിമാ നിര്‍മ്മാണത്തിനു തുടക്കമായി

ന്യൂസ് ബ്യൂറോ, പാലാ
Tuesday, May 21, 2019

പാലാ:  രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനത്തോടനുബന്ധിച്ചു പാലായില്‍ നിര്‍മ്മിക്കുന്ന ഗാന്ധി സ്‌ക്വയറില്‍ സ്ഥാപിക്കാനുള്ള പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. ശില്പി എറണാകുളം വെണ്ണല സ്വദേശിയായ കെ എസ് ശെല്‍വരാജിന്റെ വര്‍ക്ക് ഷോപ്പിലാണ് പ്രതിമാ നിര്‍മ്മാണത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് രാഷ്ട്രപിതാവിന് നൂറ്റി അന്‍പതാം ജന്മദിനത്തില്‍ ആദരവ് ഒരുക്കുന്നത്.


[പാലാ മൂന്നാനിയില്‍ ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്നിച്ചു സ്ഥാപിക്കുന്ന പ്രതിമയുടെ ക്ലേവര്‍ക്കുകള്‍ ശില്പി കെ എസ് സെല്‍വരാജ് ആരംഭിച്ചപ്പോള്‍]

ഈരാറ്റുപേട്ട ഹൈവേയോടു ചേര്‍ന്നു മൂന്നാനിയില്‍ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്‌സ് ചേംബറിലേയ്ക്കുള്ള വഴിയുടെ മദ്ധ്യഭാഗത്തായിട്ടാണ് ഗാന്ധി സ്‌ക്വയറും പ്രതിമയും സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം പാലാ നഗരസഭാ കൗണ്‍സില്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

അമ്പത് അടി വീതിയുള്ള സ്ഥലത്തിന്റെ മദ്ധ്യത്തില്‍ 12 അടി സ്‌ക്വയറിലാണ് എട്ടടി ഉയരമുള്ള ഗാന്ധിജിയുടെ പ്രതിമ വെങ്കലത്തിലും ചെമ്പിലുമായിട്ടാണ് തയ്യാറാക്കുന്നത്. ഗാന്ധിജി ചമ്രം പടിഞ്ഞിരുന്നു പേപ്പറുകള്‍ വായിക്കുന്ന അപൂര്‍വ്വ ചിത്രത്തിന്റെ പ്രതിമാവിഷ്‌ക്കാരമാണ് പാലായില്‍ സ്ഥാപിക്കുന്നത്. അമേരിക്കയിലെ ഫ്‌ലോറിഡാ എഞ്ചിനീയറിംഗ് ബോര്‍ഡിന്റെ വൈസ് ചെയര്‍ ബാബു വര്‍ഗ്ഗീസിന്റെ മേല്‍നോട്ടത്തില്‍ എഞ്ചിനീയര്‍ രാജേഷ് ശശിനാഥാണ് ഗാന്ധി സ്‌ക്വയറിന്റെ രൂപകല്‍പ്പന തയ്യാറാക്കിയിരിക്കുന്നത്.

ഇതു സംബന്ധിച്ചു പാലാ നഗരസഭ സെക്രട്ടറി എ. നവാസും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസും കരാറില്‍ ഒപ്പുവച്ചു. ഇതു പ്രകാരം ഗാന്ധിസ്‌ക്വയറിന്റെ പരിപാലന ചുമതല മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ഉത്തരവാദിത്വമായിരിക്കും.

പൂര്‍ണ്ണമായും വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ തയ്യാറാക്കുന്ന ഗാന്ധി സ്‌ക്വയറിനു നാല്‍പതു ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വരവ് ചെലവ് കണക്കുകള്‍ അതതു മാസം ംംം.ഴമിറവശൂൌമൃലുമഹമ.രീാ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഗാന്ധിസ്‌ക്വയര്‍ സ്ഥാപനത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്, മാര്‍ ജേക്കബ് മുരിക്കന്‍, ജോസ് കെ. മാണി എം പി, പി സി ജോര്‍ജ് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, മാണി സി. കാപ്പന്‍, ജോയി കുറ്റിയാനി,

പ്രൊഫ. സതീഷ് ചൊള്ളാനി, ബിനു പുളിയ്ക്കക്കണ്ടം, റോയി ഫ്രാന്‍സീസ്, പ്രസാദ് പെരുംമ്പള്ളി (രക്ഷാധികാരിമാര്‍) എബി ജെ. ജോസ് (ചെയര്‍മാന്‍), ടോണി തോട്ടം (കോ ഓഡിനേറ്റര്‍), ഡോ. സിന്ധുമോള്‍ ജേക്കബ്, സാംജി പഴേപറമ്പില്‍ (കണ്‍വീനര്‍) എന്നിവരടങ്ങുന്ന പ്രാഥമിക സമിതിക്ക് രൂപം നല്‍കി.

ഫോട്ടോ ശില്പി സെല്‍വരാജ്

പാലാ: മുപ്പത് വര്‍ഷക്കാലമായി ശില്പ നിര്‍മ്മാണ രംഗത്തു പ്രവര്‍ത്തിക്കുകയാണ് എറണാകുളം വെണ്ണല സ്വദേശിയായ കെ എസ് ശെല്‍വരാജ്. പ്രശസ്ത ശില്പി എം ആര്‍ ഡി ദത്തന്‍ മാഷിന്റെ ശിഷ്യനായിട്ടാണ് ശില്പ നിര്‍മ്മാണ രംഗത്ത് സജീവമായത്. 50ല്‍ പരം പ്രതിമകളും നിരവധി ശില്പങ്ങളും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ചാക്കോപിള്ള, സുബാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ പ്രതിമകള്‍ ഈ കാലയളവില്‍ ചെയ്തു. ശെല്‍വരാജ് തയ്യാറാക്കിയ വി കെ കൃഷ്ണമേനോന്റെ പ്രതിമ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സ്ഥാപിച്ചത് അടുത്ത കാലത്താണ്.

ശെല്‍വന്‍ ഏറ്റവും കൂടുതല്‍ ചെയ്തിരിക്കുന്നത് ഗാന്ധി പ്രതിമകളാണ്. മറ്റ് സാംസ്‌കാരികരാഷ്ട്രീയ ആധ്യാത്മികമത നേതാക്കളുടെയു പ്രതിമകള്‍ ഏറെയുണ്ട്. ത്രിപ്പൂണിത്തറ യൂണിയന്‍ ബാങ്കിന് സമീപമുള്ള ശെല്‍വന്റെ ഗാന്ധിപ്രതിമ അതില്‍ ശെല്‍വന് ഏറെ പ്രിയപ്പെട്ടതാണ്. അതിന് കാരണവുമുണ്ട്.

കേരളം സന്ദര്‍ശിച്ച് സമയത്ത് ഗാന്ധിജി പ്രസംഗിച്ച അതേ ഇടത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. എറണാകുളത്തും സമീപ ജില്ലകളിലുമായി നിരവധി സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശെല്‍വന്റെ സൃഷ്ടികള്‍ പ്രൗഡഗംഭീരമായി തലയുയര്‍ത്തിപ്പിടിച്ച് നില്‍പ്പുണ്ട്.

×