Advertisment

മകളെ കൊലപ്പെടുത്തയത് അമ്മയുടെ സീരിയല്‍ ഭ്രമം ? മകളെ കൊല്ലാന്‍ കാത്തിരുന്നത് നാലുദിവസം ! ഞട്ടല്‍ മാറാതെ നാട്ടുകാര്‍

New Update

കോട്ടയം:  ഉഴവൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ജീവനനെടുത്തത് അമ്മയുടെ സീരിയല്‍ ഭ്രമം. ജോലികഴിഞ്ഞ് വീട്ടിലെത്തുന്നു മുതല്‍ സാലി ടി.വിക്കു മുന്നിലാണ് ചെലവഴിച്ചിരുന്നത്. ഇതിനിടെ സ്‌കൂളില്‍നിന്ന് എത്തുന്ന മകള്‍ ചാനല്‍ മാറ്റുന്നതു സംബന്ധിച്ച് പലപ്പോഴും സാലി വഴക്കിട്ടിരുന്നു.

Advertisment

വാളയാറില്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവവും സാലിയെ അലട്ടിയിരുന്നതായി പോലീസ് സൂചിപ്പിച്ചു. മകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നും സാലി സംശയിച്ചിരുന്നു. മകളെ കൊലപ്പെടുത്തണമെന്ന് തീരുമാനിച്ചുറപ്പിച്ച സാലി നാലു ദിവസമാണ് ഇതിനു കാത്തിരുന്നത്.

publive-image

അതേസമയം, ഇവര്‍ക്ക് മാനസികദൗര്‍ബല്യമുണ്ടെന്ന കാര്യത്തില്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നു വ്യക്തമായിരുന്നു. തുടര്‍ന്നാണ് അമ്മ സാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ടി.വി. കണ്ടതിനാണ് മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നതെന്നാണ് സാലി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് പരസ്പരവിരുദ്ധമായി സംസാരിച്ച ഇവര്‍ പോലീസിനെ കുഴക്കി.

ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന എം.ജി. കൊച്ചുരാമന്‍ (കുഞ്ഞപ്പന്‍)- സാലി ദമ്പതികളുടെ മകള്‍ സൂര്യയെയാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്.

സൂര്യയുടെ സഹോദരന്‍ സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ സാലി വീട്ടില്‍ കയറ്റാന്‍ സമ്മതിച്ചില്ല. വിവരമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷിനെ കാര്യം അറിയിച്ചു.

സുരേഷും സമീപവാസികളും എത്തിയപ്പോള്‍ സൂര്യ ഉറങ്ങിയെന്നാണു സാലി പറഞ്ഞത്. പരിശോധനയില്‍ മുറിയിലെ കട്ടിലില്‍ സൂര്യയെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് സാലിയുടെ ഭര്‍ത്താവ് കൊച്ചുരാമന്‍. രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. സംഭവം നടക്കുമ്പോള്‍ സാലിയും സൂര്യയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്.

സൂര്യയെ ഇന്നലെ സ്‌കൂളില്‍ അയയ്ക്കാന്‍ സാലി സമ്മതിച്ചില്ലെന്നു സമീപവാസികള്‍ പറയുന്നു. ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞാണു സ്‌കൂളില്‍ അയയ്ക്കാതിരുന്നതെന്നു പറയപ്പെടുന്നു. കസ്റ്റഡിയിലെടുത്ത സാലിയെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Advertisment