Advertisment

പ്രളയമൊലിച്ചുപോയെങ്കിലും സ്‌നേഹ പ്രളയം നിലക്കുന്നില്ല...!!

author-image
സാലിം ജീറോഡ്
Updated On
New Update

ദാഹിച്ചുവലഞ്ഞ മിണ്ടാപ്രാണി നായക്ക് വെള്ളം കൊടുത്ത് സ്വര്‍ഗ്ഗപ്രവേശം നേടിയ ആളുടെ കഥ ചരിത്രത്തില്‍ നാം വായിച്ചിട്ടുണ്ട്. എന്നാല്‍ കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്ന നാടിന് ഒരു നായ കാരണം വെള്ളവും മറ്റു പുനരധിവാസ സഹായങ്ങളും ലഭ്യമായ അപൂര്‍വ കാഴ്ചയാണ് കൂമ്പാറ-കല്‍പിനിയിലേത്.

Advertisment

ഇക്കഴിഞ്ഞ മഹാ പ്രളയകാലത്ത്, ആഗസ്റ്റ് 6 നുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു ജീവനടക്കം വന്‍ നാശനഷ്ടങ്ങളാണ് കല്‍പിനിയില്‍ സംഭവിച്ചത്. അറുപതോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നുപോയിരുന്നു.

publive-image

തയ്യില്‍തൊടി പ്രകാശനെയും മകനെയും മരണം മാടി വിളിച്ചു. അവരുടെ വീട് നിശ്ശേഷം തകര്‍ത്തെറിയപ്പെട്ടെങ്കിലും വളര്‍ത്തുനായ 'ടുട്ടു'വും അവന്റെ കൂടും മാത്രം അവിടെ അവശേഷിച്ചു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് കല്‍പിനിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ചെങ്കുത്തായ മലമുകളില്‍ തൂത്തെറിയപ്പെട്ട അവരുടെ വീട്ടുപരിസരം ചോറ്റുപാത്രവും ബാഗും കുഞ്ഞുകുടയുമൊക്കെ ചിന്നിച്ചിതറി യുദ്ധക്കളമായിരിക്കുന്നു.

പറമ്പിന്റെ അറ്റത്ത് പാതി തകര്‍ന്ന പട്ടിക്കൂട്ടില്‍ ഒരനക്കം. വാതില്‍ തുറന്നിട്ട കൂട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ തന്റെ വീട്ടുകാരെയും കാത്ത് ഒറ്റപ്പെട്ട് സങ്കടപ്പെട്ടിരിക്കുന്ന 'ടുട്ടു'വായിരുന്നു അത്. മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ടുട്ടുവിന്റെ ആ സങ്കടച്ചിത്രം പകര്‍ത്തി ഫേസ്ബുക്കില്‍ ചെറിയൊരു കുറിപ്പിട്ടിരുന്നത് ഓര്‍ക്കുന്നില്ലേ? ഓണ്‍ലൈന്‍ പത്രങ്ങള്‍ അത് വാര്‍ത്തയാക്കുകയും ടൈംസ് ഓഫ് ഇന്ത്യയിലുമടക്കം ദേശീയ മാധ്യമങ്ങളില്‍ ആ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചിത്രം കണ്ട് ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഡയറക്ടര്‍ സാലിവര്‍മ അടക്കം നിരവധിയാളുകള്‍ വിളിച്ചു. ടുട്ടുവിനും കുടുംബത്തിനും, നാടിനും സഹായവാഗ്ദാനങ്ങളുമായി സുമനസ്സുകള്‍ മുന്നോട്ട് വന്നു. വിദേശമലയാളി കൂട്ടായ്മ നാല് കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കി. സന്നദ്ധസംഘടനകള്‍ ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളുമായി കല്‍പിനിയില്‍ സ്്‌നേഹപ്രളയം തീര്‍ത്തു.

വീട് നഷ്ടപ്പെട്ട മരിച്ച പ്രകാശന്റെ കുടുംബത്തിനും ഏതാനും പേര്‍ക്കും വീട് വെക്കാന്‍ സൗജന്യമായി സ്ഥലം നല്‍കാന്‍ മനുഷ്യസ്‌നേഹികള്‍ തയ്യാറായി. അവര്‍ക്കുള്ള വീടുകളുടെ പണി കൂടരഞ്ഞിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് മൂന്ന് തവണ കല്‍പിനിയില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗം മേരി തങ്കച്ചന്‍ പറഞ്ഞു.

publive-image

പ്രളയം കഴിഞ്ഞ് എട്ട് മാസം പിന്നിട്ടെങ്കിലും കല്‍പിനിയിലെ അറുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിയിരുന്നില്ല. സര്‍ക്കാര്‍ ഫണ്ടിനായി അവര്‍ യാചിച്ചു; പക്ഷേ ഫലമുണ്ടായില്ല. അപ്പോഴാണ് വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ന്ന കുടിവെള്ള പദ്ധതി പുനര്‍നിര്‍മിക്കാന്‍ തയ്യാറായി വന്നത്. പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച് ഒരു മാസത്തിനകം പണി പൂര്‍ത്തീകരിച്ച് അറുപത് കുടുംബങ്ങള്‍ക്ക് ദാഹജലമെത്തിച്ചു.

ഇന്ന് അതിന്റെ ഉദ്ഘാടനമായിരുന്നു...

വെല്‍ഫെയര്‍പാര്‍ട്ടിയുടെ സംസ്ഥാന അമരക്കാരന്‍ ഹമീദ് വാണിയമ്പലം കല്‍പിനിയിലെ വീട്ടമ്മക്ക് ദാഹജലം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

പാവങ്ങളായ കല്‍പിനിക്കാരുടെ ആനന്ദക്കണ്ണീര് കണ്ടപ്പോള്‍ സത്യത്തില്‍ കണ്ണുനിറഞ്ഞുപോയി......

ഒരു തുള്ളി ജീവനീരിനായി എട്ടു മാസമായല്ലോ അവര്‍ നിലവിളിക്കാന്‍ തുടങ്ങിയിട്ട്.... ആ പച്ചമനുഷ്യരുടെ കണ്ണീര്‍കാത്തിരിപ്പിന് വിരാമമാവുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു, അതിന്റെ ഭാഗമായതില്‍.

ഒറ്റ ക്ലിക്കില്‍ ടുട്ടുവിന്റെ സങ്കടച്ചിത്രം പകര്‍ത്തിയപ്പോള്‍ നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ പ്രകാശിക്കുമെന്ന് സ്വപ്‌നേപി വിചാരിച്ചിരുന്നില്ല... ദൈവത്തിന് സ്തുതി.

ടുട്ടുവിന്റെ സംഭവകഥകളറിഞ്ഞ യുവ എഴുത്തുകാരന്‍ മെഹദ് മഖ്ബൂല്‍ Mehd Maqbool ടുട്ടുവിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയൊരു നോവല്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നറിഞ്ഞതില്‍ സന്തോഷം. 'മഴവഴികള്‍' എന്ന പേരില്‍ നോവല്‍ ഉടന്‍ പുറത്തിറങ്ങും.

തന്റെ യജമാനും കുടുംബവും മടങ്ങിവരുമെന്ന പ്രതീക്ഷയിലാവണം ടുട്ടു ഇപ്പോഴും കല്‍പിനിയില്‍ തന്നെയുണ്ട്, തകര്‍ന്ന വീടിന് കാവലായി. കഥയിലെ ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളം നല്‍കി രക്ഷപ്പെടുത്തിയതിന്റെ നന്ദി പ്രകടനമായിരിക്കണം ഇന്ന് ടുട്ടുവിലൂടെ ഒരു നാടിന് മുഴുവന്‍ കുടിവെള്ളമെത്താനുള്ള സുകൃത ഹേതു.

Advertisment