ഷൈക്ക് അഹമ്മദ് ഹാജി സ്മാരക വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ജിൽന ജന്നത്തിന്

സമദ് കല്ലടിക്കോട്
Wednesday, March 27, 2019

മണ്ണാർക്കാട്:  മൗലാന ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ എൻ.ഷൈക്ക് അഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം പാഠ്യ-പാഠ്യേതര മേഖലയിലെ മികവിന്
ഏർപ്പെടുത്തിയ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരത്തിന് കെ.വി.ജിൽന ജന്നത്തിനെ തെരഞ്ഞെടുത്തു. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് ബി.എ അവസാന വർഷ വിദ്യാർത്ഥിനിയാണ് ജിൽന.

സംസ്ഥാന സ്കൂൾ കലോത്സവം, യൂണിവേഴ്സിറ്റി ഇന്റർ സോൺ മത്സരം തുടങ്ങിയവയിലെ വിജയിയും മികച്ച പ്രഭാഷകയുമാണ്. 2014 ലെ ശാന്തകുമാരൻ തമ്പി യുവസാഹിത്യ പുരസ്‌കാര ജേതാവാണ്‌. കേരള ചരിത്ര ഗവേഷണ കൗൺസിൽ ദേശീയ തലത്തിൽ നടത്തിയ പ്രബന്ധ രചന മത്സരം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന തല പ്രബന്ധ രചനാ മത്സരം എന്നിവയിലും ഒന്നാം സ്ഥാനം നേടി.

‘പനിനീർശലഭം’ എന്ന പേരിൽ കവിത സമാഹാരവും ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺ ലൈനിലും സമകാലികങ്ങളിലും വിവിധ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാതൃഭൂമി നടത്തിയ പ്രസംഗ മത്‌സരത്തിൽ സംസ്ഥാനത്തെ ടോപ് ടെൻ സ്‌പീക്കർമാരിലൊരാളായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.എസ്.എഫ് ഹരിതാ വിംഗ് ജില്ലാ പ്രസിഡണ്ടായ ജിൽന ജന്നത്ത് പ്രാദേശിക ചാനലുകളിൽ വാർത്താ അവതാരകയായും എം.ഇ.എസ് കല്ലടി കോളേജ് യൂണിയൻ സ്റ്റുഡന്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കെ.വി.മുജീബ് റഹ്മാന്റെയും നസീമയുടെയും പുത്രിയാണ്.അയ്യായിരം രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. ഷൈക്ക് അഹമ്മദ് ഹാജിയുടെ രണ്ടാം ചരമവാർഷിക ദിനമായ 29 ന് വടശ്ശേരിപ്പുറം ഗവ.ഹൈസ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ അവാർഡ് സമ്മാനിക്കും.സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

×