Advertisment

'എന്റെ കറി എന്റെ മുറ്റത്ത്' പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ വീടുകളില്‍ വിളയിച്ചെടുത്തത് മൂന്നര ടണ്‍ പച്ചക്കറി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സ്ഥല പരിമിതി മൂലം വീടുകളില്‍ ആണ് 'എന്റെ കറി എന്റെ മുറ്റത്ത്' പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ വിഷ രഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പദ്ധതിയിലൂടെ മൂന്നര ടണ്‍ പച്ചക്കറികള്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ വിളയിച്ചെടുത്തു.

Advertisment

ജൈവ പച്ചക്കറികള്‍ വീടുകളില്‍ ഉല്‍പ്പാദിപ്പിച്ച് വിഷ ലിപ്ത പച്ചക്കറികളെ പടിക്കു പുറത്ത് നിര്‍ത്തുക, പച്ചക്കറി കൃഷിയില്‍ താല്‍പര്യം വളര്‍ത്തി കൃഷിയില്‍ സ്വാശ്രയത്വബോധം സ്യഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ നടപ്പിലാക്കിയ 'എന്റെ കറി എന്റെ മുറ്റത്ത്' പദ്ധതിയില്‍ ഒന്നാം ക്ലാസ്സുകാരന്‍ കെ. മുഹമ്മദ് ഫസലിന് കുട്ടിക്കര്‍ഷകന്‍ പുരസ്‌കാരം.

publive-image

എടത്തനാട്ടുകര നാലുകണ്ടം സ്വദേശി കൂരിക്കാടന്‍ പാലമണ്ണ ഹനീഫ - സുലൈഖ ദമ്പതികളുടെ മകനായ മുഹമ്മദ് ഫസല്‍ മാതാപിതാക്കളുടെ സഹായത്തോടെ നാല്‍പ്പത് സെന്റ് സ്ഥലത്തെ 62 റബ്ബര്‍ മരങ്ങളുടെ തല വെട്ടിമാറ്റി അതിലാണ് ജൈവ പച്ചക്കറി കൃഷി ചെയ്തത്.

പയര്‍, പടവലം, പാവല്‍, കൂര്‍ക്ക, ചിരങ്ങ, വെണ്ട, വഴുതന, പീച്ചിങ്ങ, തക്കാളി, തീറ്റപ്പുല്‍, കറിവേപ്പ്, ആറ്റുനേന്ത്ര, റോബസ്റ്റ, മൈസൂര്‍ പൂവന്‍ എന്നിങ്ങനെ വിവിധ തരം വാഴകള്‍, കുള്ളന്‍ തെങ്ങ്, ഡി. ജെ എന്നിങ്ങനെ വിവിധ ഇനം തെങ്ങുകള്‍, വിവിധ ഇനം കവുങ്ങുകള്‍ എന്നിവയെല്ലാം ഫസലിന്റെ കൃഷിത്തോട്ടത്തിലുണ്ട്.

തുള്ളി നന സംവിധാനം, പഴയീച്ചക്കെണി, ഫെറോമോണ്‍ കെണി അടക്കമുള്ള ജൈവ കീട നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയും മാതാപിതാക്കളുടെ സഹായത്തോടെ ഫസല്‍ തോട്ടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

publive-image

സ്‌കൂള്‍ വാര്‍ഷികത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. അഫ്‌സറ ഫസലിനു കുട്ടിക്കര്‍ഷകന്‍ പുരസ്‌കാരം സമ്മാനിച്ചു.

നവീന ജൈവ കൃഷി രീതികള്‍ അടുത്തറിയുക, കാര്‍ഷിക ഉപകരണങ്ങളും കീട നിയന്ത്രണോപാധികളും പരിചയപ്പെടുക വഴി പച്ചക്കറി കൃഷിയില്‍ താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ മന്ത്രിസഭയിലെ കൃഷി വകുപ്പിനു കീഴില്‍ ഫസലിന്റെ ജൈവ പച്ചക്കറിത്തോട്ടത്തിലേക്ക് ഫീള്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു.

അധ്യാപകരായ പി. അബ്ദുസ്സലാം, സി. കെ. ഹസീനാ മുംതാസ്, എന്‍. അലി അക്ബര്‍, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യൂട്ടി ലീഡര്‍ സി. അനഘ എന്നിവര്‍ ഫീല്‍ഡ് ട്രിപ്പിന് നേത്യത്വം നല്‍കി.

Advertisment