കെ പി സി സി യുടെ ‘പ്രിയദർശിനി’ പുസ്തകശാല പാലക്കാട് ഉദ്ഘാടനം ചെയ്തു

സമദ് കല്ലടിക്കോട്
Wednesday, March 13, 2019

വായനയുടെ സാംസ്ക്കാരിക സമീപനവും ഉൾക്കാഴ്ചയും കൈയെത്തും ദൂരത്തൊരുക്കി പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പാലക്കാട് ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഒലവക്കോട് മലമ്പുഴ റോഡിൽ ലാലു ടവറിലാണ് പുതിയ പുസ്തകശാല. സർഗാത്മക സാഹിത്യത്തിലെയും വൈജ്ഞാനിക മേഖലയിലെയും പ്രിയദർശിനിയുടെ മുന്നൂറോളം കൃതികൾക്ക് പുറമെ മറ്റു പുസ്തകങ്ങളും വില്പനയ്ക്കുണ്ടാകും.

കേവലം പുസ്തകശാല എന്ന രീതിയിലല്ല, സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രം എന്ന നിലയിൽ കൂടിയാണ് ഈ പുസ്തകശാല പ്രവർത്തിക്കുക. പ്രിയദർശിനി സംഘാടകനും സായാഹ്നം പത്രം മാനേജിങ് ഡയറക്ടറുമായ അസീസ്മാസ്റ്റർ എഴുതിയ മൂന്നാമത്തെ പുസ്തകം ‘ഖസാക്കിന്റെ പുനർവായനകൾ’ ചടങ്ങിൽ പ്രകാശനം ചെയ്തു.

വായനയുടെ വസന്തമായി,അക്ഷരകലയുടെ ചൈതന്യമായി ഒരു പതിറ്റാണ്ടു മുമ്പാണ് കെ പി സി സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ആരംഭിച്ചത്. മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

ഡോ.എം.ആർ തമ്പാൻ അധ്യക്ഷനായി. മലയാളം യൂണിവേഴ്സിറ്റി പ്രൊഫ.സി.ഗണേഷ്,ഡോ.പി.സരിൻ,ഹാജി മുഹമ്മദ് കുട്ടി,പി.മോഹനകുമാരൻ,മുൻ മന്ത്രി വി.സി.കബീർ തുടങ്ങിയവർ പ്രസംഗിച്ചു.പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കർത്താട്ട് ബാലചന്ദ്രൻ,ഗാന്ധിയൻ ആശയ പ്രചാരകൻ കെ.എ.ചന്ദ്രൻ എന്നിവരെ ആദരിച്ചു.

×