ഷാജഹാൻ എന്ന പോലീസുകാരന്റെ സൈക്കിൾ പര്യടനം. അപകടങ്ങൾക്കെതിരെ ബോധവൽക്കരണവുമായി

സമദ് കല്ലടിക്കോട്
Thursday, February 21, 2019

പകടങ്ങൾക്കെതിരേ ബോധവത്കരണവുമായി ഷാജഹാൻ സൈക്കിൾ ചവിട്ടുകയാണ്. 14 ദിവസം കൊണ്ട് 14 ജില്ലകളിലായി 1645 കിലോമീറ്റർ സഞ്ചരിക്കുയാണ് നാൽപതുകാരനായ ഷാജഹാൻ എന്ന പോലീസുകാരന്റെ ലക്ഷ്യം. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എ.ഷാജഹാനാണ് ഈ വ്യക്തി.

കുണ്ടറ സ്റ്റേഷനില്‍നിന്ന് കഴിഞ്ഞ 10-ന് തുടങ്ങിയ യാത്ര മണ്ണാർക്കാട്ടെ സ്വീകരണ ശേഷമാണ് കല്ലടിക്കോട് എത്തിയത്. കല്ലടിക്കോട് ജനമൈത്രിപോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദർശനകോളേജ് വിദ്യാർത്ഥികളും നാട്ടുകാരും ഷാജഹാനെ വരവേറ്റു. സൈക്കിളിന്റെ മുന്നിലും പിന്നിലും ബോര്‍ഡുകളില്‍ ബോധവത്കരണസന്ദേശങ്ങള്‍ തൂക്കിയിട്ടുണ്ട്.

സുരക്ഷാ സംബന്ധിച്ചുള്ള നോട്ടീസ് വിതരണവും അല്പനേരത്തെ സംസാരവും. ഇതാണ് ഷാജഹാന്റെ രീതി. ദിവസേന 40 കി. മീറ്റര്‍ സൈക്കിളില്‍ യാത്രചെയ്താണ് ബോധവത്കരണസന്ദേശം പ്രചരിപ്പിക്കുന്നത്. നിരവധി ജീവനുകള്‍ റോഡില്‍ പൊലിയുന്നത് സാമൂഹികവിപത്താണെന്നും ഓരോ കുടുംബത്തില്‍നിന്നും ബോധവത്കരണം തുടങ്ങണമെന്നും ഷാജഹാന്‍ പറഞ്ഞു.

അനേക അപകടങ്ങളും അതിലൂടെ കണ്ട തീരാത്ത വേദനയും കണ്ണീരുമാണ് ഇത്തരമൊരു യാത്രയ്ക്ക് ഷാജഹാനെ പ്രേരിപ്പിച്ചത്. മൂന്നുവര്‍ഷമായി വീട്ടില്‍നിന്ന് 20 കി.മീറ്റര്‍ അകലെയുള്ള സ്റ്റേഷനിലേക്കെത്തുന്നതും മടങ്ങുന്നതും സൈക്കിളിലാണ്. ഈ യാത്രയാണ് ജീവന്‍രക്ഷായാത്രയില്‍ തളര്‍ച്ചയില്ലാതെ ഷാജഹാന് കരുത്തായത്.

14 ജില്ലകളിലൂടെ 1645 കി.മീറ്റര്‍ സഞ്ചരിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. അത് ഏതാണ്ട് പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ഷാജഹാന്‍. ഇനി ബാക്കിയുള്ളത് ആറുജില്ലകളിലെ പര്യടനം മാത്രം. കല്ലടിക്കോട്ടെ സ്വീകരണ യോഗത്തിൽ അഡീഷണൽ എ.എസ്.ഐ അൻവർ, ജനമൈത്രി സി ആർ ഒ രാജ്‌നാരായണൻ, പ്രസിഡന്റ് സമദ്, സിപിഒ ഉല്ലാസ്, പ്രമോദ് പാറക്കാൽ,ഇസ്മായിൽ, ദർശനകോളേജ് പ്രിൻസിപ്പൽ രാധാകൃഷ്ണൻ, പോലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

×