Advertisment

അട്ടപ്പാടിയിലെ പ്രളയ ഭൂമിയിൽ കൈത്താങ്ങായി ടീം വെൽഫെയർ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ട്ടപ്പാടിയിൽ തികച്ചും ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ഷോളയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന കൊല്ലങ്കാട്, മാറനാട്ടി ഊരുകൾ. പ്രളയം തീർത്ത ദുരിതം ഈ ഊരുകളെ അക്ഷരാർത്ഥത്തിൽ പുറം ലോകവുമായി ബന്ധമില്ലാത്ത അവസ്ഥയിലാക്കിയിരിക്കുന്നു. കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഊരുകളിലെ പാതകളും വീടുകളും തകർന്നിട്ടുണ്ട്. മണ്ണ് വന്നടിഞ്ഞ് നടപ്പാതകൾ പോലും മൂടപ്പെട്ടിരിക്കുന്നു. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വീണ് ഒരാഴ്ചയായി ഇവിടത്തുകാർ ഇരുട്ടിലാണ്.

Advertisment

publive-image

ജങ്ഷനിൽ നിന്ന് വാങ്ങി 4 കിലോമീറ്ററോളമുള്ള കയറ്റത്തിൽ തലച്ചുമടായ് നടന്നാണ് ഇവിടത്തുകാർ സാധനങ്ങൾ വീടുകളിൽ എത്തിക്കാർ. പ്രധാന ജങ്ഷനിലേക്ക് പ്രവേശിക്കാനായി ഈയടുത്ത് വരെ പുഴക്ക് മുകളിലൂടെ തൂക്കുപാലം പോലും ഇല്ലായിരുന്നു. ഗർഭിണികളെ ചികിത്സിക്കാനായി ഡോക്ടറെ റോപ് വേയിൽ വരെ കൊണ്ടുവന്ന അവസ്ഥ ഉണ്ടായിരുന്നു.

മലയർ വിഭാഗത്തിലെ ആദിവാസി വിഭാഗങ്ങൾക്കു പുറമെ തെക്കൻ ജില്ലകളിൽ നിന്നും കുടിയേറിപ്പാർത്തവരാണ് ഇവിടെയധികമുള്ളതും. വന്യമൃഗങ്ങളുടെ ശല്യം നന്നായി അനുഭവിക്കുന്ന പ്രദേശങ്ങളാണിത്.

രാവിലെ മുതൽ കൊല്ലങ്കാട്, മാറനാട്ടി ഊരുകളിലെ പാതകൾ സഞ്ചാരയോഗ്യമാക്കാൻ വിയർപ്പൊഴുക്കുകയായിരുന്നു ടീം വെൽഫെയർ വളണ്ടിയർമാർ. മണ്ണ് വന്നടിഞ്ഞും മരങ്ങൾ വീണും പോസ്റ്റുകൾ പൊട്ടി വീണും തകർന്ന പാതകൾ അവർ സഞ്ചാരയോഗ്യമാക്കി.കവുങ്ങുകൾ വെച്ച് ചെറിയ നടപ്പാലങ്ങൾ പണിതു. ദുരിത ഭൂമിയിൽ സഹനം കൊണ്ട് സ്നേഹം പണിയുകയായിരുന്നു അവർ.

അങ്ങേയറ്റം വഴുക്കലും പൂന്തലും നിറഞ്ഞ മണ്ണിൽ അതി സാഹസമായാണ് വളണ്ടിയർമാർ പണിയെടുത്തത്. റവന്യൂ ഉദ്യോഗസ്ഥരും പ്രദേശവാസികളും വളണ്ടിയർമാർക്കൊപ്പം പ്രവർത്തനങ്ങളിലേർപ്പെട്ടു.

publive-image

റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് ടീം വെൽഫെയർ വളണ്ടിയർമാർ ശ്രമദാനത്തിനായി ഷോളയൂരിൽ എത്തിയത്. ഉരുൾപൊട്ടലിലും മറ്റും വീടുകളുടെ പിറകിൽ വന്നടിഞ്ഞ മണ്ണ് നീക്കി വെള്ളം ഒഴുക്കാൻ വളണ്ടിയർമാർ കീറിയ ചാലുകൾ വീട്ടുകാരുടെ മനസുകളിൽ ആശ്വാസത്തിന്റെ നീരുറവകളാണ് സൃഷ്ടിച്ചത്.

വെൽഫെയർ പാർട്ടി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി മിർസാദ് റഹ്മാൻ, ജില്ല ജനറൽ സെക്രട്ടറി എം.സുലൈമാൻ, ടീം വെൽഫെയർ സംസ്ഥാന വൈസ് ക്യാപ്റ്റൻ പി.ലുഖ്മാൻ, ജില്ല ക്യാപ്റ്റൻ ബാബു തരൂർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ,അഗളി സ്പെഷ്യൽ റവന്യൂ ഓഫീസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പള്ളത്ത്, സൈദ് മണ്ണാർക്കാട്, മുജീബ് പാക്കത്ത്, അബ്ദുല്ല, സത്താർ ആലത്തൂർ എന്നിവർ നേതൃത്വം നൽകി.

ജില്ലയിലെ വളണ്ടിയർമാർക്ക് പുറമെ മലപ്പുറം മങ്കടയിൽ നിന്നുള്ള പ്രവർത്തകരും സദുദ്യമത്തിൽ പങ്കാളികളായി.പ്രവർത്തനങ്ങളിലുടനീളം ഫ്രറ്റേണിറ്റി പ്രവർത്തകരായ വിദ്യാർത്ഥി - യുവജനങ്ങളുടെ സജീവ സാന്നിധ്യം പ്രത്യേക ശ്രദ്ധയാകർഷിച്ചു. 50 ഓളം വളണ്ടിയർമാരാണ് വർക്കിൽ അണിനിരന്നത്.

ടീം വെൽഫെയറിന്റെ തുല്ല്യതയില്ലാത്ത പ്രവർത്തനത്തിന് റവന്യൂ ഉദ്യോഗസ്ഥർ കൃതജ്ഞത രേഖപ്പെടുത്തി. മനുഷ്യവിഭവങ്ങൾക്ക് സാധിക്കുന്നതിലുമപ്പുറമുള്ള പ്രവർത്തനങ്ങൾ ടീം വെൽഫെയർ കാഴ്ചവെച്ചെന്ന് അവർ പറഞ്ഞു. വരും ദിനങ്ങളിൽ അട്ടപ്പാടിയിലെ കൂടുതൽ ഊരുകളിൽ പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ടീം വെൽഫെയർ ജില്ല കമ്മിറ്റിയുടെ തീരുമാനം.

Advertisment