കാൽപ്പന്തുകളിയിലെ വിസ്മയങ്ങളായ നെയ്മറും റൊണാൾഡോയും ഇന്ന് ഖത്തറിന്റെ മണ്ണിൽ പോരിനിറങ്ങും, ബ്രസീൽ സെർബിയയെയും പോർച്ചുഗൽ ഘാനയെയും നേരിടും, അട്ടിമറികൾ തുടർച്ചയായ അറേബ്യൻ മണ്ണിൽ വൻമരങ്ങളായ ബ്രസീലും പോർച്ചുഗലും എത്രമേൽ സുക്ഷിതരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം !

New Update

ദോഹ : കാൽപ്പന്തുകളിയിലെ എക്കാലത്തെയും വിസ്മയങ്ങളായ നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ന് കളിക്കളത്തിലിറങ്ങുമ്പോൾ ഫുട്‌ബോൾ ആരാധകരുടെ ആവശേം ഇന്ന് അണപ്പൊട്ടും. ഗ്രൂപ്പ് ജിയിൽ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. ഘാനയാണ് ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ.

Advertisment

publive-image


നെയ്മർ മുതൽ ക്രോസ്ബാറിന് കീഴിൽ അലിസൺ ബെക്കർവരെ ഏറ്റവും മികച്ച താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ഏഷ്യാവൻകരയിൽ ഒരിക്കൽ കൂടി ലോകകിരീടം ഉയർത്താമെന്ന പ്രതീക്ഷയിലാണ്. ലാറ്റിനമേരിക്കയിൽ നിന്ന് ഇത്തവണ ആദ്യമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച നിലവിലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരാണ് നെയ്മറും സംഘവും.


നെയ്മറിനേയും ഡാനി ആൽവസിനേയും തിയാഗോ സിൽവയേയും ജീസസിനേയും പോലുള്ള പരിചയ സമ്പന്നർക്കൊപ്പം യുവരക്തത്തിലും വിശ്വാസം അർപ്പിച്ചാണ് ടിറ്റെ ലോകകപ്പിന് ടീമിനെ ഒരുക്കിയത്. 26 അംഗ ടീമിലെ 16 പേരുടേയും ആദ്യ ലോകകപ്പാണ് ഇത്. വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, റോഡ്രിഗോ, എഡർ മിലിറ്റോ, ബ്രൂണോ ഗുയിമാറസ്, അന്റണി തുടങ്ങി യൂറോപ്യൻ ക്ലബുകളിലെ യുവ സെൻസഷനുകളേയെല്ലാം ടിറ്റെ ഖത്തറിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ മലർത്തിയടിച്ച് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഖത്തറിലേക്ക് ടിക്കറ്റെടുത്തവരാണ് സെർബിയക്കാർ. അയാക്‌സ് താരമായ ക്യാപ്ടൻ സുഡാൻ ടാഡിച്ചും ഫുൾഹാമിന്റെ അലക്‌സാണ്ടർ മിട്രോവിച്ചുമെല്ലാം അണിനിരക്കുന്ന സെർബിയ ഏതുവമ്പൻമാരെയും വീഴ്ത്താൻ കെല്പുള്ളവരാണ് സൗദി അറേബ്യൻ സംഘത്തിന് മുന്നിൽ അർജന്റീന കൂപ്പുകുത്തിയത് സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന പാഠമാണ് അയൽക്കാരായ ബ്രസീലിന് നൽകുന്നത്.


ഫിഫ റാങ്കിംഗിൽ ബ്രസീൽ -1, സെർബിയ -21 എന്നിങ്ങനെ സ്ഥാനങ്ങളിലാണ്. നേർക്കുനേർ പോരാട്ടങ്ങളിൽ ബ്രസീലിനാണ് മുൻതൂക്കം. ഇതുവരെ മുഖാമുഖം വന്നിട്ടുള്ള രണ്ട് മത്സരങ്ങളിലും ബ്രസീൽ ജയിച്ചു. കഴിഞ്ഞ ലോകകപ്പിലും പ്രാഥമിക റൗണ്ടിൽ ഇരുടീമും ഒരുമിച്ചായിരുന്നു.


publive-image

അന്ന് 2-0 ത്തിനായിരുന്നു ബ്രസീലിന്റെ ജയം. 22-ാം ലോകകപ്പിനാണ് ബ്രസീൽ വരുന്നത്. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും കളിച്ച ഒരേ ഒരു ടീം ബ്രസീലാണ്. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യവും ബ്രസീൽ തന്നെ. 5 തവണ (1958, 1962,1970,? 1994, 2002). ഇതിന് മുമ്പ് ഏഷ്യ വേദിയായ ഒരേഒരു ലോകകപ്പിലും (2002, ജപ്പാൻ-കൊറിയ) ബ്രസീലായിരുന്നു ചാമ്പ്യൻമാർ.

അതിന് ശേഷം ലോകകപ്പ് ഫൈനലിലെത്താൻ ബ്രസീലിനായിട്ടില്ല. ലോകകപ്പിൽ അവസാനം കളിച്ച15 ഗ്രൂപ്പ് മത്സരങ്ങളിലും ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല. ലോകകിരീടം മുപ്പത്തിയേഴാം വയസിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയെന്ന ഇതിഹാസം ഉയർത്തുമെന്ന ഉറച്ച വിശ്വാസത്തിൽ പോർച്ചുഗൽ ഇന്ന് ആദ്യ പോരിനിറങ്ങുന്നത്.

അഞ്ചാം ലോകകപ്പിനൊരുങ്ങുന്ന ക്രിസ്റ്റ്യാനൊ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ ഏറ്റവും വലിയ ആത്മവിശ്വസം. ബ്രൂണോ ഫെർണാണ്ടസ്, വെറ്റ്‌റൻ ഡിഫൻഡർ പെപ്പെ, ഡിയാഗോ ഡാലോട്ട്, റൂബൻ ഡിയാസ്, ജാവോ ഫെലിക്‌സ്, റാഫേൽ ലിയോ, റൂയി പട്രീഷ്യ തുടങ്ങിയവർ കൂടി റൊണാൾഡോയ്‌ക്കൊപ്പം ചേരുമ്പോൾ പോർച്ചുഗൽ അതിശക്തരായി മാറും.

ഫെർണാണ്ടോ സാന്റോസ് എന്ന ചാണക്യൻ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. ഫൈനലിൽ റൊണാൾഡോയ്ക്ക് അധികസമയം കളിക്കാൻ കഴിയാതെ വന്നിട്ടും 2016 ലെ യൂറോകപ്പിൽ പോർച്ചുഗലിനെ ക്കൊണ്ട് മുത്തമിടീച്ച സാന്റോസിൽ ടീമിനും ആരാധകർക്കും വലിയ വിശ്വാസമുണ്ട്.

ഇനാകി വില്യംസും തോമസ് പാർട്ടെയും ആന്ദ്രേ അയൂവും എല്ലാം അണിനിരക്കുന്ന ഘാന അപകടകാരികളാണ്. അസമാവോ ഗ്യാൻ എന്ന സൂപ്പർ താരത്തിന്റെ ചിറകിലേറി 2010ൽ സ്വപ്നക്കുതിപ്പ് നടത്തിയ ഘാന ക്വാർട്ടറിൽ ഉറുഗ്വെയ്‌ക്കെതിരെ സുവാരസിന്റെ കൈകൊണ്ടുള്ള കളിയിൽ ഇടറി വീഴുകയായിരുന്നു.

ക്വാർട്ടറിൽ ഗ്യാൻ തന്നെ നഷ്ടമാക്കിയ പെനാൽറ്റി അവർക്ക് പുറത്തേക്കുള്ള വഴിയായി. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ കഴിയാതിരുന്ന ഘാന ഇത്തവണ ആഫ്രിക്കൻ വമ്പൻമാരായ നൈജീരിയയെ തകർത്തെറിഞ്ഞാണ് ഖത്തറിലേക്കെത്തുന്നത്. ഫിഫ റാങ്കിംഗിൽ പോർച്ചുഗൽ -9, ഘാന - 61 എന്നിങ്ങനെ സ്ഥാനങ്ങളിലാണ്.

(ശരത് മൂള്ളൂര്‍ ലോകകപ്പ് വേദിയില്‍ നിന്നും)

Advertisment