വാർധക്യ മാതാവിന് നേരിടേണ്ടി വന്ന ക്രൂരത; ചെകുത്താന്മാർ എന്നു പറഞ്ഞാൽ പോലും കുറഞ്ഞു പോകും, അമ്മയെ പോലും വെറുതെ വിടാത്ത നികൃഷ്‌ടജന്മങ്ങൾ!; യുവ അധ്യാപികയുടെ കുറിപ്പ് വൈറല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, August 5, 2020

കൊച്ചി: കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരിയില്‍ വയോധികയെ ക്രൂരമായി പീഡനത്തിനിരയാക്കിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. പീഡനത്തിനിരയായ വൃദ്ധയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതികരണവുമായി യുവ അധ്യാപിക ഡോ. അനൂജ ജോസഫ് രംഗത്തെത്തി.

കുറിപ്പ് ഇങ്ങനെ..

75വയസ്സുള്ള അമ്മാമ്മയുടെ മേൽ നടത്തിയ ക്രൂരത വായിക്കുമ്പോൾ മനസ്സ് വല്ലാണ്ട് നീറുന്നു. അവരുടെ ശരീരത്തെക്കാളുമുപരി മനസ്സിനേറ്റ മുറിവുണക്കാൻ കാലത്തിനു മാത്രമേ കഴിയുള്ളു. എറണാകുളത്തെ കോഴഞ്ചേരി ഭാഗത്തു വാർധക്യ മാതാവിന് നേരിടേണ്ടി വന്ന ക്രൂരത, ചെകുത്താന്മാർ, എന്നു പറഞ്ഞാൽ പോലും കുറഞ്ഞു പോകും. അമ്മയെ പോലും വെറുതെ വിടാത്ത നികൃഷ്‌ടജന്മങ്ങൾ!

ആന്തരികാവയവങ്ങൾക്കു പോലും പരിക്കേറ്റിട്ടുണ്ടെന്നു കേൾക്കുന്നു, ആ അമ്മയുടെ മനസ്സോർത്തു കണ്ണു നിറയുന്നു. ക്രൂരതകൾ കൂടി വരുന്നു ദിനം പ്രതി, മദ്യവും മയക്കുമരുന്നും എന്നു വേണ്ട കാരണങ്ങൾ നിരവധി, ജീവിത സായാഹ്നത്തിൽ ഒറ്റക്കായവരും, ഒറ്റക്കാക്കപെട്ടവരുമായ ഒരു സമൂഹം നമുക്ക് ചുറ്റിലുമുണ്ട്.

അവരുടെ സംരക്ഷണം ചോദ്യചിഹ്നമായി മാറരുത്. ഭയമില്ലാതെ ജീവിക്കാൻ അവർക്കും കഴിയണം. കണ്ണിൽ ചോരയില്ലാത്ത ക്രൂരത കാണിച്ചവർക്കു, തെല്ലും മനസ്സാക്ഷിയില്ലാതെ നിയമ വിധി നടപ്പിലാക്കണം.

നാളെ ഒരാൾക്കും ഒരാളുടെയും മാനാഭിമാനത്തിന്റെമേൽ കത്തി കാണിക്കാൻ തോന്നരുത്.
സ്ത്രീശാക്തീകരണം കേവലം വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ് നമ്മുടെ ശാപം. സംരക്ഷണം പോലും ഉറപ്പു വരുത്താൻ കഴിയാത്ത നമ്മുടെ സമൂഹം.

സാംസ്‌കാരിക കേരളമെന്നതു കേവലം സ്വപ്നങ്ങളിൽ മാത്രമായി, ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഒക്കെയായി കേട്ടിരുന്ന ഭീതിപെടുത്തിയ ഓരോ വാർത്തകളും ഇന്നിതാ നമുക്ക് ചുറ്റിലും. സംരക്ഷണം ആവശ്യം, ലിംഗഭേദമില്ലാതെ ഏവരും സംരക്ഷിക്കപ്പെടുന്ന മാറ്റം അനിവാര്യം.

×