Advertisment

നീ എന്റെ ചക്കരയല്ലേ ഞാൻ നിന്റെ തേനല്ലേ പിന്നെ നമുക്കെല്ലാം ഒന്നെന്നുള്ള സമവാക്യമൊക്കെ കൊള്ളാം, സ്നേഹബന്ധങ്ങൾ വീഞ്ഞു പോലെ കാലപഴക്കത്തിലും വീര്യമുള്ളതായി തുടരുന്നുവെങ്കിൽ മാത്രം; യുവ അധ്യാപിക ഡോ അനൂജ ജോസഫിന്റെ കുറിപ്പ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലത്ത് കാമുകന്റെ വഞ്ചനയില്‍ ആത്മഹത്യ ചെയ്ത റെംസിയുടെയും കായംകുളത്ത് മരിച്ച അര്‍ച്ചനയുടെയും മരണത്തില്‍ യുവ അധ്യാപിക ഡോ അനൂജ ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ

"ഐസ്ക്രീം ആയാലും കുറച്ചു കഴിഞ്ഞാ മടുക്കില്ലേ ടീച്ചറെ"

സീസൺ മാറുന്നത് പോലെ പ്രണയത്തിലും പലരും പുതുമ തേടിപ്പോകുന്നതു ക്യാമ്പസുകളിൽ പതിവുള്ളതാണെങ്കിലും എന്റെയൊരു വിദ്യാർത്ഥി തമാശരൂപേണ പറഞ്ഞ വാക്കുകളാണ് മേല്പറഞ്ഞവ.

എന്റെ ദൈവമേ ജീവിതം തുടങ്ങിയിട്ടു പോലുമില്ലാത്ത ഈ പിള്ളേരുടെ മനോഭാവം ഇതാണല്ലോയെന്നു ചിന്തിക്കാതെയുമിരുന്നില്ല.മാംസനിബദ്ധമല്ലനുരാഗം ഇതൊക്കെ ഇനി കേവലം വർണനകൾ മാത്രം ആയി അവശേഷിക്കുമല്ലോ!

ഇന്നിന്റെ മാറ്റങ്ങൾ ചിലതൊക്കെ വേദനാജനകമെന്നു പറയാതിരിക്കാൻ വയ്യ.

വിവാഹത്തിന് മുൻപുള്ള സെക്സ് പാപമാണെന്നുള്ള മുൻതലമുറയുടെ ഉപദേശങ്ങൾ ചിലതൊക്കെ ശരിവയ്ക്കുന്ന തരത്തിലാണ് ഇന്നു നടക്കുന്ന പല അനിഷ്‌ട സംഭവങ്ങളും വെളിപ്പെടുത്തുന്നതും.

വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ പ്രണയിതാവിന് കാലം സമ്മാനിക്കുന്ന മടുപ്പ്, ഒരു സിനിമ കുറെ പ്രാവശ്യം കണ്ടാ പിന്നെ എന്തു പുതുമ! എന്നു ചിന്തിക്കുന്ന റോബോട്ടു കുഞ്ഞുങ്ങളോട്, കാലം കടന്നു പോകുമ്പോഴും വീര്യം കൂടുന്ന വീഞ്ഞാണ് സ്നേഹമെന്നും പ്രണയമെന്നും തിരിച്ചറിയാത്ത വിഡ്ഢികൾ, ആ സ്നേഹത്തിനു പകരം കാമം മാത്രമായി തീരുമ്പോൾ മടുപ്പ് തോന്നുന്നത് സ്വഭാവികം.

അയ്യോ അവളെന്നെ ഇട്ടേച്ചു പോയെ, അവൻ എന്നെ ഇട്ടേച്ചു പോയെ, തീർന്നു എല്ലാം തീർന്നു. ഇനി ജീവിതമില്ലെന്നു കരുതുന്നവരെ നിങ്ങൾ വിഡ്ഢികൾ എന്നു സ്വയം സാക്ഷ്യപ്പെടുത്തുവാണോ.

വേദനയുടെ പാരമ്യതയിൽ എത്തിക്കഴിഞ്ഞാൽ പിന്നെവിടുന്നൊരു മടക്കം അതാണവശ്യം അല്ലാതെ സ്വയം എരിഞ്ഞടങ്ങിയിട്ടു എന്തു കാര്യം. അപ്പനും അമ്മയ്ക്കും കൊച്ചില്ല, അതിൽകൂടുതലൊന്നും സംഭവിക്കില്ല, എല്ലാവരും അവനവന്റെ ജീവിതത്തിരക്കിലും മുന്നോട്ടു പോകും.

"വേണ്ട എനിക്കാരും" എന്നൊക്ക ചിന്തിച്ചു ഇടങ്ങേറാക്കാണ്ട് അവനവനു ദാനം കിട്ടിയ ജീവിതം നന്നായിട്ടു ജീവിച്ചു തീർക്കുക. "അയ്യോ അവനില്ലെങ്കിൽ, അവളിലെങ്കിൽ എനിക്ക് പറ്റത്തില്ല",

ഈ അവളും അവനുമൊക്കെ ജനിച്ചപ്പോഴേ കൂടെ വന്നവരൊന്നുമല്ലല്ലോ ഭൂമിയിൽ പിറന്നു വീണതിൽ പിന്നുണ്ടായ ബന്ധങ്ങൾ മാത്രം. അർത്ഥശൂന്യമായ ചിന്തകൾ ഒഴിവാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുക. ഇനിയൊരു റംസിയായും അർച്ചനയുമൊക്കെയായി, ആരും മാറരുത്. വിഡ്ഢിത്തരം കാട്ടി ജീവിതം നശിപ്പിക്കാതിരിക്കു.

നീ എന്റെ ചക്കരയല്ലേ ഞാൻ നിന്റെ തേനല്ലേ പിന്നെ നമുക്കെല്ലാം ഒന്നെന്നുള്ള സമവാക്യമൊക്കെ കൊള്ളാം, സ്നേഹബന്ധങ്ങൾ വീഞ്ഞു പോലെ കാലപഴക്കത്തിലും വീര്യമുള്ളതായി തുടരുന്നുവെങ്കിൽ മാത്രം.

dr anuja
Advertisment