വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല; കുഞ്ഞുങ്ങൾ അനു നിമിഷം വളർന്നുകൊണ്ടിരിക്കുന്ന ചെടികളാണ്; സമൂഹത്തിൽ നിന്നേൽക്കുന്ന ക്ഷതം പോലും അതിന്റെ വളർച്ചയെ ബാധിച്ചേക്കാം ;ഡോക്ടര്‍ പറയുന്നു

New Update

കൊച്ചി: കുഞ്ഞുങ്ങൾക്ക് നഗ്നശരീരം ചിത്രം വരയ്ക്കാൻ വിട്ടു നൽകിയ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്ത വാർത്തയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്. ശബരിമല വിഷയത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ താൽപര്യങ്ങളാണ് രഹ്നയെ വേട്ടയാടുന്നതിനു പിന്നിൽ എന്ന വാദമാണ് ഒരു ഭാഗത്തെങ്കിൽ കുഞ്ഞുങ്ങളുടെ വളർച്ചാ ഘട്ടത്തിൽ ഇത്തരം നടപടികൾ അവരെ സമ്മർദത്തിലാക്കുമെന്ന നിലപാടാണ് ഒരു പക്ഷം ഉയർത്തുന്നത്.

Advertisment

publive-image

മാതാപിതാക്കളുടെ ശരീരം കുഞ്ഞുങ്ങൾ കണ്ടു വളരണം എന്ന അഭിപ്രായക്കാരുമുണ്ട്.‌‌ അതേസമയം നഗ്നതയുടെയും ലൈംഗികതയുടെയും രാഷ്ട്രീയം ഈ പ്രായത്തിൽ കുട്ടികളിൽ കടുത്ത സമ്മർദം സമ്മാനിക്കും എന്ന നിലപാടാണ് ആക്ടിവിസ്റ്റും ഫൊറൻസിക് സർജനുമായ ഡോ. ജെ.എസ്.വീണ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്.

ഡോ. വീണയുടെ പോസ്റ്റിന്റെ പൂർണ രൂപം:

വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്നതയുടെ മേൽ സ്പർശനവും കലയുമൊന്നും #പരീക്ഷിക്കരുത് എന്നത് മാത്രമാണ്. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പർശം, ബോഡി പെയിന്റിങ് എന്നൊക്കെ കരുതുന്നവർ ഉണ്ടാകും. അങ്ങനെ കരുതുന്നവർ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാരേക്കാൾ പ്രാധാന്യമുള്ളവരാണ് peer groups and teachers. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാൾ peer groupsനു പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?

"എന്റെ അച്ഛനും അമ്മയും സാധാരണ അച്ഛനും അമ്മയും ആയി മാറണം" എന്നുവരെ പ്രാർഥിച്ചിട്ടുണ്ട് എന്ന് ഒരു അഭിമുഖത്തിൽ കേട്ടിട്ടുണ്ട്. വളർച്ചയുടെ ഘട്ടങ്ങളിൽ വലിയ സ്ട്രെസ് ആണ് ഇതൊക്കെയും. പിന്നീട് ഓക്കേ ആകും എന്ന സാധ്യത ഉണ്ട്. എന്നാൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്ട്രെസ് അനുഭവിച്ചു നേടാൻ മാത്രം എന്ത് പ്രാധാന്യമാണ് നഗ്നതയുടെ രാഷ്ട്രീയത്തിനുള്ളത്? അമ്മയുടെ മാറ് ആയതിനാൽ അല്ല ഇവിടെ പുകിലുണ്ടാകുന്നത്. സ്ത്രീയുടെ മാറിൽ adult ആയ ആരെങ്കിലും ആണെങ്കിൽ, സ്ത്രീയുടെ consent ഉണ്ടെങ്കിൽ ആർക്ക് എന്ത് പ്രശ്നം?

പക്വതയില്ലാത്ത സമൂഹത്തിൽ മേൽപറഞ്ഞ അഭിപ്രായം പറഞ്ഞതിനാൽ ഒരു സ്ത്രീക്കെതിരായി സമൂഹം മാറുന്നു എന്ന് എഴുതിക്കണ്ടു. ഏത് പക്വതയുള്ള സമൂഹത്തിലാണ് മുതിർന്നവരുടെമേൽ ബോഡി പെയിന്റിങ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന് എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ മുന്നിൽവെച്ചു Upper body നഗ്നമാക്കിയതിനാൽ "കുഞ്ഞുങ്ങൾ step mother ന്റെ കൂടെ വളരരുത്" എന്ന് തീരുമാനിച്ച ഒരു രാജ്യം ഉണ്ടെന്ന് ഇന്നലെ ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞു.

ഇവിടെ വൈറൽ ആയ വിഡിയോയിലെ അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെപ്രതി എനിക്ക് തോന്നുന്നുണ്ട്. കാരണം നഗ്നതയെ മുൻനിർത്തി സമൂഹത്തിനുള്ള ധാരണകൾ വളരെ വികലമാണ്. അതുകൊണ്ട് തന്നെ "നിങ്ങൾ വീട്ടിൽ പിന്നെ ഇതൊക്കെയല്ലേ" എന്ന ചീഞ്ഞ സംഭാഷണം പോലും ഭാവിയിൽ കുഞ്ഞ് കേൾക്കേണ്ടിവരും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അതാണ് പേടിയും.

"ആ കുഞ്ഞിനെ അറിയാത്തതുകൊണ്ടാണ് ഈ ബോഡി പെയിന്റിങ്ങിനെ എതിർക്കുന്നത്" എന്ന അഭിപ്രായവും കണ്ടു. ലൈംഗികഅക്രമം പോലും സ്വാഭാവികമെന്ന് കുട്ടിക്കാലത്തു വിശ്വസിച്ചിരുന്ന എത്ര പേരുണ്ടെന്ന് നിങ്ങൾക്കറിയാമോ? കുഞ്ഞുങ്ങൾ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ചെടികളാണ്. സമൂഹത്തിൽനിന്നേൽക്കുന്ന ക്ഷതം പോലും അതിന്റെ വളർച്ചയെ ബാധിച്ചേക്കാം എന്നത് മാത്രമാണ് നമ്മൾ കരുതേണ്ടുന്ന കാര്യം.

ഇവിടെ ആ സ്ത്രീക്കെതിരെയുള്ള അക്രമം അല്ല വേണ്ടത്. "കുട്ടികളോട് ഇടപെടുമ്പോൾ അച്ഛനമ്മമാർ എന്തൊക്കെ ചെയ്യരുത്" എന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങളും നിയമങ്ങളും ഉണ്ടാകണം. സന്താനോൽപാദനത്തിനു/വിവാഹത്തിന് മുന്നേ ആ നിയമങ്ങൾ ഓരോ രക്ഷിതാവും അറിഞ്ഞിരിക്കണം എന്ന മുന്നറിയിപ്പുകളും വേണം.

rahna fathima all news facebook post dr js veena
Advertisment