കോട്ടയം; സന്ദേശസ്വീകരണവും വിതരണവും ;- സുനിൽ
പാലാ അൽഫോൻസാ കോളജിലെ ഫിസിയോ തെറാപ്പി അധ്യാപകൻ കൂടിയായ ഡോ.ജിഷ്ണു കുറിക്കുന്നു .....
വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോഴാണ് എൻ്റെ ഒരേയൊരു ഏട്ടൻ (ഡോ. വിഷ്ണു ) പുറത്തു നിന്ന് വിളിക്കുന്നത്. ഏട്ടനും ഡോക്ടറാണ്. പേഷ്യൻ്റ്സ് ആരെങ്കിലും വന്നിട്ടാവുമെന്ന് കരുതി ഓടി അവിടെ ചെന്ന ഞാൻ കണ്ടത് ഒരു മടക്ക ല ബാറ്റുമായി നിൽക്കുന്ന ഏട്ടനെയാണ്; "'ഇന്ന് ഒരു ദിവസത്തെ പണിയാ, നീയൊന്ന് വന്നു പോലുമില്ലല്ലോ, സംഭവം എങ്ങനുണ്ടെടാ ? "
/sathyam/media/post_attachments/HxzWjW9SpKXc6UfRDEdP.jpg)
ഒരു നിമിഷം ഞാൻ നിശ്ശബ്ദനായി... ....ഏട്ടാ, കൊള്ളാം, നന്നായിട്ടുണ്ട്, പണ്ട് എട്ടൻ ബാറ്റുണ്ടാക്കുമ്പോൾ പിടിയ്ക്ക് ചെറിയ വളവുണ്ടാകുമായിരുന്നു.. ഇപ്പോൾ അത് ഇല്ല കേട്ടോ...... ഞാൻ ബാറ്റു വാങ്ങി ഏട്ടൻ്റെ മുഖത്തേക്ക് നോക്കി.... ഏട്ടാ, പക്ഷെ, എന്തിനു വേണ്ടി? അൽപം വേദനയോടെ ഞങ്ങൾ കുറുകെ വഴിവെട്ടിയും, റബ്ബർ കുഴി കുഴിച്ചും നശിച്ചുപോയ, ഞങ്ങളെ ക്രിക്കറ്റ് പ്രാന്തന്മാരായി വളർത്തിയെടുത്ത ആ പഴയ പിച്ചിലേക്ക് ഒരു നിമിഷം നോക്കി നിന്നു.... ഒരിക്കലും നശിക്കാത്ത ഒരുപാട് ഓർമ്മകൾ ഞങ്ങളിലേയ്ക്കോടിയെത്തി... സിക്സർ വിളികൾ മുഴങ്ങി; ഔട്ടിന്റെ ആരവങ്ങളുയർന്നു.
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എന്നെ സ്പിൻ മാന്ത്രികൻ എന്നായിരുന്നു ചേട്ടന്മാർ വിളിച്ചിരുന്നത്... എങ്ങനെ വിളിക്കാതിരിക്കും? പിച്ചിൽ ഒളിച്ചിരുന്ന ചതിയൻ വേരുകളുടെ സഹായത്തോടെ എത്രയോ വട്ടമാണ് എൻ്റെ 'മാസ്മരിക ബോളുകൾ' ചേട്ടന്മാരുടെ കുറ്റി കൊണ്ടു പോയിരിക്കുന്നത്.. !!!
എത്രയോ വട്ടം കുംബ്ലെയും, ഹർഭജനും, മുരളിയും, വോണും ഒക്കെ ആവാൻ ശ്രമിച്ചിരുക്കുന്നു ഞങ്ങൾ ഈ പിച്ചിൽ..
ഗാംഗുലിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ബാറ്റു ചെയ്യുന്ന ഏട്ടനെ കാണാൻ ഒരഴക് തന്നെയായിരുന്നു.... ഞങ്ങടെ കൂട്ടത്തിൽ ഇടതു ബാറ്റു ചെയ്യുന്ന ഒരേയൊരാളായിരുന്നു ഏട്ടൻ. ഏട്ടൻ്റെ അടികിട്ടാത്തവർ കുറവാണ് കേട്ടോ.... പിന്നെയുള്ളത് ചില ചങ്ക് സുഹൃത്തുക്കളായിരുന്നു...
ആർത്തിരച്ചു വരുന്ന മഴയ്ക്കു നേരെ കൊഞ്ഞനം കുത്തിക്കൊണ്ട് നമുക്ക് കളി തുടരാം എന്നു പറഞ്ഞ പൊളിചങ്കുകൾ, പിച്ചിൻ്റെ ഭൂമിശാസ്ത്രം വച്ച് പുതിയ നിയമങ്ങൾ ഉണ്ടാക്കിയ ബുദ്ധിജീവി ചങ്കുകൾ, ഫോമിൽ നിൽക്കുന്നവരെ ഔട്ടാക്കാനായി തന്ത്രങ്ങൾ മെനഞ്ഞ കിടിലൻചങ്ക്സ് , പിന്നെ അലമ്പാനായി മാത്രം വന്നിരുന്ന സൈക്കോ ചങ്ക്സ്, പിന്നെ ഒരു തെറ്റ് വരാൻ കാത്തിരുന്ന് മരണത്തെറി വിളിക്കുന്ന തനി പാലാക്കാരൻ ചങ്ക്സ്........
അങ്ങനെ എത്രയോ എത്രയോ സുഹൃത്തുക്കൾ ....ഞങ്ങളൊക്കെ കൂടിയാൽ ഒരു ഉത്സവ പ്രതീതിയായിരുന്നു പിച്ചിൽ....
ഈ സുഹൃത്തുക്കൾക്കെല്ലാമുപരി കളിക്കിടയിൽ പിച്ചിനു നടുവിൽ കയറി നിൽക്കുകയും, ബോൾ എടുത്തോണ്ട് പോവുകയും ചെയ്തിരുന്ന ഞങ്ങളുടെ ചങ്ക് മുത്തശ്ശൻ, ... വന്ന സുഹൃത്തുക്കളെയൊക്കെ മക്കളെപ്പോലെ കണ്ട അച്ഛനും അമ്മയും
..... ഇന്ന് ആളും അനക്കവുമില്ലാതെ അകാല ചരമം പ്രാപിച്ച് കിടക്കുന്നു ഞങ്ങളുടെ പിച്ച്.... സുഹൃത്തുക്കൾ ജീവിതത്തിരക്കുകയിലേക്ക് പോയിരിക്കുന്നു... ഒന്നു വിളിച്ചാൽ പോലും കിട്ടുന്നില്ല അവരെ..... ഇല്ല,, ഒരിക്കലും തിരിച്ച് വരില്ല ആ നല്ല നാളുകൾ..... പിന്നെ ടിവിയിൽ കളി ഉള്ളപ്പോൾ തലവേദന മുതൽ വയറുവേദന വരെ അഭിനയിച്ച് സ്കൂളിൽ പോവാതിരുന്ന ആ സുന്ദരമായ നാളുകൾ....
എന്നേ അസ്തമിച്ചിരിക്കുന്നൂ അല്ലേ.....
എടാ നമുക്ക് നാളെ തൊട്ട് വൈകുന്നേരം കളി തുടങ്ങിയാലോ? ഏട്ടൻ്റെ ആ ചോദ്യത്തിനു മറുപടി പറഞ്ഞത് ഏട്ടത്തിയാണ് ...'മ്മ് , രണ്ടിനും പ്രായം എത്രയായെന്ന് ഓർമ്മയുണ്ടല്ലോ അല്ലേ? (ഇങ്ങനെ ചോദിച്ചെങ്കിലും ഏട്ടത്തിയും (അതായത് ഡോ. അശ്വതി എം. ഡി. ) കട്ട സപ്പോർട്ട് ആണ് കേട്ടോ ) ഞാൻ ഒരു നിമിഷം ചിന്തിച്ചു
പ്രായം, അതൊരു പ്രശ്നമാണോ?.... ഏയ് ഒരിക്കലുമല്ല,,,,
ജയസൂര്യയുടെ സ്പ്രിങ് ബാറ്റിനെപ്പറ്റിയും, സിദ്ദു അടിച്ചുകൊന്ന അമ്പയറിനെപ്പറ്റിയും വാതോരാതെ സംസാരിച്ച തലമുറയാണ് ഞങ്ങളുടേത്... അതൊന്നും സത്യമല്ലെന്നറിഞ്ഞിട്ടും സത്യമാണെന്ന് വിശ്വസിക്കാനാ ഞങ്ങൾക്കിഷ്ടം, എന്തെന്നാൽ ഞങ്ങളിൽ അത്രമേൽ സ്വാധീനിച്ചിരുന്നു ആ നുണക്കഥകൾ..... 200 ഒക്കെ അടിച്ചെങ്കിലും സച്ചിൻ്റെ 186* തന്നെയാണ് ഞങ്ങൾക്ക് ആവേശം.... എത്രയോ വർഷം കണ്ട് സന്തോഷിച്ച അക്കമാണ് അത്... അങ്ങനൊന്നും മറക്കില്ല.... അതുപോലെ തന്നെയാണ് ഗാംഗുലിയുടെ 183 ഉം, ദ്രാവിഡിൻ്റെ 153 ഉം, സെവാഗിൻ്റെ 130 ഉം, യുവിയുടെ 139 ഉം ഒക്കെ.....
പിന്നെ നഖം കടിച്ചിരുന്ന് കണ്ട വിഖ്യാതമായ കൊൽക്കത്ത ടെസ്റ്റ് , നാറ്റ് വെസ്റ്റ് സീരീസ്.... അങ്ങനെ എത്രയെത്ര പരമ്പരകൾ....
2003 ലോകകപ്പ് ഫൈനലിൽ മഗ്രാത്തിനെയും ,ലീയെയും നമ്മൾ പഞ്ഞിക്കിടുന്നത് കാണാനായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന തലമുറയാണ് ഞങ്ങളുടേത്..... ഇന്നും ആ ലോകകപ്പ് ഒരു വേദനയാണ് ഞങ്ങൾക്ക്.... അന്ന് ടോസ് കിട്ടിയിട്ടും ബാറ്റു ചെയ്യാതിരുന്ന ഗാംഗുലിയുടെ തീരുമാനത്തോട് അമർഷമുള്ള ഒരു വിഭാഗം ഇപ്പോഴുമുണ്ട് ഞങ്ങയുടെ തലമുറയിൽ......
ക്രിക്കറ്റിനെപ്പെറ്റിയുള്ള ആ ഓർമ്മകൾ ഒന്നും മരിക്കില്ല ഞങ്ങൾക്ക്... കാലമെത്ര കഴിഞ്ഞാലും.... ഒരു കൗമാരക്കാരനെപ്പോലെ ഞങ്ങൾ ഓർത്തെടുക്കും ആ സുന്ദര നിമിഷങ്ങൾ.....
16 വർഷത്തെ ഇടവേളേയ്ക്കു ശേഷം ഏട്ടൻ ഉണ്ടാക്കിയ ആ ബാറ്റാണ് എന്നെ ഇന്ന് വീണ്ടും ആ പഴയ പ്രാന്തനാക്കിയത്.....
ഇതെഴുതുമ്പോൾ ഒരൽപ്പം കണ്ണീർ എനിക്ക് കൂട്ടായി ഉണ്ട്.... കാരണം.... അത് ... അതൊരു യഥാർത്ഥ ക്രിക്കറ്റ് പ്രേമിക്ക് അറിയാം,,, അല്ലേ ?
ഓർമ്മകൾ'' '' അത് മരിക്കില്ലൊരിക്കലും...
ക്രിക്കറ്റിനെപ്പറ്റി അഗാധമായ അറിവില്ലെങ്കിലും, ടി വി യിൽ ഇപ്പോൾ കളി വരുമ്പോൾ എനിക്കൊപ്പം കയ്യടിക്കുകയും, എനിക്കൊപ്പം ടെൻഷനടിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു ഡോക്ടർ (ഡോ. ഐശ്വര്യ) കൊച്ചിനെത്തന്നെ ജീവിതസഖിയായി എനിക്ക് കിട്ടി.... ദൈവത്തിനു നന്ദി.......... ഡോ. ജിഷ്ണു കുറിപ്പവസാനിപ്പിക്കുന്നു.
ഡോ.വിഷ്ണു ഫോൺ - 9846 427394
ഡോ.ജിഷ്ണു ഫോൺ -
9400 516065
അന്നത്തെ ചങ്ക് ബ്രോസ് ഈ കുറിപ്പുകണ്ട് ഉറപ്പായും വിളിക്കുമെന്ന് ഈ ഡോക്ടർ ബ്രോസ് ഉറപ്പിച്ചു പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us