Advertisment

ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്; ചോദ്യം ചെയ്യലിന് ഹാജരാകണം; ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഷാജ് കിരൺ

New Update

publive-image

Advertisment

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിന്റെ മൊഴിയുടെയും പുതിയ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇ ഡി നടപടി.

ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഷാജ് കിരൺ പ്രതികരിച്ചു.  ഏതാനും ദിവസങ്ങളായി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അവരെ ഇ.ഡി ചോദ്യം ചെയ്തുവരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഷാജ് കിരണിനെയും ചോദ്യം ചെയ്യാൻ പോകുന്നത്. സ്വപ്ന സുരേഷ് ഷാജ് കിരണിനെതിരെ ചില ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പരാതി പിൻവലിക്കാൻ ഷാജ് കിരൺ സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് സ്വപ്ന പ്രധാനമായും ഉന്നയിക്കുന്നത്.

സ്വപ്ന പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ഷാജ് കിരണും തിരിച്ചടിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം സ്വപ്ന ഇ.ഡിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. ക്ലിഫ് ഹൗസിൽ രഹസ്യചർച്ചയ്ക്ക് താൻ തനിച്ച് പോയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണ്. ക്ലിഫ് ഹൗസിലേയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തയാറാകണമെന്നും സ്വപ്‌ന ആവശ്യപ്പെടുന്നു.

തന്റെ കൈയിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേർത്തു. 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നാണ് സ്വപ്‌ന സുരേഷിന്റെ ആവശ്യം. മറന്നുവച്ച ബാഗ് എന്തിനാണ് നയതന്ത്ര ചാനൽ വഴി കൊണ്ടുപോയതെന്ന് സ്വപ്‌ന സുരേഷ് ചോദിച്ചു. ബാഗിൽ ഉപഹാരമായിരുന്നെങ്കിൽ അത് നയതന്ത്ര ചാനൽ വഴി കൊണ്ടുപോകേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.

താനല്ല മറിച്ച് മുഖ്യമന്ത്രിയാണ് കള്ളം പറയുന്നതെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരൺ ഇടനിലക്കാരനായാണ് തന്നെ വന്നുകണ്ടത്. ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ പിന്നെ എന്തിനാണ് എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്നും സ്വപ്‌ന സുരേഷ് ചോദിക്കുന്നു.സ്പ്രിംഗ്ലറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനാണെന്ന ആരോപണവും സ്വപ്‌ന സുരേഷ് ആവർത്തിച്ചു. ശിവശങ്കർ ബലിയാടാകുകയായിരുന്നു. തനിക്ക് ജോലി നൽകിയത് പിഡബ്ല്യുസിയാണെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

Advertisment