വഖഫ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന തീരുമാനം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നീക്കം; മലബാര്‍ പ്രദേശത്തെ സ്വാധീനം ഉറപ്പിച്ചു നിര്‍ത്തുകയും പുതിയ മേഖലകളിലേയ്ക്കു വളരുകയും ചെയ്യുക എന്ന സി.പി.എം നീക്കത്തിന് ആക്കം കൂട്ടുന്നതാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന! ലോക്സഭാ തെരഞ്ഞെടുപ്പ് അധികം ദൂരെയല്ല, അതു കഴിഞ്ഞാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്, തൊട്ടു പിന്നാലേ നിയമസഭാ തെരഞ്ഞെടുപ്പ്; സി.പി.എം തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞു- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

മുസ്ലിം രാഷ്ട്രീയം വളരെ പ്രധാനമാണ് കേരളത്തില്‍. അതിലെ പ്രധാന ഘടകം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) തന്നെ. ലീഗാവട്ടെ, വര്‍ഷങ്ങളായി യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകവും. മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷി മുസ്ലിം ലീഗ് തന്നെ. മുസ്ലിം സമുദായത്തിന്‍റെ മൊത്തം പിന്തുണയും അവകാശപ്പെടുന്ന ഒരേയൊരു കക്ഷിയും മുസ്ലിം ലീഗാണ്.

കോണ്‍ഗ്രസ് അധികം അദ്ധ്വാനിക്കാതെ തന്നെ മുസ്ലിം സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കുന്നുണ്ട്. 1969 -ല്‍ കെ. കരുണാകരന്‍ വെറും ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളുടെ നേതാവായിരുന്ന് തുന്നിക്കൂട്ടിയ മുന്നണിയില്‍ ലീഗിന് വലിയ സ്ഥാനമുണ്ടായിരുന്നു. 1967 -ല്‍ ഇ.എം.എസ് ഒരുക്കിയ തന്ത്രത്തില്‍ കുരുങ്ങി സി.പി.എം നേതൃത്വം നല്‍കിയ ഇടതു മുന്നണിയിലും ഇടതു സര്‍ക്കാരിലും ചേര്‍ന്ന ലീഗ് 69 -ല്‍ കരുണാകരനോടൊപ്പം ചേര്‍ന്നത് ലീഗിന്‍റെ രാഷട്രീയ ചരിത്രത്തിലെ വലിയൊരദ്ധ്യായമായിരുന്നു.

മലപ്പുറം ജില്ലാ രൂപീകരണം, കാലിക്കട്ട് സര്‍വകലാശാലാ രൂപീകരണം എന്നിങ്ങനെ ലീഗ് ആവശ്യപ്പെട്ട രണ്ടു വലിയ കാര്യങ്ങള്‍ സാധിച്ചു കൊടുത്ത 1967 -ലെ ഇ.എം.എസ് ഗവണ്‍മെന്‍റില്‍ നിന്നും സപ്തകക്ഷി മുന്നണിയില്‍ നിന്നും ലീഗ് വിട്ടുപോയത് ഒരു ചരിത്ര സംഭവം തന്നെയായി. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് മലബാര്‍ പ്രദേശത്ത് കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അനുവദിച്ചതും ഈ മേഖലയിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏറെ വികസിച്ചതും.

1995 വരെ മുന്നണിയുടെ നേതൃത്വം വഹിച്ച കെ. കരുണാകരനോടൊപ്പം എപ്പോഴും മുസ്ലിം ലീഗുണ്ടായിരുന്നുവെന്നും ഓര്‍ക്കണം. ഇടയ്ക്ക്, 1991 -ല്‍, ലീഗ് യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയില്‍ ചേരാന്‍ ശ്രമം നടത്തിയെങ്കിലും സി.പി.എം വാതില്‍ തുറന്നില്ല. ബാബ്റി മസ്ജിദ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ലീഗിന്‍റെ വിവാദമുയര്‍ത്തിയ ഈ തീരുമാനം. പക്ഷെ ലീഗിനെ ഉള്‍ക്കൊള്ളാന്‍ ഇടതു മുന്നണി തയ്യാറായില്ല. മുന്നണിയില്‍ ലീഗിനു സ്ഥാനമില്ലെന്നു പറഞ്ഞ് മടക്കിയയയ്ക്കുകയാണു സി.പി.എം ചെയ്തത്. ലീഗ് നാണംകെട്ട് യു.ഡി.എഫിലേയ്ക്കു മടങ്ങുകയും ചെയ്തു.

1991 -ലെ തെരഞ്ഞെടുപ്പില്‍ കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നു. കരുണാകരന്‍റെ ഒരു വശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും മറുവശത്ത് കെ.എം. മാണിയും. ഐക്യജനാധിപത്യ മുന്നണിയുടെ ആണിക്കല്ലുകളായി മാറി ഇവര്‍ മൂവരും. 1994 -ല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്‍റെ വിവാദങ്ങളുയര്‍ത്തി ആന്‍റണി പക്ഷവും തിരുത്തല്‍ വാദികളും കൂടി കരുണാകരനെ പുറത്താക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയിലായി മുന്നണിയുടെ ചരടുകള്‍.

അപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ ഒരു വശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുണ്ടായിരുന്നു. മറുവശത്ത് കെ.എം മാണിയും. 2021 -ല്‍ രണ്ടാമതും തോല്‍വി ഏറ്റുവാങ്ങിയ യു.ഡി.എഫിന്‍റെ നേതൃത്വം പഴയതു മാതിരി ശക്തമല്ലെങ്കിലും ലീഗ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിതന്നെ. ശക്തിയും ബലവുമുള്ള പാര്‍ട്ടി.

മുസ്ലിം ലീഗിന് ഈ ശക്തിയും ബലവും നല്‍കിപ്പോരുന്നത് സമസ്ത കേരള ജുമാ ഇയ്യത്തുള്‍ ഉലെമയാണ്. മുസ്ലിം മത പണ്ഡിതര്‍ നേതൃത്വം കൊടുക്കുന്ന സംഘടനയാണിത്. മുസ്ലിം സമുദായത്തിലെ ഏറ്റവും പ്രബലമായ സംഘടന. സുന്നി വിഭാഗം പണ്ഡിതരുടെ സഭ. സമസ്ത ഇ.കെ വിഭാഗം എന്ന് ചുരുക്കപ്പേര്. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്ത എതിര്‍ചേരിയില്‍ നില്‍ക്കുന്നു. എ.പി വിഭാഗത്തിന്‍റെ പിന്തുണ എപ്പോഴും ഇടതുപക്ഷത്തിനു കിട്ടിയിരുന്നുവെന്നും ഓര്‍ക്കണം.

വഖഫ് ബോര്‍ഡിലേയ്ക്കു നടത്തുന്ന നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടുകൊണ്ട് നേരത്തെ നിയമസഭ പാസാക്കിയ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം 20 -ാം തീയതി നിയമസഭയില്‍ പ്രസ്താവിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഫലത്തില്‍ മുസ്ലിം രാഷ്ട്രീയത്തില്‍ത്തന്നെ ശക്തമായൊരു ഇടപെടല്‍ നടത്തുകയായിരുന്നു.

നേരത്തെ നിയമസഭയില്‍ പാസാക്കി നിയമമാക്കിയ വിഷയത്തിന്മേല്‍ മുസ്ലിം സംഘടനകളും മുസ്ലിം ലീഗും സമരം നടത്തിയിരുന്നു. സമസ്ത വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മുസ്ലിം സംഘടനകള്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വഖഫ് ബോര്‍‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതില്‍ സംഘടനകളും മുസ്ലിം ലീഗും എതിര്‍പ്പു രേഖപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പഠിച്ച് ഉചിതമായ തീരുമാനം എടുക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇ.കെ സമസ്ത നേതൃത്വത്തിന് വളരെ ഹൃദ്യമായാണ് അനുഭവപ്പെട്ടത്. പല വിഷയങ്ങളിലും സമസ്തയുമായി നേരിട്ടു ചര്‍ച്ചചെയ്യാനുള്ള വഴി മുഖ്യമന്ത്രിതന്നെ തുറന്നിട്ടു. സമസ്ത ഉന്നയിച്ച കാര്യങ്ങളില്‍ ചെയ്യാവുന്നവയൊക്കെ പെട്ടെന്നുതന്നെ ചെയ്തുകൊടുക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കുകയും ചെയ്തു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വ്യക്തിപരമായൊരു സൗഹൃദം ഉരുത്തിരിയുകയും ചെയ്തു.

അതിനു ഉടന്‍ തന്നെ ഫലവും കണ്ടു. വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗ് മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ചുള്ള സമര പരിപാടി പ്രഖ്യാപിച്ചപ്പോള്‍ സമസ്ത ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. മോസ്കുകള്‍ സമരം നടത്താനും പ്രചാരണം സംഘടിപ്പിക്കാനും വിട്ടുതരില്ലെന്നായിരുന്നു സമസ്തയുടെ നിലപാട്. ലീഗും സമസ്തയും തമ്മില്‍ അകല്‍ച്ചയുണ്ടാകാന്‍ ഇതു കാരണമായി.

ബുധനാഴ്ച ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് ഈ ബില്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ലീഗ് അംഗങ്ങള്‍ ഒരക്ഷരവും പറഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഈ വിഷയത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവെന്നും ഈ സംഘടനകളുടെ അഭിപ്രായമനുസരിച്ചു മാത്രമേ വഖഫ് ബോര്‍ഡിലേയ്ക്കു നിയമനം നടത്തൂ എന്നും അദ്ദേഹം ഉറപ്പു നല്‍കുകയായിരുന്നു. മുസ്ലിം രാഷ്ട്രീയത്തില്‍ ഇത് ലീഗിന് ഒരു തിരിച്ചടി തന്നെയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു രാഷ്ട്രീയ നീക്കമായി വേണം ഇതു കാണാന്‍. ഇപ്പോള്‍ത്തന്നെ മലബാര്‍ പ്രദേശത്ത് സി.പി.എമ്മിന്‍റെ സ്വാധീനം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സ്വാധീനം ഉറപ്പിച്ചു നിര്‍ത്തുകയും പുതിയ മേഖലകളിലേയ്ക്കു വളരുകയും ചെയ്യുക എന്ന സി.പി.എം നീക്കത്തിന് ആക്കം കൂട്ടുന്നതാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന. മുസ്ലിം ലീഗിനുള്ളില്‍ത്തന്നെ ശക്തമായ കോളിളക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്നും ഓര്‍ക്കണം.

ലോക്സഭാ തെരഞ്ഞെടുപ്പ് അധികം ദൂരെയല്ല. അതു കഴിഞ്ഞാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്. തൊട്ടു പിന്നാലേ നിയമസഭാ തെരഞ്ഞെടുപ്പ്. സി.പി.എം തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞു.

Advertisment