കോണ്‍ഗ്രസിലെ ഏറ്റവും വലിയ നേതാക്കന്മാരിലൊരാളാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്ന ഗുലാം നബി ആസാദ് എക്കാലത്തും കോണ്‍ഗ്രസിന്‍റെ ശക്തവും ശാന്തവുമായ മുഖമായിരുന്നു. ഇപ്പോഴിതാ, ആ വലിയ നേതാവ് കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയിരിക്കുന്നു. പാര്‍ട്ടിയിലെ പ്രഥമികാംഗത്വം വരെ രാജിവെച്ചുകൊണ്ട്.
കുറേ കാലമായി കോണ്‍ഗ്രസിനുള്ളില്‍ ഏറെ മന:പ്രയാസം അനുഭവിച്ചു കഴിയുകയായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ നടത്തിപ്പിനെയും സംഘടനാ പ്രവര്‍ത്തന രീതിയെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി പ്രസിഡന്‍റ് സോണിയാ ഗാന്ധിക്കു കത്തെഴുതി നല്‍കിയിട്ടാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിടുന്നത്. എല്ലാം വിവരിച്ച് വിശദമായെഴുതിയ കത്ത് രാജിക്കത്തായി നല്‍കുകയായിരുന്നു.
ഗുലാം നബി ആസാദ് എഴുതിയിരിക്കുന്ന രാജിക്കത്തില്‍ എണ്ണിയെണ്ണിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളോരോന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊക്കെയറിയാം. നേതൃത്വത്തിന്‍റെ പിഴവു തന്നെയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ ഉത്തരവാദിത്വമൊന്നുമേല്‍ക്കാതെ, അതേ സമയം പാര്‍ട്ടിയെ പൂര്‍ണമായിത്തന്നെ നിയന്ത്രണത്തില്‍ നിര്‍ത്തി, മുന്നോട്ടു പോകുന്ന രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഗുലാം നബി ആസാദിന്‍റെ കത്ത്. ഒപ്പം രാഹുല്‍ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന പിണിയാളുകളെയും പേരു പറയാതെ പരിഹസിക്കുന്നുണ്ട് അദ്ദേഹം.
നേതൃത്വത്തില്‍ കൂടിയാലോചന എന്ന പതിവു രീതി എന്നേ ഇല്ലാതായിരിക്കുന്നു എന്നതാണ് ഗുലാം നബി ആസാദിന്‍റെ ഏറ്റവും വലിയ വിമര്‍ശനം. സംഘടനയില്‍ തെരഞ്ഞെടുപ്പും നടക്കുന്നില്ല. ഭാരവാഹികളെയെല്ലാം നേതൃത്വത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരു സംഘം പിണിയാളുകളാണ് നിര്‍ണയിക്കുന്നതും നാമനിര്‍ദേശം ചെയ്യുന്നതും. എല്ലാം ഒരു നാടകവും വെറും തമാശയുമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
രാഹുല്‍ ഗാന്ധി 2013 -ല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ആയതിനു ശേഷമാണ് പാര്‍ട്ടിയിലെ കൂടിയാലോചനാ രീതി അപ്പാടെ തകിടം മറിഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനു ശേഷം നടന്ന രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. 49 നിയമസഭാ തെരഞ്ഞെടുപ്പു നടന്നതില്‍ 39 -ലും പരാജയം ഏറ്റുവാങ്ങി. നാലു തെരഞ്ഞെടുപ്പു മാത്രമാണു ജയിച്ചത്. ആറു സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികള്‍ നേതൃത്വം കൊടുക്കുന്ന ഭരണത്തില്‍ നാമമാത്രമായ പങ്കാളിത്തവും നേടി. ഇന്നിപ്പോള്‍ ഭരണം രണ്ടു സംസ്ഥാനത്തു മാത്രം. രണ്ടു സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ നേരിയ പങ്കാളിത്തവും.
2019 -ലെ തെരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചു. എങ്കിലും സ്ഥാനമൊന്നുമില്ലാതെ പാര്‍ട്ടിയെ നയിക്കുന്നു. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുത്ത മുതിര്‍ന്ന നേതാക്കന്മാരെയൊക്കെ അവഗണിച്ചു മാറ്റി നിര്‍ത്തുന്നു - ഗുലാം നബി ആസാദിന്‍റെ ആക്ഷേപം തുടരുകയാണ്.
മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു വിട്ടുമാറി ഗ്രൂപ്പ് - 23 എന്നൊരു സംഘം രൂപീകരിച്ചിട്ടും ഹൈക്കമാന്‍റ് അനങ്ങാത്തതിലാണ് ഗുലാം നബി ആസാദിന്‍റെ വേദന. കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ശശി തരൂര്‍ എന്നിങ്ങനെ പ്രഗത്ഭരായ 23 നേതാക്കള്‍. അവരെ അവഗണിച്ചു തന്നെ മുന്നോട്ടു പോകാനും ഭാരത് ജോഡോ യാത്ര തുടങ്ങാനും രാഹുല്‍ ഗാന്ധി തുനിഞ്ഞിറങ്ങുന്നതിലുള്ള പ്രതിഷേധം കൂടി രേഖപ്പെടുത്തുകയാണ് ഗുലാം നബി ആസാദ് ഈ രാജിയിലൂടെ.
തിരുവനന്തപുരത്ത് ശശി തരൂരും പ്രതിഷേധസ്വരം ഉയര്‍ത്തിയിരിക്കുന്നു. 'ഇന്ത്യന്‍ എക്സ്പ്രസ്' ദിനപത്രത്തില്‍ വന്ന ഒരു മുഴുവന്‍ പേജ് അഭിമുഖത്തില്‍ അദ്ദേഹം മനസ് തുറക്കാന്‍ ശ്രമിക്കുകയാണ്. "എനിക്കു ചേരണമെങ്കില്‍ ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി എന്നീ കക്ഷികള്‍ കൂടാതെ വേറെയും പാര്‍ട്ടികളുണ്ട്", ശശി തരൂര്‍ തുറന്നടിക്കുകയാണ്.
ഗുലാം നബി ആസാദിന്‍റെ രാജി ഒരു തുടക്കം മാത്രം. പക്ഷെ ഇതൊന്നും രാഹുല്‍ ഗാന്ധിയെ ബാധിക്കുന്ന ലക്ഷണമൊന്നുമില്ല. നേരത്തെ കേരളത്തില്‍ നിന്നു പ്രൊഫ. കെ.വി തോമസ് കോണ്‍ഗ്രസ് വിട്ടതും സമാനമായ കാരണങ്ങള്‍ ഉന്നയിച്ചു തന്നെയാണ്.
കോണ്‍ഗ്രസ് എങ്ങോട്ട് ? ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി അധികകാലമില്ല. ഒരു തോല്‍വികൂടി ഏറ്റുവാങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലതാനും. പക്ഷെ ഇതൊന്നും രാഹുല്‍ ഗാന്ധിക്കു പ്രശ്നമല്ല. ചുറ്റുമുള്ള പിണിയാളുകള്‍ക്കും.