കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുമോ ? രാഹുല്‍ ഗാന്ധി എങ്ങനെയാവും പ്രതികരിക്കുക ? വേറെ സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി നിര്‍ത്തുമോ ?
ഈ ഒക്ടോബര്‍ 17 ന് തെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി ഞായറാഴ്ചയാണു തീരുമാനിച്ചത്. കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ഇടഞ്ഞു നില്‍ക്കുന്ന ഗ്രൂപ്പ് 23 യുടെ സ്ഥാനാര്‍ഥിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കുമെന്നും സൂചനയുണ്ട്.
2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോയതാണ് രാഹുല്‍ ഗാന്ധി. പലതരം സമ്മര്‍ദങ്ങളുണ്ടായിട്ടും രാഹുല്‍ ഗാന്ധി തിരികെ വന്നു സ്ഥാനമേറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ സ്ഥാനമൊന്നുമില്ലാതെ അദ്ദേഹം കോണ്‍ഗ്രസിനുള്ളിലെ തീരുമാനങ്ങളൊക്കെ നിയന്ത്രിക്കുന്നു. നിയമനങ്ങള്‍ നടത്തുന്നു. തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നു.
ഇത് റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെന്നു കുറ്റപ്പെടുത്തിയാണ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കുറെ ദിവസം മുമ്പ് രാജിവെച്ചത്. കപില്‍ സിബല്‍ അതിലും നേരത്തേ പാര്‍ട്ടി വിട്ടു. ഗ്രൂപ്പ് 23 -യില്‍ പെട്ട നേതാക്കളായിരുന്നു ഇരുവരും. ബാക്കിയുള്ളവര്‍ ഗ്രൂപ്പില്‍ തുടരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍.
ഇവര്‍ക്കൊന്നും പാര്‍ട്ടിയുടെ നടത്തിപ്പില്‍ ഒരു പങ്കുമില്ലെന്നതാണു വസ്തുത. പാര്‍ട്ടിയുടെ ദൈനംദിന ഭരണമൊക്കെ നടത്തുന്നത് രാഹുല്‍ ഗാന്ധിതന്നെയാണ്. സ്ഥാനമാനങ്ങളൊന്നുമില്ലാത്തവരെ ഉപയോഗിച്ചാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്ന് ഗുലാം നബി ആസാദ് രാജിക്കത്തില്‍ അക്ഷേപിച്ചതാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ സേനയില്‍പെട്ടവരും പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരും ഇവരില്‍ ഉണ്ടെന്നും ഗുലാം നബിയുടെ ആക്ഷേപം.
എങ്കില്‍ പിന്നെ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് എ.ഐ.സി.സി പ്രസിഡന്‍റായികൂടാ ? അധികാരസ്ഥാനത്തിരിക്കാന്‍ രാഹുല്‍ ഗാന്ധിക്കു താല്‍പര്യമില്ല. രണ്ടാം യു.പി.എ ഭരണകാലത്ത് മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ രാഹുല്‍ ഗാന്ധിക്കു കേന്ദ്ര മന്ത്രിസഭയില്‍ ചേരാമായിരുന്നു. നല്ല ഒന്നോ രണ്ടോ വകുപ്പുകളുടെ ചുമതല വഹിക്കാമായിരുന്നു. വലിയ ഭരണ പരിചയം നേടാമായിരുന്നു. മികച്ച ഭരണം നടത്തി ഭരണ മികവു തെളിയിക്കാമായിരുന്നു.
ഭരണത്തിന്‍റെ അവസാന ഘട്ടത്തില്‍, വേണമെങ്കില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ മാറ്റി നിര്‍ത്തി രാഹുല്‍ ഗാന്ധിക്കു പ്രധാനമന്ത്രിതന്നെയാവാമായിരുന്നു. വലിയ ഭരണ പരിചയം കിട്ടുമായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് നല്ല ഭരണം കാഴ്ചവെച്ച് മികച്ച ഭരണാധികാരിയെന്ന പേര് സ്വന്തമാക്കാമായിരുന്നു. 'മുന്‍ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി' എന്ന വിശേഷപ്പെട്ട വിശേഷണവും സ്വന്തമാക്കാമായിരുന്നു.
പക്ഷെ അതിനൊന്നും രാഹുല്‍ ഗാന്ധി ഒരിക്കലും തയ്യാറായില്ല. അധികാരവും ഭരണവും തന്‍റെ വഴിയല്ലെന്നു തെളിയിക്കാനായിരിക്കണം അദ്ദേഹം ആഗ്രഹിച്ചത്. സ്വന്തം നിലയ്ക്കു പാര്‍ട്ടിയെ നയിച്ചു ഭൂരിപക്ഷം കിട്ടിയിട്ടു ഭരിക്കാമെന്ന് അദ്ദേഹം കരുതിക്കാണും. സ്വന്തം നിലയ്ക്ക് പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിഞ്ഞില്ല. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം പ്രസിഡന്‍റ് പദം രാജിവെയ്ക്കുകയും ചെയ്തു. ഇപ്പോള്‍ സ്ഥാനമൊന്നുമില്ലാതെ പാര്‍ട്ടിയുടെ ഭരണം നടത്തുകയാണ് രാഹുല്‍ ഗാന്ധി. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവാതെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നുവെന്നര്‍ത്ഥം. ഇതു രാഷ്ട്രീയമായി ഒട്ടും ശരിയല്ല തന്നെ.
ഇപ്പോഴിതാ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്താനൊരുങ്ങുന്നു. കോണ്‍ഗ്രസിന്‍റെ ഒരു ദേശീയ നേതാവ് രാജ്യം മുഴുവന്‍ കാല്‍നടയായി സഞ്ചരിക്കുക, ജനങ്ങളെ നേരിട്ടു കാണുക, അവരോടു സംസാരിക്കുക, അവരുടെ പ്രശ്നങ്ങള്‍ അറിയുക - ഒരു മഹാ സംഭവം തന്നെയാണത്. പക്ഷെ രാഹുല്‍ ഗാന്ധി നേതാവാണോ എന്ന ചോദ്യം ഉയരുന്നു. അദ്ദേഹം പാര്‍ട്ടി പ്രസിഡന്‍റല്ല. ഒരു പദവിയും വഹിക്കുന്നുമില്ല.
പുതിയ ഒരു പ്രസിഡന്‍റിനെ തെരഞ്ഞെടുത്താലും രാഹുല്‍ ഗാന്ധി ഇതൊക്കെയല്ലേ തുടരുക ? പുതിയ പ്രസിഡന്‍റിനെ സ്വന്തം കളിപ്പാവയാക്കി വെയ്ക്കും. എന്നിട്ട് ഇന്നത്തെപ്പോലെ പിന്‍സീറ്റ് ഭരണം നടത്തും.
കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു വലിയ പാര്‍ട്ടിയാണ്. ജനാധിപത്യ സംവിധാനത്തിനു യോജിച്ച രീതിയില്‍ ആ പാര്‍ട്ടിക്കു തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്‍റ് ഉണ്ടാവണം. കാലാ കാലങ്ങളില്‍ കൃത്യമായ തെരഞ്ഞെടുപ്പു നടത്തുകയും വേണം. ഇന്നിപ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ക്ഷയിച്ചുകൊണ്ടേയിരിക്കുന്നു. ദേശീയ നേതൃത്വം വളരെ ദുര്‍ബലമാണിന്ന്.
പക്ഷെ ഇതൊന്നും രാഹുല്‍ ഗാന്ധിക്കു പ്രശ്നമല്ലെന്ന വിധത്തിലാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റം. ഇപ്പോള്‍ ഭാരതയാത്ര നടത്താനൊരുങ്ങുന്നതു രാഹുല്‍ ഗാന്ധി. ഒക്ടോബര്‍ 17 നു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പുതിയ പ്രസിഡന്റാകുന്നത് രാഹുല്‍ ഗാന്ധി പറയുന്ന ആള്‍. രാഹുല്‍ ഗാന്ധിക്ക് അധികാരം വേണ്ടെന്നും പറയുന്നു. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ സംഘടനയുടെ ഉടമസ്ഥനോ രാഹുല്‍ ഗാന്ധി ?