മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ ബഹുമതിയായ മഗ്‌സസെ അവാര്‍ഡ്. പക്ഷെ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കേരളത്തിന്‍റെ ഒരു മന്ത്രിക്ക് ആഗോള തലത്തില്‍ ഏറെ തിളക്കമുള്ള മഗ്‌സസെ അവാര്‍ഡ് കിട്ടുന്നതും സ്വന്തം പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് അവാര്‍ഡിനു നിര്‍ദേശിക്കുന്നയാള്‍ തന്നെ അതു നിരാകരിക്കുന്നതും വലിയ വാര്‍ത്തയായിരിക്കുന്നു.
ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരിക്കെ കോവിഡ്, നിപ്പ എന്നീ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കേരളം നടത്തിയ ഫലപ്രദമായ ചെറുത്തുനില്‍പ്പിനു നേതൃത്വം കൊടുത്തയാള്‍ എന്ന നിലയ്ക്കാണ് റമണ്‍ മഗ്‌സസെ ഫൗണ്ടേഷന്‍ കെ.കെ. ശൈലജയെ ഈ ബഹുമതിക്കു തെരഞ്ഞെടുത്തത്. തികച്ചും അര്‍ത്ഥവത്തായ തീരുമാനം തന്നെയായിരുന്നു ഇത്.
കോവിഡ് എന്ന മഹാമാരിക്കു മുന്നില്‍ ലോകം മുഴുവന്‍ പേടിച്ചു വിറച്ചു പതറി നിന്നപ്പോള്‍ ഇന്ത്യയില്‍ ഇങ്ങു തെക്കേ മൂലയ്ക്കു കിടക്കുന്ന ചെറിയ സംസ്ഥാനം മാത്രമാണ് ധീരതയോടെ പിടിച്ചു നിന്നത്. അതിനു മുമ്പേതന്നെ കോഴിക്കോടു കേന്ദ്രമാക്കി വവ്വാല്‍ പരത്തുന്നുവെന്നു കരുതപ്പെടുന്ന നിപ്പ വൈറസിനെ പൂര്‍ണമായും തുരത്തുന്നതിനും കേരളത്തിനു കഴിഞ്ഞു. സംസ്ഥാനത്തെ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സമര്‍ത്ഥമായ നേതൃത്വം കൊടുത്ത ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃപാടവത്തെ ലോകം മുഴുവന്‍ അംഗീകരിക്കുകയും ചെയ്തതാണ്.
അമേരിക്കയും ഇറ്റലിപോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളുമെല്ലാം കോവിഡ് മഹാമാരിയുടെ സംഹാരതാണ്ഡവം കണ്ട് നിസഹായതയോടെ നോക്കി നില്‍ക്കുകയായിരുന്നു. ആരോഗ്യ രംഗത്ത് അങ്ങേയറ്റം വളര്‍ച്ച നേടിയ അമേരിക്കയില്‍ത്തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്. കുന്നുകൂടിയ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പോലും വികസിത രാജ്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടായി.
ജനങ്ങളുടെ സഞ്ചാരവും ആള്‍ക്കുട്ടവുമെല്ലാം കര്‍ശനമായി നിയന്ത്രിച്ചും കര്‍ശനമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചുമാണ് കേരളത്തില്‍ ആരോഗ്യവകുപ്പ് കോവിഡ്, നിപ്പ എന്നീ മഹാമാരികളെ പിടിച്ചുനിര്‍ത്തിയത്. അതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണയുമായി മുന്നിട്ടിറങ്ങുകയും ചെയ്തു. സര്‍ക്കാരിന്‍റെ കൂട്ടായ പരിശ്രമം തന്നെയാണ് സംസ്ഥാനം കോവിഡിനുമേല്‍ നേടിയ വിജയത്തിന്‍റെ രഹസ്യം എന്നു പറയുന്നതില്‍ തെറ്റില്ല താനും.
ശൈലജ ടീച്ചറിനെ സംബന്ധിച്ചിടത്തോളം അര്‍ഹതപ്പെട്ട ബഹുമതി തന്നെയാണ് മഗ്‌സസേ അവാര്‍ഡ്. ഏഷ്യയിലെ നോബല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന വലിയ ബഹുമതി. കേരളത്തിലാദ്യമായി ഒരു വനിതയ്ക്കു ലഭിക്കുമായിരുന്ന വലിയ പുരസ്കാരം. ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ ശില്‍പ്പി വി. കുര്യന്‍, കാര്‍ഷിക രംഗത്തിനു വലിയ സംഭാവന നല്‍കിയ എം.എസ് സ്വാമിനാഥന്‍, ഇന്ത്യന്‍ തെരഞ്ഞെടുപ്പു രംഗത്ത് അച്ചടക്കം കൊണ്ടുവന്ന ടി.എന്‍. ശേഷന്‍ എന്നിങ്ങനെ ചുരുക്കം ചില മലയാളികള്‍ക്കു മാത്രമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്.
സാമൂഹ്യ പ്രവര്‍ത്തനം, സാഹിത്യ രംഗം, പത്രപ്രവര്‍ത്തനം എന്നിങ്ങനെയുള്ള മേഖലകളിലെ മികവും വ്യത്യസ്തതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മഗ്‌സസേ അവാര്‍ഡ് സമ്മാനിക്കുന്നത്. ആഗോള തലത്തില്‍ത്തന്നെയുള്ള വലിയൊരു ബഹുമതി തന്നെയാണിത്.
എങ്കിലും രമണ്‍ മഗ്‌സസേയുടെ മുന്‍കാല ചെയ്തികള്‍ കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും എതിരായിരുന്നുവെന്ന കാരണത്താലാണ് കെ.കെ. ശൈലജ ഈ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്‍റായിരുന്ന മഗ്‌സസേ അമേരിക്കന്‍ ഭരണകൂടത്തോടു കൂട്ടു ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൂട്ടക്കൊല ചെയ്തെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇങ്ങനെയൊരു ബഹുമതി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായ ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങുന്നത് ശരിയല്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
ഒരു വലിയ ബഹുമതി തിരസ്കരിക്കുന്നതിലുമുണ്ട് രാഷ്ട്രിയം. ആശയങ്ങളുടെയും നിലപാടുകളുടെയും പേരില്‍ ബഹുമതികള്‍ തിരസ്കരിച്ച മഹല്‍ വ്യക്തികള്‍ ചരിത്രത്തിലുണ്ട്.
എങ്കിലും ശൈലജ ടിച്ചറും മഗ്‌സസേ ബഹുമതിയും പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. കേരളത്തിലെ ഒരു മന്ത്രിയെന്ന നിലയ്ക്ക് വലിയ കാര്യങ്ങള്‍ ചെയ്തതിനാണ് മഗ്‌സസേ ഫൗണ്ടേഷന്‍ ഈ ബഹുമതി ശൈലജ ടീച്ചര്‍ക്കു വെച്ചു നീട്ടിയത്. അതു കേരള സര്‍ക്കാരിനു മാത്രമല്ല, സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണിക്കും അതിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മിനും കിട്ടുന്ന ഒരു ബഹുമതിയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ആഗോള തലത്തില്‍ കിട്ടുന്ന ഈ നേട്ടം ലഭ്യമാക്കാവുന്ന ലാഭം ചില്ലറയല്ല. ആരോഗ്യ സൂചികകളുടെ കാര്യത്തില്‍ വളരെ നേരത്തേ തന്നെ സമ്പന്ന രാജ്യങ്ങളോടൊപ്പമെത്തിയ കേരളത്തിന് ഈ ബഹുമതി വിലപ്പെട്ടതു തന്നെയാവുമായിരുന്നു.
എല്ലാ ബഹുമതികള്‍ക്കുമുണ്ട് രാഷ്ട്രീയം. അതു തിരസ്കരിക്കുന്നതിലുമുണ്ട് രാഷ്ട്രീയം. ബഹുമതി തിരസ്കരിക്കുന്നതിലൂടെ ശൈലജ ടീച്ചര്‍ കൂടുതല്‍ തിളക്കം നേടുകയാണ്.