എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സമസ്ത കേരള ജമാ അത് ഉല്‍ ഉലെമ എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബെക്കര്‍ മുസലിയാര്‍ക്കും ഡോക്ടറേറ്റ് നല്‍കാന്‍ കാലിക്കട്ട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ പ്രമേയം. പ്രമേയം അവതരിപ്പിച്ചത് ഇടതു അനുകൂലിയായ സിന്‍ഡിക്കേറ്റംഗം ഇ. അബ്ദു റഹിം.
രണ്ടു പ്രബല സമുദായ നേതാക്കള്‍ക്കു ഡോക്ടറേറ്റ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന ഇടതുപക്ഷാംഗം കൂടിയായ ഒരു സിന്‍ഡിക്കേറ്റംഗത്തിന്‍റെ പ്രമേയം പെട്ടെന്നാണു വിവാദമായത്. വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യൂണിയന്‍റെ ജനറല്‍ സെക്രട്ടറിയാണ്. കാന്തപുരമാവട്ടെ, ഒരു പ്രമുഖ മുസ്ലിം സംഘടനയുടെ നേതാവും.
ഈ രണ്ടു നേതാക്കളും ഇടതു പക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്നവരാണെന്നതാണ് വിഷയം. പെട്ടെന്നു വിവാദമാവാന്‍ കാരണം വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബെക്കര്‍ മുസലിയാരും വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ളവരാണെന്ന കാര്യവും ശ്രദ്ധിക്കണം.
സ്വന്തം ജീവിതം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും പൊതു സമൂഹത്തിന് അതിമഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെയാണ് സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിക്കുക. വിദ്യാഭ്യാസ രംഗത്തോ, സാമൂഹ്യ പ്രവര്‍ത്തന മേഖലയിലോ ഉയര്‍ന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചവരെ തന്നെയാവണം ഈ മഹനീയ യോഗ്യതയ്ക്കു പരിഗണിക്കേണ്ടത്.
സര്‍വകലാശാല തന്നെ ഉന്നതമായ പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയുമൊക്കെ കേന്ദ്രമാണെന്ന കാര്യവും പ്രധാനമാണ്. ഒരു മഹനീയ വ്യക്തിക്ക് ഡോക്ടറേറ്റ് അല്ലെങ്കില്‍ ഡി.ലിറ്റ് ബിരുദം ഒരു സര്‍വകലാശാല സമ്മാനിക്കുമ്പോള്‍ ആ സര്‍വകലാശാലയും ആദരം ഏറ്റുവാങ്ങുകയാണ്.
ഇവിടെ കാലിക്കട്ട് സര്‍വകലാശാലയുടെ ഡീലിറ്റ് ബിരുദത്തിനു വേണ്ടി സിന്‍ഡിക്കേറ്റംഗമായ അബ്ദു റഹിം ശുപാര്‍ശചെയ്ത രണ്ടു പേരും അതതു സമുദായത്തിന്‍റെ മാത്രം പ്രതിനിധികളാണ്. വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്നു. കാന്തപുരമാവട്ടെ, മുസ്ലിം സമുദായത്തില്‍ ഒരു വിഭാഗത്തെയും. ഇരുവരും പൊതുസമൂഹത്തിന്‍റെ ഉന്നതരായ പ്രതിനിധികളാണെന്ന് അവര്‍ പോലും അവകാശപ്പെടാന്‍ സാധ്യതയില്ലെന്നോര്‍ക്കണം. അതതു സമുദായത്തിന്‍റെ സ്വന്തം താല്‍പര്യങ്ങളുടെയും ചിന്തകളുടെയും വിശ്വാസങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും സംരക്ഷകരാണ് ഇവര്‍ രണ്ടു പേരുമെന്നത് പൊതുസമൂഹത്തിനു നല്ല ബോധ്യമുള്ള കാര്യമാണുതാനും. ഇവരുടെ സ്വന്തം സമുദായ താല്‍പര്യങ്ങളും ചിന്തകളുമൊന്നും കേരളത്തിന്‍റെ പൊതു സമൂഹ താല്‍പര്യങ്ങളുമായി യോജിച്ചു പോകുന്നവയുമല്ല.
ശ്രീനാരായണ ഗുരുദേവന്‍ മുതല്‍ കേരളത്തിന്‍റെ സ്വന്തം നവോത്ഥാന നായകരൊക്കെ രൂപപ്പെടുത്തിയെടുത്ത കേരള സമൂഹത്തിനും അതിന്‍റെ സംസ്കാരത്തിനും വലിയൊരു പൈതൃകമുണ്ട്. ഏതെങ്കിലുമൊരു സമുദായത്തെയോ അതിന്‍റെ നേതാക്കളെയോ അവരുടെ ഇടുങ്ങിയ ചിന്തകളെയോ അങ്ങനെയങ്ങ് അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാവാത്തതാണ് കേരളത്തിന്‍റെ മനസ്. നീണ്ട കാലഘട്ടം കൊണ്ട് രൂപപ്പെട്ട മനസാണത്.
കേരളീയ മനസിന്‍റെ ഈ സ്വഭാവത്തെ ചോദ്യം ചെയ്യുന്നതായി കാലിക്കട്ട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലെ ഒരംഗം രണ്ടു സമുദായ നേതാക്കള്‍ക്കു വേണ്ടി അവതരിപ്പിച്ച പ്രമേയം. രണ്ടു പേരും വിദ്യാഭ്യാസ രംഗത്തു നല്‍കിയ സംഭാവനകളുടെ പേരിലാണത്രെ ഈയംഗം ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കാന്‍ മുതിര്‍ന്നത്.
ഐക്യകേരളത്തിന്‍റെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശേരിയെപ്പറ്റി ഈ അംഗത്തിന് എന്തെങ്കിലുമറിയുമോ ? 1960 -ലെ പട്ടം മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കറെപ്പറ്റി എന്തെങ്കിലുമറിയുമോ ? ആര്‍. ശങ്കര്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പറ്റിയും അവയുടെ നടത്തിപ്പിനെപ്പറ്റിയും എന്തെങ്കിലുമറിയുമോ ? 1967 -ലെ ഇ.എം.എസ് ഗവണ്‍മെന്‍റില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെപ്പറ്റി എന്തറിയാം ? വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സി.എച്ച് മുന്‍കൈ എടുത്തു സ്ഥാപിച്ച കാലിക്കട്ട് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റിലിരുന്നാണ് ഇങ്ങനെയൊരു അറുപിന്തിരിപ്പന്‍ പ്രമേയം അവതരിപ്പിക്കാന്‍ ഈ അംഗം തുനിഞ്ഞതെന്ന് അദ്ദേഹത്തിനറിയുമോ ?
മഹാന്മാരായ ഈ രാഷ്ട്രീയ നേതാക്കള്‍ കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഡി.ലിറ്റ് നല്‍കണമെന്ന് ഈ അംഗം ശുപാര്‍ശ ചെയ്യുന്ന സമുദായ നേതാക്കള്‍ കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകളുടെ വലിപ്പം എത്രകണ്ടു വരും ?