ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ സംസ്ഥാനത്ത് പുതുതല്ലെങ്കിലും, ഇപ്പോഴത്തേതിന്‌ മാനങ്ങളേറെ ! സര്‍വകലാശാല ബില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ എങ്ങനെ വിലയിരുത്താന്‍ സാധിക്കും? വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ ലക്ഷ്യം വയ്ക്കുന്നതെന്ത്? നിയമസഭയാണ് നിയമങ്ങളുണ്ടാക്കുന്നതും, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതും, ഇത് അംഗീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

വസാനം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നേര്‍ക്കുനേര്‍. ഗവര്‍ണര്‍ അസംബന്ധം പറയരുതെന്നും ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചു വര്‍ത്തമാനം പറയണമെന്നും ഓര്‍മിപ്പിച്ച് പിണറായി വിജയന്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പോര്‍മുഖം തുറക്കുകയാണ്. തിരിച്ചടിച്ച് ഗവര്‍ണറും.

ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള തര്‍ക്കങ്ങളും പിണക്കങ്ങളും സംസ്ഥാനത്ത് പുതുതല്ലെങ്കിലും ഇപ്പോഴത്തെ പോരിന് മാനങ്ങളേറെയുണ്ട്. പല വിഷയങ്ങളെപ്പറ്റിയും അതിരുവിട്ട പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിശക്തമായിത്തന്നെ പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കിയതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോരായി മാറിയിരിക്കുകയാണ് ഈ വിഷയം.

സംസ്ഥാന നിയമസഭ പാസാക്കിയ സര്‍വകലാശാലാ ബില്ലിനും ലോകായുക്ത ബില്ലിനും ഗവര്‍ണറുടെ അംഗീകാരം കിട്ടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. സര്‍വകലാശാലാ ബില്ലില്‍ കണ്ണടച്ച് ഒപ്പിടില്ലെന്നാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞത്. സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടാന്‍ താന്‍ വെറുമൊരു റബര്‍ സ്റ്റാമ്പല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഇതുവരെ സര്‍വകലാശാലാ തലത്തില്‍ നടന്ന നിയമപരമല്ലാത്ത നടപടികള്‍ സാധൂകരിക്കാനാണ് സര്‍ക്കാര്‍ സര്‍വകലാശാലാ ബില്‍ കൊണ്ടുവന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. എന്നാല്‍ ബില്ലുകള്‍ നേരിട്ടു കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍ അതു മുഖ്യമന്ത്രി അറായാതെയാണെന്ന് എങ്ങനെ പറയുമെന്നും ഗവര്‍ണര്‍ ചോദിച്ചു.


ഇതില്‍ രണ്ടിടത്ത് ഗവര്‍ണര്‍ക്കു തെറ്റുപറ്റിയോ എന്നു ന്യായമായും സംശയിക്കാം. സര്‍വകലാശാലാ ബില്‍ ഗവര്‍ണര്‍ നേരിട്ടു കാണുകയോ വായിച്ചു കാര്യങ്ങള്‍ ഗ്രഹിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. പിന്നെങ്ങനെ അദ്ദേഹത്തിന് സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങളെ വ്യാഖ്യാനിക്കാനും വിലയിരുത്താനും വിമര്‍ശിക്കാനും കഴിയും ?


മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്‍റെ ബന്ധുക്കളെ നിയമിക്കാനാവുമോ എന്ന ഗവര്‍ണറുടെ ചോദ്യത്തിലും പന്തികേടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെല്ലാം എപ്പോഴും പലതരത്തിലുള്ള നിയമനങ്ങള്‍ നടക്കുന്നുണ്ട്. ഇതിലൊന്നും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ, അവരുടെ ഉദ്യോഗസ്ഥ ബന്ധുക്കളാരും പാടില്ലെന്നുണ്ടോ ? ഈ നിയമനങ്ങളെപ്പറ്റിയെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നുണ്ടോ ? യോഗ്യതയുള്ളവര്‍ക്കും ബന്ധുവാണെങ്കില്‍ നിയമനം നിഷേധിക്കണമോ ?

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ പ്രിയാ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നടപടികളാണ് രാഷ്ട്രീയ വിവാദമായിരിക്കുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവു പ്രകാരം പ്രിയാ വര്‍ഗീസിന് നിയമാനുസൃതമായുള്ള അധ്യാപന പരിചയം ഇല്ലെന്നാണ് യു.ജി.സി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പി.എച്ച്.ഡിക്കു പഠിക്കാന്‍ എടുത്ത അവധി അധ്യാപനപരിചയമായി കണക്കാക്കാനാവില്ലെന്ന് യു.ജി.സി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമപരമായി തനിക്കു മതിയായ അധ്യാപന പരിചയമുണ്ടെന്ന് പ്രിയാ വര്‍ഗീസും വാദിക്കുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയാണ് തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യയാണ് പ്രിയാ വര്‍ഗീസ്.

അധ്യാപക നിയമനം സംബന്ധിച്ച യു.ജി.സി നിബന്ധനകള്‍ എല്ലാ സര്‍വകലാശാലകളിലും നടപ്പിലായിട്ടുണ്ടോ, വിവിധ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ ഈ നിബന്ധനകളനുസരിച്ചു തന്നെയാണോ നടക്കുന്നത് എന്നിത്യാദി കാര്യങ്ങളും ഹൈക്കോടതിയുടെ മുമ്പിലെത്തും. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തെപ്പറ്റിയാണ് ഗവര്‍ണര്‍ ആവേശപൂര്‍വം സംസാരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.

വളരെ വികാരപരമായിത്തന്നെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആക്ഷേപം ചൊരിയുന്നത്. എല്ലാം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍. താന്‍ ഗവര്‍ണറായിരിക്കുന്നിടത്തോളം കാലം സര്‍ക്കാരിനു തോന്നുന്ന രീതിയില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സമ്മതിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തുകതന്നെ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.


എന്താണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ലക്ഷ്യം ? വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉറപ്പിച്ചു കിട്ടണമെന്നാണോ ? സര്‍ക്കാരിന് ആ അധികാരമില്ലെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗവര്‍ണര്‍ക്കാണ് ആ അധികാരമെന്നല്ലേ അദ്ദേഹം ഉദ്ദേശിക്കുന്നത് ? അതിനര്‍ത്ഥം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്, ആ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബി.ജെ.പിക്ക്, അതിനു പിന്നിലെ ശക്തിയായ സംഘപരിവാറിന്, വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരവും അവകാശവും വേണമെന്നല്ലേ ?


കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ജനാധിപത്യ ക്രമം തന്നെയാണ് അത്. ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണ് അധികാരം. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ് അധികാരം. ജനപ്രതിനിധികളാണ് നിയമസഭാംഗങ്ങള്‍. ഈ നിയമസഭയാണ് നിയമങ്ങളുണ്ടാക്കുന്നത്. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്. ഇത് അംഗീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. അംഗീകരിക്കുക മാത്രമാണ് ഗവര്‍ണറുടെ മുമ്പിലുള്ള പോംവഴി.

നിയമം നിര്‍മിക്കാനോ നിയമത്തില്‍ ഭേദഗതി വരുത്താനോ ഗവര്‍ണര്‍ക്ക് ഒരധികാരവുമില്ല. അത് ഗവര്‍ണറുടെ ചുമതലയല്ല തന്നെ. ഗവര്‍ണറുടെ അധികാരവുമല്ല. ഗവര്‍ണറുടെ ചുമതലകളും അധികാരങ്ങളും ഭരണഘടനയില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഇതൊരു ഭരണഘടനാ സ്ഥാനമാണ്. ആ സ്ഥാനത്തിന്‍റെ പ്രൗഢിയും അന്തസും നിലനിര്‍ത്തേണ്ടത് കാലാകാലങ്ങളില്‍ ആ സ്ഥാനത്തു വരുന്നവരാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണിത്.

Advertisment