പ്രസി‍ഡന്‍റായി ചൊല്‍പ്പടിക്ക് നില്‍ക്കുന്ന നേതാവിനെ ഹൈക്കമാന്‍റ് കണ്ടെത്തിക്കഴിഞ്ഞു; ഹൈക്കമാന്‍റ് എന്നാല്‍ അമ്മയും രണ്ടു മക്കളും എന്നു മാത്രം അര്‍ത്ഥം; ഇവരുടെ നേതൃത്വത്തിലാണ്‌ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോറ്റത്‌! കേരളത്തില്‍ തരൂരിനു വോട്ടു ചെയ്യുമെന്നു പറയുന്നവര്‍ വളരെ കുറവ്‌, ജി - 23യും ഒപ്പമില്ല; ഹൈക്കമാന്‍റിന്‍റെ സ്വന്തം സ്ഥാനാര്‍ഥിയായി ഖാര്‍ഗെ അംഗീകാരം നേടുന്നു; എല്ലാം ഹൈക്കമാന്റ് പറയുന്നതു പോലെയെന്ന മട്ടില്‍ പ്രമുഖ നേതാക്കളും; തരൂരിനെ ആർക്കാണ് പേടി?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി ശശി തരൂരിനെ വേണ്ട എന്നു പറയാന്‍ കോണ്‍ഗ്രസില്‍ ഒട്ടേറെ പേരുണ്ട്. ഹൈക്കമാന്‍റിന് താല്‍പര്യമേതുമില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളു ശശി തരൂരിനു വോട്ടു ചെയ്യുമെന്നു പറയുന്നവര്‍. ജി - 23 വിഭാഗത്തില്‍പെട്ടവരെല്ലാം തന്നെ തരൂരിനെതിരെ തിരിഞ്ഞിരിക്കുന്നു. ഹൈക്കമാന്‍റിന്‍റെ സ്വന്തം സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരക്കെ അംഗീകാരം നേടുന്നു. എന്താണ് ശശി തരൂരിന്‍റെ കുഴപ്പം ?


ശശി തരൂരിന് കുഴപ്പമെന്തെങ്കിലുമുണ്ടെന്ന് ഇവരാരും പറയുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എന്തെങ്കിലും അധിക മികവുണ്ടെന്നു പറയാനും ഇവരാരും തയ്യാറല്ല. ആകെ പറയാവുന്നത് ഒന്നു മാത്രം - ഹൈക്കമാന്‍റിനു താല്‍പര്യം ഖാര്‍ഗെയോടാണ്.


അതുകൊണ്ട് ഞങ്ങളുടെ താല്‍പര്യവും ഖാര്‍ഗെയോടുതന്നെ. 2024 -ല്‍ നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കിയെടുക്കേണ്ട പുതിയ പ്രസിഡന്‍റിനെപ്പറ്റി പ്രമുഖ നേതാക്കള്‍ക്കു പോലും ഒരഭിപ്രായമേയുള്ളു - ഹൈക്കമാന്‍റ് പറയുന്നതുപോലെ.

publive-image

കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍റ് എന്നാല്‍ മൂന്നേ മൂന്നു പേര്‍ മാത്രം. അമ്മ സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്കാ ഗാന്ധി. രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോറ്റത് ഈ മൂന്നു നേതാക്കള്‍ സംഘടനയെ നിയന്ത്രിച്ചുകൊണ്ടിരുന്നപ്പോഴാണ്. ഇനി പ്രസിഡന്‍റാവാന്‍ താനില്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പിച്ചു പറയുന്നു.

നെഹ്റു കുടുംബത്തില്‍ നിന്നും തന്നെ ആരും പ്രസിഡന്‍റാകേണ്ട എന്നും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. അങ്ങനെ നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ തേടി നടന്ന അന്വേഷണം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിലെത്തി. പക്ഷെ മുഖ്യമന്ത്രി സ്ഥാനം കൈവിട്ട് ഒരു കളിക്കുമില്ലെന്നായി ഗെഹ്ലോട്ട്. പിന്നെ തിരക്കിട്ട് ഒരാളെ കണ്ടുപിടിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവാണദ്ദേഹം.


കോണ്‍ഗ്രസില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ടു ചെയ്യണമെന്നാണ് ശശി തരൂരിന്‍റെ അഭ്യര്‍ത്ഥന. ശശി തരൂരിനാണ് കോണ്‍ഗ്രസിന് കൃത്യമായൊരു ദിശാബോധം നല്‍കാന്‍ കഴിയുക എന്ന്‌ മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥനും ചൂണ്ടിക്കാട്ടി. ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന് വിശ്വസനീയമായ ബദല്‍ മുന്നോട്ടു വെയ്ക്കാന്‍ തരൂരിനു കഴിയുമെന്നും ശബരീനാഥന്‍റെ അഭിപ്രായം.


ഇന്നിപ്പോള്‍ കോണ്‍ഗ്രസിനു വേണ്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ ശേഷിയുള്ള ഒരു കരുത്തന്‍ നേതാവിനെയാണ്. ഇന്നും ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ നിര കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള നേതാവും തരൂര്‍ തന്നെ. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്കു മാത്രമേ പ്രതിപക്ഷ കക്ഷികളയെല്ലാം കൂട്ടിയിണക്കി ഒരു മുന്നണിയുണ്ടാക്കാനുള്ള ശേഷിയുണ്ടാകൂ. വേണ്ടത് ഒരു നല്ല നേതാവ്.

സോണിയാ ഗാന്ധിക്കു പ്രായത്തിന്‍റെ ക്ഷീണമുണ്ട്. കടുത്ത ആരോഗ്യ പ്രശ്നങ്ങളും. രണ്ട് സര്‍ക്കാരുകള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കാന്‍ കഴിഞ്ഞ നേതാവാണു സോണിയാ ഗാന്ധി എന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മിക്കുകയും ചെയ്യുന്നു. ഒന്നും രണ്ടും യു.പി.എ ഗവണ്‍മെന്‍റുകള്‍ക്ക് സമര്‍ത്ഥമായ നേതൃത്വം നല്‍കിയ നേതാവുതന്നെയാണു സോണിയാ ഗാന്ധി.

പക്ഷെ അടുത്ത തലമുറയായപ്പോള്‍ കാര്യങ്ങള്‍ എങ്ങുമെത്തിയില്ല. സമര്‍ത്ഥനായ ഒരു ദേശീയ നേതാവിന്‍റെ പ്രതിഛായ കൈവരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും കഴി‍ഞ്ഞില്ല. നേതൃത്വത്തിലേക്കുള്ള ഓട്ടത്തില്‍ പ്രിയങ്കാ ഗാന്ധിയും പതറി വീണു. ഇതിനും പുറമെ കുടുംബാധിപത്യമാണു കോണ്‍ഗ്രസില്‍ എന്ന നരേന്ദ്ര മോദിയുടെ പരിഹാസം. അതുകൊണ്ടുതന്നെയാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരാള്‍ പ്രസിഡന്‍റാവട്ടെ എന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി ഒഴി‍ഞ്ഞു മാറുന്നത്.

പക്ഷേ അതു മാത്രമോ കാര്യം ? അധികാരത്തില്‍ നിന്നും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്വഭാവം തന്നെയാണ് രാഹുല്‍ ഗാന്ധി എപ്പോഴും കാണിച്ചിട്ടുള്ളത്. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഒരു പ്രധാന വകുപ്പിന്‍റെ ചുമതലയേറ്റ് മന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയെ പലരും ഉപദേശിച്ചതാണ്. ഭരണത്തില്‍ നല്ല പരിചയം നേടാന്‍ ഇത് അദ്ദേഹത്തെ സഹായിക്കുമായിരുന്നു.

publive-image

രണ്ടാം യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു പകരം ഒന്നോ രണ്ടോ വര്‍ഷക്കാലം പ്രധാനമന്ത്രിയാകാന്‍ പോലും അദ്ദേഹത്തിനു കഴിയുമായിരുന്നു. അതിനും രാഹുല്‍ ഗാന്ധി തയ്യാറായില്ല.


നല്ല ഭരണം കാഴ്ചവെച്ച് ഒരു മികച്ച ഭരണാധികാരിയാണു താനെന്നു തെളിയിക്കാനും ആവശ്യമായ ഭരണ പരിചയം സ്വന്തമാക്കാനുമുള്ള അവസരമാണ് അദ്ദേഹം കളഞ്ഞുകുളിച്ചത്. അധികാരത്തില്‍ നിന്നും അവസരങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും എന്നും ഒളിച്ചോടുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിട്ടുള്ളത്.


ഇന്നിപ്പോള്‍ പ്രസി‍ഡന്‍റായി ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്ന ഒരു നേതാവിനെ കണ്ടെത്തിക്കഴിഞ്ഞു ഹൈക്കമാന്‍റ്. ഹൈക്കമാന്‍റ് എന്നാല്‍ അമ്മയും രണ്ടു മക്കളും എന്നു മാത്രമേ അര്‍ത്ഥമുള്ളു. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അതിനു സമ്പൂര്‍ണ പിന്തുണ നല്‍കുന്ന അര്‍.എസ്.എസിനെയും നേരിടാന്‍ നെഹ്റു കുടുംബവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ധാരാളം എന്ന് അനുയായികളും.

അപ്പോള്‍ പിന്നെ 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പോ ? തെരഞ്ഞെടുപ്പു വരും, പോകും. ഹൈക്കമാന്‍റും കുടുംബവും എന്നെന്നും നിലനില്‍ക്കുമെന്നു മറുപടി.

Advertisment