ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിക്കൊണ്ട് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അവസാനിച്ചു. ബുധനാഴ്ച ഫലമറിയാം. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ വോട്ടു ചെയ്തു. തെരഞ്ഞെടുപ്പും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.
24 വര്‍ഷത്തിനു ശേഷം നെഹ്റു കുടുംബത്തിനു പുറത്തുള്ളയാള്‍ പ്രസിഡന്‍റാവുമെന്നതു തീര്‍ച്ച. അതു മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരിക്കുമെന്ന കാര്യത്തിലും സംശയമേതുമില്ല. പക്ഷെ ഈ തെരഞ്ഞെടുപ്പ് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടത് ശശി തരൂര്‍ മത്സരരംഗത്തുണ്ടായതു കൊണ്ടു മാത്രം. എങ്കിലും തരൂരിനെ തോല്‍പ്പിക്കാന്‍ ഔദ്യോഗിക പക്ഷത്തെ ചെറുതും വലുതുമായ നേതാക്കള്‍ ഏറെ പണിയെടുത്തു. ഒന്നുമറിഞ്ഞില്ലേ എന്നു നടിച്ച് നെഹ്റു കുടുംബം മിണ്ടാതിരുന്നു.
ഡോ. ശശി തരൂരിനെപ്പോലൊരു പ്രഗത്ഭ നേതാവിനെ പാര്‍ട്ടിയുടെ തലപ്പത്തു വരാന്‍ അനുവദിക്കരുതെന്ന മട്ടിലുള്ള പ്രചാരണം ആദ്യം മുതലേ നടന്നിരുന്നു. നെഹ്റു കുടുംബം നിഷ്പക്ഷത പാലിക്കുമെന്ന പ്രചാരണം കനക്കുമ്പോഴും ഹൈക്കമാന്‍റിന്‍റെ ആളുകള്‍ തരൂരിനെതിരെ പ്രചാരണത്തില്‍ ഏര്‍പ്പെട്ടു. ഒരു കാരണവശാലും തരൂര്‍ ജയിച്ചുകൂടെന്ന പിടിവാശിയും അവര്‍ക്കുണ്ടായിരുന്നു. ഇത്തരം നേതാക്കളധികവും കേരളത്തില്‍ നിന്നുള്ളവരായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യം.
ശശി തരൂര്‍ എ.ഐ.സി.സി പ്രസിഡന്‍റായാല്‍ പാര്‍ട്ടിയില്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്ന പേടിയാണ് ഈ നേതാക്കളെ സ്വാധീനിച്ചത്. നോമിനേഷനിലൂടെ നേതൃസ്ഥാനത്തെത്തിയവരാണ് വോട്ടര്‍മാരും. ഇവര്‍ക്കും ഹൈക്കമാന്‍റിന്‍റെ ഇംഗീതത്തിനനുസരിച്ചു മാത്രമേ വോട്ടുചെയ്യാനാകൂ.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെ കേരളത്തിലെ നേതൃത്വത്തിന്‍റെ ഒരു നീണ്ട നിരതന്നെ ശശി തരൂരിനെതിരെ നിലകൊണ്ടു. എം.കെ രാഘവന്‍, കെ. ശബരീനാഥന്‍, തമ്പാനൂര്‍ രവി എന്നിങ്ങനെ ചുരുക്കം ചിലര്‍ മാത്രം തരൂരിനൊപ്പം നിലയുറപ്പിച്ചു.
കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല നേതാക്കളും ശശി തരൂര്‍ മത്സരിക്കാനിറങ്ങിയതിനെത്തന്നെ അപഹസിച്ചു. തരൂര്‍ മത്സര രംഗത്തു നിന്നു പിന്‍മാറേണ്ടതായിരുന്നുവെന്നാണ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞത്. തരൂര്‍ മത്സര രംഗത്തുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് ഈ തെരഞ്ഞെടുപ്പിന് ഇന്ത്യയിലുടനീളം ഒരു രാഷ്ട്രീയ പ്രാധാന്യം കിട്ടിയതെന്ന വസ്തുത കൊടിക്കുന്നില്‍ സുരേഷിനേപ്പോലെയുള്ള നേതാക്കള്‍ മറക്കുകയും ചെയ്യുന്നു.
രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിനെ പുതിയൊരു വളര്‍ച്ചയിലേയ്ക്കു നയിക്കാന്‍ വേണ്ടത് പ്രാഗത്ഭ്യമുള്ള ഒരു നേതൃത്വം തന്നെയാണ്. ഒരു കുടുംബത്തിലെ അമ്മയുടെയും രണ്ടു മക്കളുടെയും നേതൃത്വം തുടര്‍ച്ചയായ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തോടെ ആകെ ക്ഷയിച്ചിരിക്കുന്നു. 2019 - ലെ പരാജയത്തോടെ രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഉപേക്ഷിച്ചിട്ടു മാറി നില്‍ക്കുകയും ചെയ്തു.
ഇന്നും കോണ്‍ഗ്രസിലെ പ്രധാന ശക്തി കേന്ദ്രം നെഹ്റു കുടുംബം തന്നെയാണ്. സോണിയാ ഗാന്ധി ഇപ്പോഴും പ്രസിഡന്‍റായിരുന്ന് പാര്‍ട്ടിയെ നയിക്കുന്നു. വയസ് 75 ആയി. രോഗത്തിന്‍റെ ക്ഷീണവുമുണ്ട്.
സമര്‍ത്ഥനായൊരു നേതാവു തലപ്പത്തുണ്ടായെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഇന്നു രാജ്യത്തുള്ള വലിയ വെല്ലുവിളികളെ നേരിടാനാവൂ. തുടര്‍ച്ചയായി രണ്ടു യു.പി.എ ഗവണ്‍മെന്‍റുകള്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നുവെന്നതും ശരി തന്നെ. പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയം ഇന്നു പാടേ മാറിയിരിക്കുന്നു.
രണ്ടു തവണ ഇന്ത്യ ഭരിച്ചശേഷമാകും 2024 - ല്‍ ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങുക എന്ന കാര്യം ഓര്‍ക്കണം. സമൂഹത്തില്‍ വിഭാഗീയ-വര്‍ഗീയ ചിന്തകള്‍ വളര്‍ത്തി ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയെ സഹായിക്കാനുണ്ട്. രാജ്യത്തിന്‍റെ സര്‍വ മേഖലകളിലും ഈ സംഘടനകളൊക്കെയും പിടിമുറുക്കി കഴിഞ്ഞു. ന്യൂനപക്ഷ വിരോധം തന്നെയാണ് ഇവരുടെ അടിസ്ഥാന മുദ്രാവാക്യം എന്ന കാര്യവും ഓര്‍ക്കണം.
ബി.ജെ.പി ഇങ്ങനെ സര്‍വ ശക്തിയും സംഭരിച്ചു മുന്നേറുമ്പോള്‍ അതിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ അപാര ശേഷി വേണം. ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷനിര കെട്ടിപ്പടുക്കാനുള്ള ശേഷി കോണ്‍ഗ്രസിനുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. മിക്ക സംസ്ഥാനങ്ങളിലും നല്ല വേരോട്ടമുള്ള പാര്‍ട്ടി തന്നെയാണു കോണ്‍ഗ്രസ്.
ഔദ്യോഗിക നേതൃത്വത്തിന്‍റെ പിന്തുണയുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്‍റാകുമെന്ന കാര്യം ഉറപ്പായിരിക്കുന്നു. ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ നിര ഉണ്ടാക്കിയെടുക്കാനും മാത്രമുള്ള കെല്‍പ്പ് 80 - കാരനായ ഖാര്‍ഗെയ്ക്കുണ്ടോ ? മോദിക്കെതിരെ പ്രതിപക്ഷത്തിന്‍റെ കരുത്തിന്‍റെയും ശക്തിയുടെയും ശബ്ദമാകാന്‍ ഖാര്‍ഗേയ്ക്കാകുമോ ? പാര്‍ട്ടിയിലേയ്ക്ക് കൂടുതല്‍ യുവാക്കളെ ആര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടോ ?
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥാനാര്‍ത്ഥിയാക്കിയ നേതൃത്വത്തിനും ആ നേതൃത്വത്തെ കണ്ണുമടച്ചു പിന്താങ്ങാനിറങ്ങിയ കോണ്‍ഗ്രസുകാര്‍ക്കും ഇത്തരം ചിന്തകളൊന്നും ഉണ്ടാകാനിടയില്ല തന്നെ. കോണ്‍ഗ്രസ് പ്രസിഡന്‍റായി ശശി തരൂര്‍ വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിന്‍റെ നല്ല ഭാവിയിലേയ്ക്കുള്ള ഒരു വഴിത്തിരിവാകുമായിരുന്നു.
അങ്ങനെ അതി പ്രഗത്ഭനായൊരാള്‍ കോണ്‍ഗ്രസിന്‍റെ തലപ്പത്തേയ്ക്കു വരേണ്ട എന്ന് ചിലര്‍ ശാഠ്യം പിടിച്ചുവെന്ന കാര്യം വ്യക്തം. കോണ്‍ഗ്രസ് തകര്‍ന്നാലും വേണ്ടില്ല, തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി കിട്ടിയാല്‍ മതിയെന്നു മാത്രം ചിന്തിക്കുന്ന നേതാക്കളും ഒപ്പം കൂടി. രാഹുലിനേക്കാള്‍ പ്രാപ്തിയുള്ള ഒരാള്‍ നേതാവാകേണ്ട എന്ന ഒരമ്മയുടെ അഭിലാഷം തന്നെ അതിനടിസ്ഥാനം.