ലോകായുക്താ, സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പു വെച്ചിട്ടില്ല; ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സിനും ഇതാണ്‌ ഗതിയെങ്കില്‍ കാര്യങ്ങള്‍ വഷളാകും ! കേരളത്തിലെ ഭരണ നേതൃത്വത്തോട് ഒട്ടും യോജിപ്പില്ലാത്ത ബി.ജെ.പിയാണ് കേന്ദ്രം ഭരിക്കുന്നത്‌; അതുകൊണ്ടുതന്നെയാണ് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനോട് കലഹിക്കുന്നതും; ഈ പോരില്‍ ഗവര്‍ണര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല, സര്‍ക്കാരിനു നഷ്ടപ്പെടാന്‍ ഏറെയുണ്ട് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് വരുന്നു. ഇക്കാര്യം മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാരിനു മുമ്പില്‍ പ്രശ്നങ്ങളേറെ. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കുമോ ?

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍ നിയമസഭ ചേരുമ്പോള്‍ സര്‍ക്കാരിന് ഓര്‍ഡിനന്‍സിനു പകരം ബില്‍ അവതരിപ്പിക്കാം. ഇടതുപക്ഷ സര്‍ക്കാരിനു നല്ല ഭൂരിക്ഷമുള്ള നിയമസഭയില്‍ ബില്‍ നിഷ്പ്രയാസം പാസാക്കാനാവും. പക്ഷെ ബില്‍ നിയമമാവണമെങ്കില്‍ അതില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കാന്‍ തീരെ സാധ്യതയില്ല.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കി പകരം അക്കാദമിക് രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തികളെ ചാന്‍സലര്‍മാരാക്കാനാണ് ഗവണ്‍മെന്‍റ് ഒരുങ്ങുന്നത്. ചാന്‍സലര്‍ എന്നത് ഒരു ഉന്നത പദവി തന്നെയാണ്. ഇതുവരെ കേരളത്തിലെ സര്‍വകലാശാലകള്‍ക്കൊക്കെയും ഗവര്‍ണറെ ചാന്‍സലറാക്കുക എന്നതായിരുന്നു പതിവ്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ഈ പതിവു മാറ്റാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.


നേരത്തെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനമെന്നു പറഞ്ഞ് ഗവര്‍ണര്‍ ക്ഷുഭിതനായപ്പോഴാണ് സര്‍വകലാശാലകളിലെ ചാന്‍സലര്‍ വിഷയം ചര്‍ച്ചാവിഷയമായത്. താന്‍ ഗവര്‍ണറായിരിക്കുന്നിടത്തോളം കാലം ഒരു സര്‍വകലാശാലയിലും അനധികൃത നിയമനം സമ്മതിക്കില്ലെന്നും അദ്ദേഹം അന്ന് ഉറപ്പിച്ചു പറഞ്ഞു.


സര്‍ക്കാരുമായുള്ള തര്‍ക്കത്തിന്‍റെ ഒരു ഘട്ടത്തില്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കിക്കൊള്ളാനും അദ്ദേഹം ഗവണ്‍മെന്‍റിനോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ അപ്പോള്‍ത്തന്നെ അതില്‍ താന്‍ ഒപ്പുവെയ്ക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചതാണ്. സര്‍ക്കാര്‍ ആ വഴിക്കു ചിന്തിച്ചതേയില്ല. നടപടിയൊന്നും ഉണ്ടായതുമില്ല.

പക്ഷേ ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള വഴക്കു മൂര്‍ഛിച്ചതേയുള്ളു. ഏറ്റവുമൊടുവില്‍ കേരളത്തിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരൊക്കെയും പിരിഞ്ഞുപൊയ്ക്കൊള്ളണമെന്ന ഗവര്‍ണറുടെ ഉത്തരവ് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കി. ഗവര്‍ണറുടെ നീക്കങ്ങള്‍ക്കു തടയിടേണ്ടത് സര്‍ക്കാരിന്‍റെ ആവശ്യമായിരുന്നു.

ഇപ്പോള്‍ത്തന്നെ ലോകായുക്താ, സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലുകള്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ അവയില്‍ ഒപ്പുവെച്ചിട്ടില്ല. ഗവര്‍ണറുടെ ഒപ്പുണ്ടെങ്കിലേ ബില്ലുകള്‍ നിയമമാകൂ.


നിയമസഭ പാസാക്കുന്ന ഒരു ബില്ലും ഗവര്‍ണര്‍ക്ക് ഒപ്പുവെയ്ക്കാതെ രാജ്ഭവനില്‍ സൂക്ഷിച്ചുവെയ്ക്കാനാവില്ലെന്ന് ഭരണഘടന പ്രത്യേകം പറയുന്നുണ്ട്. പക്ഷെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുകയാണ്. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കംചെയ്യുന്ന സര്‍വകലാശാലാ നിയമഭേദഗതി ഓര്‍ഡിനന്‍സിനും ഇതുതന്നെയാകും ഗതിയെങ്കില്‍ കാര്യങ്ങള്‍ പിന്നെയും വഷളാകും. ഓര്‍ഡിനന്‍സിനു പകരം നിയമസഭയില്‍ ബില്‍ പാസാക്കിയാലും ഗവര്‍ണറുടെ നിലപാട് അതേപടി തുടരാനാണു സാധ്യത.


പ്രതിപക്ഷ കക്ഷികള്‍ ഭരണം നടത്തുന്ന പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ ഭരണത്തിനു തടസമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ ഗവര്‍ണറുമായി തുടര്‍ച്ചയായ ഏറ്റുമുട്ടലിലാണ്. തമിഴ്‌നാട്ടിലും ഇതുതന്നെയാണു സ്ഥിതി. തമിഴ്‌നാടു ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭരണകക്ഷിയിലെ എം.പിമാരും ഭരണ നേതൃത്വവും ചേര്‍ന്ന് രാഷ്ട്രപതിക്ക് നിവേദനം കൊടുത്തിരിക്കുകയാണ്.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചാലും ഇല്ലെങ്കിലും ഡിസംബര്‍ അഞ്ചിനാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പകരം ബില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തന്നെ ബാധിക്കുന്ന ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പുവെയ്ക്കില്ലെന്നുതന്നെയാണ് ഗവര്‍ണറുടെ നിലപാട്. ഓര്‍ഡിനന്‍സ് ആയാലും ബില്‍ ആയാലും ഗവര്‍ണര്‍ അത് രാഷ്ട്രപതിക്കയച്ചുകൊടുത്തേക്കുമെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. ഈ നിയമം ഉടന്‍തന്നെ നിലവില്‍ വരത്തക്കവണ്ണം രാഷ്ടപതി അതിന്മേല്‍ ഒപ്പുവെച്ച് തിരിച്ചയയ്ക്കണമെന്നു നിര്‍ബന്ധവുമില്ല. അങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാരും സര്‍വകലാശാലകളും പ്രതിസന്ധിയിലാകും.

കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണ്. കേരളത്തിലെ ഭരണ നേതൃത്വത്തോട് ഒട്ടും യോജിപ്പില്ലാത്ത കക്ഷി. അതുകൊണ്ടുതന്നെയാണ് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോടു കലഹിക്കുന്നത്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കേണ്ടത്, ഭരണം തങ്ങളുടേതാണ് എന്ന കാര്യമാണ്. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു നോമിനിയാണ്. രാഷ്ട്രപതിയുടെ പ്രതിപുരുഷനായി രാജ്ഭവനില്‍ ഇരിക്കുന്നയാള്‍. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങളും കുറവാണ്. പക്ഷെ കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയം ഗവര്‍ണറുടെ വാക്കുകള്‍ക്കും ചെയ്തികള്‍ക്കും ബലം നല്‍കാന്‍ പോരുന്നവയാണ്.

ഈ പോരില്‍ ഗവര്‍ണര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകര്‍ത്താവല്ല എന്നതുതന്നെ കാരണം. പക്ഷെ സംസ്ഥാനം ഭരിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനു നഷ്ടപ്പെടാന്‍ ഏറെയുണ്ട്. ജനങ്ങളോട് സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നതുതന്നെ കാരണം.

Advertisment