യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ കേരള ഫിഷറീസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണിനു സ്ഥാനം നഷ്ടമായി. വെറ്ററിനറി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു താല്‍ക്കാലിക ചുമതലയേറ്റ കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ഇഷിതാ റോയിക്ക് വേണ്ടത്ര യോഗ്യതയില്ലാത്തതിനാല്‍ ആ സ്ഥാനവും തുലാസിലായി.
യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചു നിയമനം കിട്ടിയ വൈസ് ചാന്‍ലസലര്‍മാരെ പുറത്താക്കണമെന്ന സുപ്രീം കോടതി വിധി വന്നതോടെ കേരളത്തിലെ 12 സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഗവര്‍ണര്‍ ഇവര്‍ക്ക് നല്‍കിയ നോട്ടീസിനു മറുപടി നല്‍കുന്നതിനുള്ള സമയം കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നീട്ടിക്കൊടുത്തിട്ടുണ്ടെന്നു മാത്രം.
യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനമെന്ന നിലയ്ക്കാണ് ഫിഷറീസ് സര്‍വകലാശാലാ (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. അതേ രീതിയില്‍ നോക്കിയാല്‍ വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഇഷിതാ റോയിക്കും സ്ഥാനം നഷ്ടമാകും.
ഐ.എ.എസ് കാരിയായ ഇഷിതാ റോയിയെ ഗവര്‍ണര്‍ തന്നെയാണ് വെറ്ററിനറി വി.സിയായി നിയമിച്ചത്. കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ എന്ന നിലയ്ക്കാണ് ഇഷിതാ റോയിയെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിയമിച്ചത്. അതുകൊണ്ടുതന്നെ ഇവിടെ ജോലി നഷ്ടമാകുന്ന പ്രശ്നമില്ല.
ഇതിനിടയ്ക്കാണ് ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച് ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തത്. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കണം. അതു രാജ്ഭവനില്‍ എത്തും മുമ്പേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിക്കു തിരിച്ചു. തന്നെ ബാധിക്കുന്ന കാര്യമായതിനാല്‍ താനായിട്ട് അതിന്മേല്‍ ഒരു തീരുമാനമെടുക്കില്ലെന്നാണ് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുമായി നീണ്ട ഒരു പോരിനുള്ള ഒരുക്കത്തിലാണ് ഗവര്‍ണര്‍ എന്നര്‍ത്ഥം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായും അതിനു പിന്നിലെ ശക്തികേന്ദ്രമായ ആര്‍.എസ്.എസുമായും നേരിട്ടു ബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാന് അവിടെനിന്നെല്ലാം മതിയായ പിന്തുണ കിട്ടുന്നുണ്ടാവണം.
കേന്ദ്രവും കേരള സംസ്ഥാനവും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറത്ത് ഗവര്‍ണര്‍-ഗവണ്‍മെന്‍റ് ഏറ്റുമുട്ടലിന് പുതിയ മാനങ്ങള്‍ കൈവരികയാണ്.
ഇതില്‍ പ്രധാനം നിയമപ്രശ്നം തന്നെയാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ നിയമാനുസൃതം തയ്യാറാക്കുന്ന ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് എല്ലാ ബാധ്യതയുമുണ്ട്. ഇവിടെ ഒരു വ്യത്യാസമുണ്ടെന്നേയുള്ളു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ ഒഴിവാക്കാനുള്ളതാണ് ഈ ഓര്‍ഡിനന്‍സ്. അതില്‍ താന്‍ തന്നെ ഒപ്പിടുന്നതിന്‍റെ അനൗചിത്യമാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. കേവലമായ അര്‍ത്ഥത്തില്‍ അതില്‍ ശരിയുണ്ട്. പക്ഷെ അതിന്‍റെ പിന്നാമ്പുറത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാണ്. രാഷ്ട്രീയവും.
ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം നിയമമാണുള്ളത്. ഓരോ സര്‍വകലാശാലയുടെയും നിയമം രൂപീകരിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ സ്ഥാനം നല്‍കുക എന്നതായിരുന്നു വര്‍ഷങ്ങളായി കേരളത്തിന്‍റെ പതിവ്. ഇതുവരെ കേരളത്തിലെ ഒരു സര്‍വകലാശാലയിലും ചാന്‍സലറായിരിക്കുന്ന ഗവര്‍ണര്‍മൂലം ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് എക്കാലവും ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ക്കു തന്നെയായിരുന്നു.
ഇപ്പോഴത് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഒരോ സര്‍വകലാശാലയിലും ചാന്‍സലറായി പ്രത്യേക വിദഗ്ദ്ധരെ നിയമിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന്, ഫിഷറീസ് സര്‍വകലാശാലയില്‍ ആ മേഖലയിലെ പ്രമുഖനായ ആളായിരിക്കും ചാന്‍സലറാവുക. കാര്‍ഷിക സര്‍വകലാശാലയ്ക്ക് ഒരു കൃഷി വിദഗ്ദ്ധന്‍ ചാന്‍സലറാകും. കേരള, മഹാത്മാഗാന്ധി, കാലിക്കട്ട് തുടങ്ങിയ പൊതുവിഷയങ്ങളും പഠന മേഖലകളും കൈകാര്യം ചെയ്യുന്ന സര്‍വകലാശാലകള്‍ക്കെല്ലാം കൂടി ഒരു ചാന്‍സലര്‍ മതിയാകും. ചാന്‍സലര്‍ക്ക് പ്രത്യേകം ഓഫീസും സൗകര്യങ്ങളും ഒരുക്കും.
പല സംസ്ഥാനങ്ങളിലും ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോരു രൂക്ഷമാണ്. ഇതു നടക്കുന്നത് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നതു ശ്രദ്ധിക്കണം. പശ്ചിമബംഗാള്‍, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍-ഗവണ്‍മെന്‍റ് പോര് അതിരൂക്ഷം തന്നെയാണ്. ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാടു ഗവണ്‍മെന്‍റ് രാഷ്ട്രപതിക്കു നിവേദനം നല്‍കിയിരിക്കുകയാണ്.
കേരളത്തില്‍ മുമ്പും സി.പി.എം ഭരണത്തിലിരിക്കുമ്പോള്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. രാം ദുലാരി സിന്‍ഹ കേരള ഗവര്‍ണറായി വന്നപ്പോഴാണ് ഇത്തരത്തിലൊരു ഏറ്റുമുട്ടല്‍ ഉണ്ടായത്.
1988 ഫെബ്രുവരി മുതല്‍ 1990 ഫെബ്രുവരി വരെയുള്ള സമയത്താണ് രാം ദുലാരി സിന്‍ഹ കേരള ഗവര്‍ണറായിരുന്നത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്ന രാംദുലാഹി സിന്‍ഹ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്നു.
1987 -ല്‍ അധികാരത്തില്‍ വന്ന ഇ.കെ നായനാര്‍ സര്‍ക്കാരിന്‍റെ കാലമായിരുന്നു അത്. അന്നത്തെ സംഘര്‍ഷവും കേരള സര്‍വകലാശാലയുടെ മേലുള്ള അധികാരത്തെച്ചൊല്ലിയായിരുന്നു. സര്‍വകലാശാലാ സെനറ്റംഗങ്ങളായി സര്‍ക്കാര്‍ പേരു നല്‍കിയ വ്യക്തികളെ അംഗീകരിക്കാന്‍ ഗവര്‍ണര്‍ രാംദുലാരി സിന്‍ഹ സമ്മതിച്ചില്ല. പകരം ഗവര്‍ണര്‍ വേറൊരു ലിസ്റ്റ് തയ്യാറാക്കി സെനറ്റ് അംഗങ്ങളായി സര്‍വകലാശാലയ്ക്ക് അയച്ചു കൊടുത്തു.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങി. ഓരോ വര്‍ഷവും ആദ്യം നിയമസഭ ചേരുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം തുടങ്ങുക. ഗവര്‍ണര്‍ രാംദുലാരി സിന്‍ഹ നയപ്രഖ്യാപന പ്രസംഗം സഭയില്‍ വന്നു വായിക്കാന്‍ തയ്യാറാകുമോ എന്ന് നായനാര്‍ സര്‍ക്കാര്‍ സംശയിച്ചു. സഭ തുടങ്ങാനായില്ലെങ്കില്‍ ബജറ്റ് അവതരണം മുടങ്ങും. സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്യും.
സര്‍ക്കാര്‍ അതിനൊരു പോംവഴി കണ്ടെത്തി. 1988 ഡിസംബര്‍ 21 -ന് നിയമസഭ വിളിച്ചുകൂട്ടി. സമ്മേളനം നിര്‍ത്തിവെയ്ക്കാതെതന്നെ 1989 ജനുവരിയിലും തുടര്‍ന്നു. ഒരു വര്‍ഷമാദ്യം സഭ തുടങ്ങുമ്പോഴാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം വേണ്ടതെന്നത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇങ്ങനെയൊരു തന്ത്രം പ്രയോഗിക്കുകയായിരുന്നു. ജനുവരിയിലും സമ്മേളനം തുടര്‍ന്നപ്പോള്‍ സര്‍ക്കാരിന്‍റെ ബില്ലുകളും മറ്റും പാസാക്കി. ഒപ്പം സംസ്ഥാന ബജറ്റും പാസാക്കി.
അടുത്ത സമ്മേളനം ഡിസംബര്‍ 5 -ന് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് രണ്ടാം പിണറായി മന്ത്രിസഭ. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവരും. ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള പോരിന് ഈ നിയമസഭയാകുമോ വേദി ?
എന്തായാലും സംസ്ഥാന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് സി.പി.എമ്മും അതിന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമാണ്. ഗവര്‍ണറുമായുള്ള പോരില്‍ തിരിച്ചടിയുണ്ടായാല്‍ അത് മുന്നണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി നഷ്ടമായിരിക്കും. ഗവര്‍ണര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. സര്‍ക്കാരിനും അതിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടികള്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടുതാനും. ഇടതുമുന്നണി നേതൃത്വം, പ്രത്യേകിച്ച് സി.പി.എം നേതൃത്വം മനസിലാക്കേണ്ട കാര്യമാണിത്.