"കേരളത്തിന്‍റെ വികസനത്തിന് സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആരു സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി.ഐ.എം എന്നും മുന്നിലുണ്ടാകും. അതിന്‍റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പ്രശ്നത്തിലും ഗവര്‍ണറുടെ പ്രശ്നത്തിലും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആരു സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാന്‍ സി.പി.ഐ.എം പ്രതിജ്ഞാബദ്ധമാണ്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ പ്രശ്നവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല" - സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുസ്ലിം ലീഗുമായുള്ള ബന്ധത്തെക്കുറിച്ച് രേഖപ്പെടുത്തുന്ന വാചകങ്ങള്‍.
പാര്‍ട്ടി മുഖപത്രമായ 'ദേശാഭിമാനി'യുടെ എഡിറ്റോറിയല്‍ പേജില്‍ സര്‍ക്കാരിന്‍റെ ഇടപെടലിന് വലിയ ജനപിന്തുണ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ നിലപാട് വ്യക്തമാക്കുന്നത്. അതിന്‍റെ സാരം ഇത്രമാത്രം - മുസ്ലിം ലീഗിനെപ്പറ്റി നല്ല വാക്കുകള്‍ പറഞ്ഞുവെന്നു കരുതി, ആ പാര്‍ട്ടിയെ സ്വാഗതം ചെയ്യുകയാണെന്ന ധാരണ ആരും വെച്ചുപുലര്‍ത്തേണ്ടതില്ല.
തീര്‍ച്ചയായും ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയെന്നു മാത്രം. അതിലൊരു വ്യതിയാനമുണ്ടായത് അദ്ദേഹത്തിന്‍റെ തന്നെ പ്രസ്താവനകളില്‍ നിന്നാണ്. മുസ്ലിം ലീഗ് ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് എന്ന പ്രസ്താവന കേരള രാഷട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി പത്രത്തിലൂടെ നിലപാട് ഉറപ്പിച്ചു രേഖപ്പെടുത്തുന്നത്.
വിഴിഞ്ഞം സമരം, ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം എന്നീ വിഷയങ്ങളില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാട് ഗവണ്‍മെന്‍റിനെതിരെ യു.ഡി.എഫ് കൈക്കൊണ്ടുപോന്ന പല നിലപാടുകളെയും തിരുത്താന്‍ പോന്നതായിരുന്നു. അത് ഭരണപക്ഷത്തിനു വളരെ സൗകര്യപ്രദമാവുകയും ചെയ്തു. യു.ഡി.എഫില്‍ മുസ്ലിം ലീഗിന്‍റെ ശക്തി വര്‍ദ്ധിക്കാനും ഇതു കാരണമായി.
വിഴിഞ്ഞം സമരത്തില്‍ മത്സ്യത്തൊഴിലാളികളോടൊപ്പം നില്‍ക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ മുസ്ലിം ലീഗ് ഈ വിഷയത്തില്‍ ശക്തമായ ഒരു നിലപാടു സ്വീകരിച്ചു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ കൊണ്ടവന്ന ബില്ലിനെ എതിര്‍ക്കുന്ന നിലപാടിലും ലീഗീന്‍റെ സമ്മര്‍ദം മൂലം കോണ്‍ഗ്രസിനു പിന്നോട്ടു പോകേണ്ടിവന്നു.
ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്‍ ഐക്യകണ്ഠേനയാണ് നിയമസഭ പാസാക്കിയത്. ഗവണ്‍മെന്‍റിന് ഇതു നല്‍കിയ രാഷ്ട്രീയ നേട്ടം ചെറുതല്ല.
പക്ഷേ അന്നു ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസ്താവന പൊതുസമൂഹത്തില്‍ പെട്ടെന്നു ചര്‍ച്ചയായി. ലീഗില്‍ത്തന്നെ ഇടതുപക്ഷത്തോടു താല്‍പര്യം കാണിക്കുന്ന ഒരു പ്രബല വിഭാഗമുണ്ട്. ലീഗിനെയും സി.പി.എം കൂട്ടിയേക്കും എന്നു സന്ദേഹമുള്ള ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിലുമുണ്ട്.
പക്ഷേ എല്ലാവരുടെയും സംശയം തീര്‍ത്തുകൊണ്ടാണ് ഗോവിന്ദന്‍ മാസ്റ്ററുടെ 'ദേശാഭിമാനി' ലേഖനം. ലീഗ് ബന്ധം എക്കാലത്തും സി.പി.എമ്മിനുള്ളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. 1985 -ലെ സി.പി.എം കൊച്ചി സംസ്ഥാന സമ്മേളനത്തില്‍ എം.വി രാഘവന്‍റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ബദല്‍ രേഖ തന്നെ ഈ വിഷയത്തിന്‍റെ പേരില്‍ ഉണ്ടായ തര്‍ക്കങ്ങളെതുടര്‍ന്നായിരുന്നു. മുസ്ലിം ലീഗോ കേരള കോണ്‍ഗ്രസോ ഉള്‍പ്പെടാത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ആവശ്യമെന്ന നിലപാട് അന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് മുന്നോട്ടു വെച്ചതിനേ തുടര്‍ന്നായിരുന്നു ഉള്‍പ്പാര്‍ട്ടി സംഘര്‍ഷം ഉടലെടുത്തത്.
മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെ ഉള്‍പ്പെടുത്തി പാര്‍ട്ടിയുടെ അടിത്തറ ബലപ്പെടുത്തണമെന്ന നിലപാട് എം.വി രാഘവനും കൈക്കൊണ്ടു. വി.എസ് അച്യുതാനന്ദനായിരുന്നു അന്നു പാര്‍ട്ടി സെക്രട്ടറി. സംസ്ഥാന സമിതിയില്‍ എം.വി രാഘവന്‍ തന്നെയായിരുന്നു പ്രധാന ശക്തികേന്ദ്രം. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം എടുത്ത നിലപാടിനെയും അതു സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിനയച്ച നിര്‍ദേശങ്ങളെയും സംസ്ഥാന കമ്മിറ്റി നിരാകരിച്ചു പോന്നു. അത് എത്തി നിന്നത് ബദല്‍ രേഖയിലാണ്.
തുടര്‍ന്ന് എം.വി രാഘവനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ആ ഘട്ടത്തില്‍ത്തന്നെ ഇടതു മുന്നണിയിലുണ്ടായിരുന്ന അഖിലേന്ത്യാ ലീഗ് മുന്നണി വിട്ടു. ശരിയത്തിനെതിരെ ഇ.എം.എസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. പിന്നീട് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചപ്പോഴും സി.പി.എം പലവട്ടം ആലോചിച്ചുവെങ്കിലും മുന്നണിയിലെടുത്തത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രം.
ഈ പശ്ചാത്തലത്തിലാണ് മുസ്ലിം ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്ന ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന വിവാദമായത്. ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ ആ വിവാദത്തിന് അന്ത്യം കുറിച്ചിരിക്കുന്നു.
മുസ്ലിം ലീഗ് 1969 മുതല്‍ തന്നെ കോണ്‍ഗ്രസിനോടൊത്തു കഴിയുന്ന പാര്‍ട്ടിയാണ്. മുസ്ലിം ലീഗ് യു.ഡി.എഫ് വിടുന്നതും ഇടതു മുന്നണിയില്‍ ചേരുന്നതും കേരള രാഷ്ട്രീയത്തില്‍ ഇന്നു കാണുന്ന സന്തുലിതാവസ്ഥ മാറ്റി മറിക്കും.