ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷനിര കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന ജനങ്ങളുടെ ചിന്ത തന്നെയാണ് ഭാരത് ജോഡോ യാത്രയ്ക്ക്‌ കിട്ടിയ പിന്തുണയ്ക്കു പിന്നിലെ ഘടകം; അതിനോടു യോജിക്കുന്ന തരത്തില്‍ത്തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ നടപ്പിന്‍റെ രീതിയും അദ്ദേഹം ഉയര്‍ത്തിയ ചിന്തകളും ! ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു വലിയ വഴിത്തിരിവ് ആവശ്യമാണ്; അതിന് രാഹുലും, കോണ്‍ഗ്രസും മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

രണ്ട് വലിയ വെല്ലുവിളികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പി ദേശീയ നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടത്. 2002 -ല്‍ നടന്ന ഗുജറാത്ത് കൂട്ടക്കൊലയുടെ ഉത്തരവാദിത്വം നരേന്ദ്ര മോദിക്കുമേല്‍ ഉറപ്പിച്ച് ബി.ബി.സി സംപ്രേഷണം ചെയ്ത "ഇന്ത്യ; ദ മോദി ക്വസ്റ്റ്യന്‍" എന്ന ടെലിവിഷന്‍ ഡോക്യുമെന്ററിയാണ് ആദ്യത്തേത്. രണ്ടാമത്തേത് നരേന്ദ്ര മോദിയോടും ബി.ജെ.പി സര്‍ക്കാരിനോടും വളരെ അടുപ്പം പുലര്‍ത്തുന്ന ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്‍റെ തിരിമറികളെപ്പറ്റി അമേരിക്കന്‍ ധനകാര്യ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ടും ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ട വന്‍ തകര്‍ച്ചയും.

ഇതേ സമയം തന്നെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ 'ഭാരത് ജോഡോ' യാത്ര ജമ്മു കശ്മീരില്‍ സമാപിച്ചത്. ബി.ജെ.പി നേതാക്കള്‍ പപ്പു എന്നു വിളിച്ചാക്ഷേപിച്ചിരുന്ന രാഹുല്‍ ഗാന്ധി സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും സമന്വയത്തിന്‍റെയും സന്ദേശവുമായി ഇന്ത്യയൊട്ടാകെ തുടര്‍ച്ചയായി നടന്ന് വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു നടത്തിയ യാത്ര സ്വതന്ത്ര ഇന്ത്യയിലെ ഒരു വലിയ സംഭവം തന്നെയാവുകയായിരുന്നു.


ഈ യാത്രയോടെ കോണ്‍ഗ്രസ് തങ്ങള്‍ക്കു ഭീഷണിയായെന്നൊന്നും ബി.ജെ.പി നേതൃത്വം സമ്മതിക്കില്ലെങ്കിലും രാഹുല്‍ ഗാന്ധി പ്രതിപക്ഷ നിരയില്‍ ഒരു കരുത്തനായി മാറിയിരിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു.


ഇന്ത്യന്‍ ജനാധിപത്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പ്രതിപക്ഷകക്ഷികളുടെ ഒരു ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല എന്നതു തന്നെ. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകള്‍ രൂപമെടുത്തത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകീകരണം തന്നെയായിരുന്നു യു.പി.എ ഒന്നും രണ്ടും സര്‍ക്കാരുകളുടെ അടിസ്ഥാനം. സോണിയാ ഗാന്ധി തന്നെയായിരുന്നു നേതാവ്. പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കാതെ സോണിയാ ഗാന്ധി സ്വയം പിന്മാറുകയും ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയായി അവതരിപ്പിക്കുകയും ചെയ്ത് കോണ്‍ഗ്രസ് പ്രതിപക്ഷകക്ഷികളുടെയൊക്കെ പിന്തുണ ഉറപ്പാക്കുകയായിരുന്നു.

ഇന്നും ഇന്ത്യയില്‍ എവിടെയും വേരുകളുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനും ഒരു ചരടില്‍ കോര്‍ത്തിണക്കാനും ശേഷിയുള്ള കക്ഷിയും കോണ്‍ഗ്രസ് തന്നെ. പക്ഷേ തുടര്‍ച്ചയായ രണ്ടു തോല്‍വി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ പ്രസക്തി വളരെ ചോര്‍ത്തിക്കളഞ്ഞു. രാഹുല്‍ ഗാന്ധിക്ക് കരുത്തനായൊരു നേതാവിന്‍റെ നിലയിലേയ്ക്ക് ഉയരാനും കഴിഞ്ഞില്ല.


ഇന്നും കോണ്‍ഗ്രസില്‍ നേതൃത്വം ഗാന്ധി കുടുംബത്തിനു തന്നെയാണെന്ന സത്യവും അവശേഷിക്കുന്നു. കുടുംബാധിപത്യം എന്നതിനപ്പുറത്തേയ്ക്കു കടക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. രാഹുല്‍ ഗാന്ധിയാവട്ടെ, കാലഘട്ടത്തിന്‍റെയും രാഷ്ട്രീയ സമ്മര്‍ദങ്ങളുടെയും ആവശ്യത്തിനനുസരിച്ചു വളരാനും തയ്യാറായില്ല.


ഇന്ത്യയൊട്ടാകെ ഒരു നേതാവു കാല്‍നടയാത്ര നടത്തിയെന്നതുകൊണ്ട് ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ രാഷ്ട്രിയത്തില്‍ വലിയ മാറ്റമൊന്നും വരുമെന്നും കരുതാനാവില്ല. പക്ഷേ ഇന്ത്യയിലെ ജനങ്ങള്‍ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനപ്പുറത്ത് ഒരു ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം ഒരു വലിയ വസ്തുത തന്നെയാണ്.

രാഹുല്‍ ഗാന്ധിയുടെ യാത്ര ഇന്ത്യയിലങ്ങോളമിങ്ങോളം ജനങ്ങളിലുയര്‍ത്തിയ ഉത്സാഹവും ഉണര്‍വും ഈ സത്യം വെളിവാക്കുന്നുമുണ്ട്. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷനിര കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന ജനങ്ങളുടെ ചിന്ത തന്നെയാണ് രാജ്യമൊട്ടുക്ക് രാഹുല്‍ ഗാന്ധിക്കു കിട്ടിയ ജനപിന്തുണയ്ക്കു പിന്നിലെ ഘടകം.

അതിനോടു യോജിക്കുന്ന തരത്തില്‍ത്തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ നടപ്പിന്‍റെ രീതിയും അദ്ദേഹം ഉയര്‍ത്തിയ ചിന്തകളും. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വിപണിയില്‍ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. ഇന്ത്യയ്ക്ക് പുതിയൊരു ഐക്യം ആവശ്യമാണെന്നും ഈ യാത്രയുടെ ലക്ഷ്യം അതുതന്നെയാണെന്നും ആവര്‍ത്തിച്ചു പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി പുതിയൊരു നേതാവായി വളരുകയായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു വലിയ വഴിത്തിരിവ് ആവശ്യമാണ്. ഒരു ബദല്‍ രാഷ്ട്രീയം ഉദയം ചെയ്യുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. പ്രതിപക്ഷം അത് ഉള്‍ക്കൊള്ളുന്നുമുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 23 പ്രതിപക്ഷ കക്ഷികളെയാണ് ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.

ഡി.എം.കെ, നാഷണല്‍ കോണ്‍ഫ്രന്‍സ്, പി.ഡി.പി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നിങ്ങനെ വിവിധ കക്ഷികള്‍ പങ്കെടുക്കുകതന്നെ ചെയ്തു. സി.പി.എം പോലെ ചില കക്ഷികള്‍ വിട്ടുനിന്നപ്പോള്‍ ഇടതു പാളയത്തില്‍ നിന്ന് സി.പി.ഐ, ആര്‍.എസ്.പി തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഉള്‍ക്കൊള്ളേണ്ട ഒരു വലിയ കാര്യം ഇതിലുണ്ട്. കോണ്‍ഗ്രസ് വളരുകയും അതിനു ശക്തമായ നേതൃത്വം ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ അതിനോടൊപ്പം കൂടാന്‍ മറ്റു കക്ഷികള്‍ തയ്യാറാകൂ. ഇന്നും വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയോട് ഏറ്റുമുട്ടുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണെന്ന സത്യം നിലനില്‍ക്കുന്നുമുണ്ട്.

പക്ഷേ ഇതു കോണ്‍ഗ്രസും ഉള്‍ക്കൊള്ളണം. എല്ലാ കക്ഷികളെയും എല്ലാ നേതാക്കളെയും ഉള്‍ക്കൊണ്ട് ഒരു പ്രതിഷേധനിര കെട്ടിപ്പടുക്കാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു വരണം. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി.


രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ അടിത്തറയായിരുന്നത് സോണിയാ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിതും തമ്മിലുണ്ടായിരുന്ന ദൃഢമായ സൗഹൃദമായിരുന്നുവെന്ന കാര്യം ഓര്‍മ്മവേണം. 'ഭാരത് ജോഡോ' യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ സി.പി.എം കൂട്ടാക്കിയില്ല എന്നതിനര്‍ത്ഥം ആ പാര്‍ട്ടി പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നല്ല.


സി.പി.എം ഉള്‍പ്പെടെ ബി.ജെ.പിക്കെതിരെ നില്‍ക്കുന്ന കക്ഷികളുമായെല്ലാം നല്ല ബന്ധമുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയണം. വിവിധ കക്ഷിനേതാക്കളുമായി അടുത്ത സുഹൃദ് ബന്ധമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയും തയ്യാറാകണം. നല്ല സുഹൃദ് ബന്ധങ്ങള്‍ തന്നെയാണ് ശക്തമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കും അടിസ്ഥാനമെന്ന കാര്യം രാഹുല്‍ ഗാന്ധി ഓര്‍മിക്കണം.

'ഭാരത് ജോഡോ യാത്ര' ഇതിനെല്ലാം തുടക്കം കുറിച്ചിരിക്കുന്നു. അതു നല്‍കുന്ന പ്രതീക്ഷകളും വലുതു തന്നെ. പക്ഷേ ആ ബലത്തില്‍ കോണ്‍ഗ്രസ് എന്ന സംഘടനയെ ബലപ്പെടുത്താനും കഴിയണം. ലക്ഷ്യം ചെറുതല്ലെന്ന് രാഹുല്‍ ഗാന്ധി അറിയണം.

Advertisment