ചരിത്ര സ്ഥലങ്ങളുടെ പേരു മാറ്റണമെന്നായിരുന്നു സുപ്രീം കോടതിയിലെ സ്ഥിരം പരാതിക്കാരനായ അഡ്വ. അശ്വിനി കുമാര്‍ ഉപാദ്ധ്യായയുടെ ആവശ്യം; ബി.ജെ.പി നേതാവുകൂടിയായ ഉപാദ്ധ്യായയെ നിശിതമായി വിമര്‍ശിച്ചാണ് കോടതി ഹര്‍ജി തള്ളിയത്‌ ! തരം താണ വര്‍ഗീയതയുടെയും വിഷം തുപ്പുന്ന കറുത്ത ആശയങ്ങളുടെയും മുഖത്തു നോക്കി ശക്തമായ വാക്കുകളിലൂടെ വര്‍ഗീയതയുടെ പത്തിക്കുതന്നെ പ്രഹരമേല്‍പ്പിക്കുകയാണ് ജസ്റ്റിസ് ജോസഫും ജസ്റ്റിസ് നാഗരത്നയും ചെയ്തത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

സുപ്രീം കോടതിയിലെ സ്ഥിരം പരാതിക്കാരനായ അഡ്വ. അശ്വിനി കുമാര്‍ ഉപാദ്ധ്യായ കോടതിയില്‍ നല്‍കിയ പരാതി ചരിത്ര സ്ഥലങ്ങളുടെ പേരു മാറ്റാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഇന്ത്യയെ ആക്രമിച്ചവരുടെ പേരിലാണ് ആ സ്ഥലങ്ങള്‍ ഇന്നും അറിയപ്പെടുന്നതെന്ന് അദ്ദേഹം സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചു. ബി.ജെ.പി നേതാവുകൂടിയായ അഭിഭാഷകന്‍ അഡ്വ. ഉപാദ്ധ്യായയുടെ വര്‍ഗീയ ഭ്രാന്തിനെ നിശിതമായി വിമര്‍ശിച്ച് ഇന്ത്യയുടെ പരമോന്നത കോടതി ഹര്‍ജി തള്ളിക്കളഞ്ഞു.

പഴയ സ്ഥലപ്പേരുകള്‍ ഒരു പ്രത്യേക നിരീക്ഷണ കോണിലൂടെ നോക്കി തെരഞ്ഞെടുത്താലുണ്ടാകുന്ന ഭവിഷ്യത്തിലേക്കുകൂടി നോക്കണമെന്ന് കോടതി അഭിഭാഷകനോടാവശ്യപ്പെട്ടു. "നിങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഒരു പ്രത്യേക സമുദായത്തിനു നേര്‍ക്കാണ്. അതുവഴി പഴയ കാലത്തേക്കു പോകാനും മുമ്പുനടന്ന സംഭവങ്ങള്‍ കുത്തിപ്പൊക്കാനും പണ്ടേ രാജ്യം മറന്നുപോയ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയമാക്കാനും അങ്ങനെ രാജ്യത്തെ തിളപ്പിക്കാനുമാണോ നിങ്ങളുടെ ശ്രമം ? ഇന്ത്യ ഒരു മതേതര രാജ്യമാണെന്നോര്‍ക്കണം. ഈ കോടതിയും മതേതരമാണെന്ന കാര്യം മറക്കരുത്", കടുത്ത വാക്കുകളില്‍ സുപ്രീം കോടതി പരാതിക്കാരനെ ഓര്‍മിപ്പിച്ചു.

മുഗള്‍ ഭരണകാലത്തും മറ്റും അക്രമികളായ വിദേശികളുടെ പേരില്‍ അറിയപ്പെടുന്ന നഗരങ്ങളുടെ ഒരു നീണ്ട പട്ടികയും അഡ്വ. ഉപാദ്ധ്യായ സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിച്ചു. അന്നത്തെ കാലത്ത് കൂട്ടക്കൊലയും വ്യാപകമായ മതപരിവര്‍ത്തനവും നടത്തിയ മുസ്ലിം ഭരണാധികാരികളുടെ പേരിലാണ് ഈ നഗരങ്ങള്‍ ഇന്നും അറിയപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരുടെ ബെഞ്ച് സ്വന്തം ഹിന്ദുമതത്തേക്കുറിച്ച് ആഴത്തില്‍ പഠിക്കാനും പരാതിക്കാരനെ ഓര്‍മിപ്പിച്ചു.


താന്‍ ഒരു ക്രൈസ്തവനാണെങ്കിലും ഹിന്ദു മതത്തെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഒരാള്‍കൂടിയാണെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. ഹിന്ദുമതത്തെപ്പറ്റി കൂടുതല്‍ പഠിക്കുന്നുമുണ്ട്. ഹിന്ദു തത്വശാസ്ത്രത്തെക്കുറിച്ച് ഡോ. എസ്. രാധാകൃഷ്ണന്‍ എഴുതിയ പുസ്തകം വായിക്കാനും അദ്ദേഹം ഹര്‍ജിക്കാരനെ ഉപദേശിച്ചു.


കടുത്ത വര്‍ഗീയത തലയ്ക്കുപിടിച്ച പലരും നമ്മുടെ സമൂഹത്തിലുണ്ടെന്ന് സുപ്രീം കോടതി മുമ്പാകെ ഒരഭിഭാഷകന്‍ നല്‍കിയ പരാതി ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഏതുരംഗത്തായാലും ആ മേഖലയില്‍ തങ്ങളുടെ മനസിലെ വര്‍ഗിയതയും വിഷവും പരത്തുക എന്നത് ചിലരുടെ പ്രത്യേക സ്വഭാവമാണ്. ഇത്തരക്കാരോടു പൊതുവായെന്നവണ്ണം ജസ്റ്റിസ് നാഗരത്ന പറഞ്ഞതിങ്ങനെ: "രാജ്യത്ത് പല പ്രശ്നങ്ങളുമുണ്ട്. അതൊക്കെ പരിഹരിക്കേണ്ടത് മുന്‍ഗണനാ ക്രമത്തിലാണ്. ഇന്ത്യാക്കാരെ തമ്മിലടിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പിന്‍തുടര്‍ന്ന നയമാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍. അതിലേയ്ക്കു മതത്തെ വലിച്ചിഴയ്ക്കരുത്."

ഇന്ത്യയെപ്പോലെയൊരു വലിയ ജനാധിപത്യ രാജ്യത്ത് തികച്ചും മതേതരമായ അടിസ്ഥാനങ്ങളില്‍ സൃഷ്ടിച്ച സുപ്രീം കോടതിയുടെ അധികാരക്കസേരയിലിരുന്ന് മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നീ ന്യായാധിപന്മാര്‍ ഉത്സാഹം കാട്ടി എന്നതു വലിയ കാര്യം തന്നെ. തരം താണ വര്‍ഗീയതയുടെയും വിഷം തുപ്പുന്ന കറുത്ത ആശയങ്ങളുടെയും മുഖത്തു നോക്കി ശക്തമായ വാക്കുകളിലൂടെ വര്‍ഗീയതയുടെ പത്തിക്കുതന്നെ പ്രഹരമേല്‍പ്പിക്കുകയാണ് ജസ്റ്റിസ് ജോസഫും ജസ്റ്റിസ് നാഗരത്നയും ചെയ്തത്.

Advertisment