Advertisment

ശക്തമായി തിരിച്ചുവന്ന കോണ്‍ഗ്രസ്, നായിഡുവിന്റെയും നിതീഷിന്റെയും കൈത്താങ്ങോടെ സത്യപ്രതിജ്ഞ ചെയ്യാനെത്തിയ മോദി; ഇത് വിധിയുടെ ക്രൂരമായ തമാശ തന്നെ; ജനാധിപത്യത്തിന്റെ സൗന്ദര്യവും-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

എല്ലാം കൊണ്ടും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മൂന്നാം തവണയും അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി. ബിജെപിക്കും പഴയ സംഘടനാ കരുത്തില്ല. വിശ്വഗുരു എന്നു വിശേഷിപ്പിക്കപ്പെട്ട നരേന്ദ്ര മോദി ലോകത്തിനു മുന്നിലും ചെറുതാവുകയാണ്

New Update
narendra modi chandrababu naidu nitish kumar

വസാനം നരേന്ദ്ര മോദിക്ക് ഇന്ത്യയെ മനസിലായി. ഇന്ത്യാക്കാരെയും അവരുടെ മന:ശക്തിയെയും നിശ്ചയ ദാര്‍ഢ്യത്തെയും ശരിക്കു മനസിലായി. വര്‍ഗീയ വിഷം പുരട്ടിയ വാക്കുകൊണ്ടും വെറുപ്പിലും വിദ്വേഷത്തിലും മുക്കിയ പ്രസംഗം കൊണ്ടും ഇന്ത്യയിലെ സാധാരണക്കാരെയും പാവപ്പെട്ടവരെയും മയക്കാനാവില്ലെന്നും മോദിക്കു മനസിലായി.

Advertisment

നാനൂറിലേറെ സീറ്റുമായി മൂന്നാമതും മോദി ഭരണം ഉറപ്പാണെന്നു കൊട്ടിഘോഷിച്ച നരേന്ദ്ര മോദി പ്രധാനമന്ത്രിക്കസേരയിലേയ്ക്ക് മുടന്തിയാണ് നടന്നത്. ഞായറാഴ്ച വൈകിട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ നരേന്ദ്ര മോദി എത്തിയത്‌ ചന്ദ്രബാബു നായിഡുവിന്‍റെയും നീതീഷ് കുമാറിന്‍റെയും കൈത്താങ്ങോടെയായിരുന്നുവെന്നത്‌ വിധിയുടെ ക്രൂരമായ തമാശ തന്നെ. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അതിസുന്ദരമായ മുഹൂര്‍ത്തവും.


അധികാരത്തില്‍ കയറിയ നാള്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു പോരുന്നതാണ് 'കോണ്‍ഗ്രസ് മുക്ത ഭാരതം' തന്നെയാണു തന്‍റെ ലക്ഷ്യമെന്ന്. രണ്ടു തവണ തുടര്‍ച്ചയായി ബിജെപിയോടു തോറ്റു തുന്നം പാടിയ കോണ്‍ഗ്രസ് ഇതാ ഈ തെരഞ്ഞെടുപ്പില്‍ അതിശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുന്നു.


 മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിങ്ങനെ ബിജെപിയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസ് കത്തിക്കയറി. ഒഡീഷ, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ് എന്നിങ്ങനെ ചില സംസ്ഥാനങ്ങള്‍ ബിജെപി കീഴടക്കിയെങ്കിലും വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം വഴുതിമാറിപ്പോയി. എല്ലാം മോദി ഗാരണ്ടി പ്രചാരണ പ്രയോഗങ്ങളിലൊക്കെയും ആവര്‍ത്തിച്ചു പ്രസംഗിച്ച പ്രധാനമന്ത്രിയുടെ മുദ്രാവാക്യങ്ങളൊക്കെയും ഇന്ത്യന‍ ജനത തള്ളിക്കളഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണതന്ത്രങ്ങളൊക്കെയും ഒരുക്കൂട്ടിയത്. കാഷ്മീരിലും ബംഗാളിലും ഉത്തര്‍പ്രദേശിലും കേരളത്തിലും ബംഗളൂരിവിലും തമിഴ്നാട്ടിലുമെല്ലാം മോദി തന്നെ പറന്നെത്തി റോഡ്‌ ഷോയും റാലിയും പ്രസംഗവും നടത്തി. തെരഞ്ഞെടുപ്പു പ്രക്രിയ മുമ്പെങ്ങുമില്ലാത്തവിധം ദൈര്‍ഘ്യമേറിയതിനു കാരണവും ഇതുതന്നെ. ഇന്ത്യന്‍ ജനത മോദിയെ മൂന്നാമതും സ്വീകരിച്ചു. പ്രധാനമന്ത്രിയാക്കുകയും ചെയ്തു. പക്ഷെ കടുത്ത നിയന്ത്രണങ്ങളോടെ.

പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ഘടകകക്ഷികളോടെന്നല്ല, സ്വന്തം പാര്‍ട്ടിയിലെ പ്രമഖരോടുപോലും ആലോചിക്കാതെയാണ് മോദി പല നിര്‍ണായക തീരുമാനങ്ങളെല്ലാം എടുത്തിരുന്നത്. ഉദാഹരണം 2016 -ലെ നോട്ട് നിരോധനം. വൈകുന്നേരം ടെലിവിഷനിലൂടെ നോട്ടുനിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോഴാണ് അന്നത്തെ ധനകാര്യ മന്ത്രി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ പോലും ഇക്കാര്യമറിഞ്ഞത്.

16 സീറ്റുള്ള ടിഡിപിക്കും 12 സീറ്റുള്ള ജെഡിയുവിനും പല വിഷയങ്ങളിലും സ്വന്തമായി നിലപാടുകളുണ്ട്. മുസ്ലിം സമുദായത്തോടുള്ള സമീപനം തന്നെ ഇതില്‍ പ്രധാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്ക് മോദി തന്‍റെ മുസ്ലിം വിരോധം അതിരൂക്ഷമായി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ മുമ്പ് ഒരു പ്രധാനമന്ത്രിയും നടത്താത്ത തരത്തിലുള്ള വിദ്വേഷ പ്രചാരണമായി അതു മാറുകയും ചെയ്തു. ഇനി സിഎഎ, ഏക സിവില്‍ കോഡ് തുടങ്ങിയ നിയമങ്ങളെപ്പറ്റി പറയുമ്പോള്‍ മോദിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവരും. ബീഹാറില്‍ നിതീഷ് കുമാറിനും ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനും ഒരു കാരണവശാലും മുസ്ലിം വിരുദ്ധ നിലപാടെടുക്കാനാവില്ല.


തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നു ചന്ദ്രബാബു നായിഡുവും നിതീഷും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇക്കാര്യത്തിലും രണ്ടു നേതാക്കളും വിട്ടുവീഴ്ചയ്ക്കൊരുങ്ങുമെന്നു കരുതാനാവില്ല.


നാനൂറു സീറ്റിന്‍റെ ബലത്തില്‍ രാജ്യത്ത് വളരെ നിര്‍ണായകമായ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ മോദിക്കു പരിപാടിയുണ്ടായിരുന്നു. അധികാരം അതിശക്തമായി പ്രയോഗിക്കുന്നതില്‍ ആഹ്ളാദിച്ചിരുന്ന നേതാവാണ് നരേന്ദ്ര മോദി. നോട്ട് നിരോധനം ആരോരുമറിയാതെ, സ്വന്തം പാര്‍ട്ടിയിലെ ഉന്നതരോടുപോലും ആലോചിക്കാതെ രാത്രി ടെലിവിഷനില്‍ പ്രസ്താവന നടത്തി ജനങ്ങളെ നേരിട്ടറിയിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ഇത്തരം രീതിയിലുള്ള അധികാരപ്രയോഗം അദ്ദേഹം അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്തു.

ലോക്സഭയിലും രാജ്യസഭയിലും മതിയായ ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന ഭേദഗതി ചെയ്യാനും മോദി ആലോചിച്ചിരുന്നുവെന്നതിനും സൂചനകളേറെ. മൂന്നാം മോദി ഭരണത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് കര്‍ണാടകയിലെ ഒരു ബിജെപി നേതാവ് പ്രസംഗിക്കുകയും ചെയ്തു. അങ്ങനെയൊരു നീക്കമുണ്ടായാല്‍ ഇന്നു രാജ്യത്ത് ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള പല അവകാശങ്ങളും നിഷേധിക്കപ്പെടുമെന്ന് ഇന്ത്യയിലെ പല സമുദായങ്ങളും ജനവിഭാഗങ്ങളും പേടിച്ചു. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളും ദളിത്- പിന്നോക്ക വിഭാഗങ്ങളും. സംവരണ വ്യവസ്ഥകള്‍ അപ്പാടേ നീക്കംചെയ്യപ്പെടുമെന്ന് ഇവരൊക്കെയും പേടിച്ചു. ബിജെപിക്കെതിരെയുണ്ടായ ജനമുന്നേറ്റത്തിനു നട്ടെല്ലായത് ന്യൂനപക്ഷങ്ങളും ദളിത് - പിന്നോക്ക വിഭാഗങ്ങളുമാണ്.

രാജ്യത്തു പരക്കെ നേരിട്ട തിരിച്ചടികളുടെ നടുവില്‍ നിന്നുകൊണ്ടാണ് നരേന്ദ്ര മോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്‌. അതിന്‍റെ പ്രതീകമായിട്ടു തന്നെയാണ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മോദിയുടെ ഇടത്തും വലത്തും നില്‍ക്കുന്നതെന്നും ഓര്‍ക്കണം. രണ്ടുപേരും പയറ്റിത്തെളിഞ്ഞ നേതാക്കള്‍.


ശക്തമായ പ്രതിപക്ഷത്തെയാവും ഇനി നരേന്ദ്രമോദിക്കു നേരിടേണ്ടിവരിക. പണ്ടു പപ്പുവെന്നു മോദി പരിഹസിച്ച രാഹുല്‍ ഗാന്ധി നൂറു കോണ്‍ഗ്രസ് എംപിമാരുടെ നേതാവായാണ് ലോക്സഭയിലെത്തുന്നത്.


 ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ 293 അംഗങ്ങളാണുളളത്. കഴിഞ്ഞ രണ്ടു തവണയും ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയ്ക്ക് ഇന്നു ലോക്സഭയില്‍ തനിച്ചു കേവല ഭൂരിപക്ഷമില്ല. ആ നിലയ്ക്കു തന്നെ പ്രധാനമന്ത്രിക്ക് പാര്‍ലമെന്‍റില്‍ മേധാവിത്വമുണ്ടായിരുന്നു. 233 സീറ്റിന്‍റെ ബലവുമായി ഇന്ത്യാ സഖ്യം പ്രതിപക്ഷത്തുണ്ടാകും. മോദിയെ മറിച്ചിട്ട് ബദല്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ മമതാ ബാനര്‍ജിയും അഖിലേഷ് യാദവും ശരത് പവാറുമൊക്കെ തുടങ്ങിക്കഴിഞ്ഞു. തല്‍ക്കാലും ഇനി പ്രതിപക്ഷത്തിരിക്കാമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞെങ്കിലും ഈ നീക്കങ്ങള്‍ തുടരുമെന്നുറപ്പ്.

ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പ്രധാനമന്ത്രിയുടെ രണ്ടു വശത്തും നില്‍ക്കുന്നുണ്ടെന്നതാണ് ബിജെപിയുടെയും മോദിയുടെയും ബലം. ഈ രണ്ടു പേരുമാണ് പ്രതിഷേധത്തിന്‍റെ ബദല്‍ നീക്കങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നതും.

രാജ്യസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 97 അംഗങ്ങളുണ്ട്. ഇവരില്‍ ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെ മൂന്നുപേര്‍ ലോക്സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇനി എന്‍ഡിഎയുടെ ആകെ അംഗബലം 106 ആകും. ഇന്ത്യാ സഖ്യത്തിന് 89 അംഗങ്ങളുണ്ട്. 400 സീറ്റു നേടി രാജ്യസഭയിലും നിര്‍ണായക സ്വാധീനമുണ്ടാക്കാനുള്ള ബിജെപി നീക്കവും പാളി. രാജ്യസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായാല്‍ മാത്രമേ നിര്‍ണായകമായ ഭരണഘടനാ ഭേദഗതികള്‍ പാസാക്കാനാകൂ.

എല്ലാം കൊണ്ടും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മൂന്നാം തവണയും അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി. ബിജെപിക്കും പഴയ സംഘടനാ കരുത്തില്ല. വിശ്വഗുരു എന്നു വിശേഷിപ്പിക്കപ്പെട്ട നരേന്ദ്ര മോദി ലോകത്തിനു മുന്നിലും ചെറുതാവുകയാണ്.

Advertisment