Advertisment

തികവാര്‍ന്ന രാഷ്ട്രീയക്കാരന്റെ രൂപഭാവങ്ങളില്ല, പതിയെ പതിയെ രൂപാന്തരപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധി; 'അന്ന്‌' അധിക്ഷേപങ്ങള്‍ നേരിട്ട യുവാവാണ് 'ഇന്ന്' തനിക്ക് മുമ്പില്‍ പൊക്കമുള്ളൊരു നേതാവായി വളര്‍ന്നു നില്‍ക്കുന്നതെന്ന് മോദിയും മനസിലാക്കി ! പ്രതിപക്ഷ നേതാവായുള്ള രാഹുലിന്റെ തുടക്കം ഗംഭീരം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ഒറ്റ പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പ്രതിപക്ഷ നേതാവായി ഇരിപ്പുറപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി നേതൃനിരയെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് പ്രതിപക്ഷത്തിന്‍റെ ഉറച്ച ശബ്ദം ലോക്സഭയുടെ അകത്തളങ്ങളില്‍ ഉറക്കെത്തന്നെ കേള്‍പ്പിച്ചു

New Update
rahul Untitledri

ഒറ്റ പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പ്രതിപക്ഷ നേതാവായി ഇരിപ്പുറപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി നേതൃനിരയെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് പ്രതിപക്ഷത്തിന്‍റെ ഉറച്ച ശബ്ദം ലോക്സഭയുടെ അകത്തളങ്ങളില്‍ ഉറക്കെത്തന്നെ കേള്‍പ്പിച്ചു.

Advertisment

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി നേടിയ വിജയത്തിന്‍റെ കരുത്തുറ്റ പ്രകടനംകൂടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ ഭരണത്തെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം.

കഴിഞ്ഞ രണ്ടു തവണയും വേണ്ടത്ര സീറ്റില്ലാതിരുന്നതിനാല്‍ ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാതിരുന്ന കോണ്‍ഗ്രസിന് ഇപ്പോഴിതാ ആ സ്ഥാനം കിട്ടിയിരിക്കുന്നു എന്നതാണ് ഒരു വലിയ നേട്ടം. 400 -ലേറെ സീറ്റുമായി അധികാരത്തിലെത്തുമെന്നു പ്രചാരണം നടത്തിയിരുന്ന ബിജെപിയെ കേവല ഭൂരിപക്ഷത്തിലേയ്ക്കു പോലും അടുപ്പിക്കാതെ കൊച്ചാക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞു.

കേന്ദ്ര ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപിയുടെ അധികാര ഗര്‍വിന്‍റെ മുനയൊടിക്കാന്‍ കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും സാധിച്ചുവെന്നതാണു പ്രധാനം. ഇതിന്‍റെ ആഘോഷവും പ്രകടനവുമായിരുന്നു നന്ദിപ്രമേയ ചര്‍ച്ചയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ അതിഗംഭീര പ്രസംഗം.


തികവാര്‍ന്ന ഒരു രാഷ്ട്രീയക്കാരന്‍റെ രൂപഭാവങ്ങളൊന്നുമില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധി. ലോക്സഭയിലെത്തുന്നതു പോലും ജീന്‍സും ടീഷര്‍ട്ടും ധരിച്ച്. രാഷ്ട്രീയ പ്രസംഗം നടത്തുന്നതിലും ഒട്ടും കേമനല്ല. രാഷ്ട്രീയത്തിലിറങ്ങിയ കാലത്തൊക്കെ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ പോലും കൂട്ടാക്കിയിരുന്നില്ല.


ഒന്നും രണ്ടും യുപിഎ ഭരണകാലത്ത് സ്വന്തം മാതാവ് സോണിയാ ഗാന്ധിയാണ് മുന്നണിക്കു നേതൃത്വം കൊടുത്തിരുന്നതെങ്കിലും ഡോ. മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ ഒരു പ്രയാസവും കൂടാതെ കിട്ടുമായിരുന്ന മന്ത്രിസ്ഥാനം പോലും സ്വീകരിച്ചില്ല. എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 

രണ്ടാം യുപിഎ സര്‍ക്കാരിനു ശേഷം 2014 -ല്‍ ഉദിച്ചുയര്‍ന്ന് ഭരണം പിടിച്ചടക്കിയ ബിജെപിയെയും അതിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലെത്തിയത് തീരെ ദുര്‍ബലമായൊരു കോണ്‍ഗ്രസിന്‍റെ നേതാവായി. പ്രതിപക്ഷ കക്ഷികളുടെ ഐക്യവും ഉറച്ചിരുന്നില്ല. എന്തിന്, പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപ്രകാരമുള്ള അംഗീകാരത്തിനും രാഹുല്‍ ഗാന്ധിക്കു അര്‍ഹതയുണ്ടായിരുന്നില്ല.

2019 -ലെ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടിയെങ്കിലും ജയിച്ചത് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിച്ച് കേരളം കോണ്‍ഗ്രസിനെ സര്‍വാത്മനാ സ്വീകരിച്ചു. വന്‍ ഭൂരിപക്ഷത്തോടെ വയനാട് രാഹുല്‍ ഗാന്ധിയെ ലോക്സഭയിലേയ്ക്കയച്ചു. ഒരിക്കല്‍ കൂടി അംഗീകൃത പ്രതിപക്ഷ കക്ഷിയാകാന്‍ വേണ്ട അംഗബലമില്ലാതെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും.


രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായ രാഹുല്‍ ഗാന്ധിയെ ആണ് പിന്നീട് രാജ്യം കണ്ടത്. അദ്ദേഹം കൂടുതല്‍ സജീവമായി. ഇന്ത്യയിലങ്ങോളമിങ്ങോളം കാല്‍നടയായി യാത്ര ചെയ്ത് ജനങ്ങളെ നേരിട്ടു കണ്ടു സംസാരിച്ചു. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി. ചെല്ലുന്നിടത്തൊക്കെ രാഹുല്‍ ഗാന്ധിക്കു ഗ്രാമീണര്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പുതിയൊരു നേതാവായി രൂപാന്തരപ്പെടുകയായിരുന്നു രാഹുല്‍ ഗാന്ധി.


ഇതൊക്കെയും ഇന്ത്യന്‍ ജനത ഉള്‍ക്കൊണ്ടു. "വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കടകള്‍ക്കു വിരുദ്ധമായി സ്നേഹത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും കടകള്‍ തുറന്ന്" രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ പുതിയൊരു സന്ദേശവുമായി നടന്നു നീങ്ങി.

അതിന്‍റെ ഫലമാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും നേടിയ വിജയം. അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കുതിപ്പിനു തടയിടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. അതിന് അടിത്തറ പാകിയ ഇന്ത്യാ മുന്നണിയില്‍ ഐക്യം ഊട്ടിയുറപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്. പ്രതിപക്ഷമെന്ന നിലയ്ക്കു ശക്തമായി തിരിച്ചുവരവു നടത്താന്‍ കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും ശക്തി പകര്‍ന്നത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം തന്നെ.

ഇതിന്‍റെയെല്ലാം വിളംബരമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രാഹുല്‍ ഗാന്ധി നടത്തിയ ആദ്യത്തെ പ്രസംഗം. മൂന്നാമതും ഇന്ത്യയുടെ ഭരണത്തലവനായി അധികാരമേറ്റ നരേന്ദ്ര മോദിക്കെതിരെ നേര്‍ക്കു നേര്‍ നിന്നു വര്‍ത്തമാനം പറയാന്‍, കഴിഞ്ഞ പത്തു വര്‍ഷത്തെ മോദിഭരണത്തിന്‍റെ വീഴ്ചകളും കുറവുകളും എണ്ണിപ്പറഞ്ഞ് അധികാര കേന്ദ്രങ്ങളെ വിറപ്പിയ്ക്കാന്‍, അതിനെല്ലാമപ്പുറത്ത് പ്രതിപക്ഷ ബെഞ്ചുകളെ ഒന്നടങ്കം ആവേശം കൊള്ളിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനായി എന്നതാണ് അദ്ദേഹത്തിന്‍റെ വലിയ വിജയം.

കര്‍ഷകരോട് നരേന്ദ്രമോദി കാട്ടുന്ന നിഷേധാത്മക നിലപാടിനെയും നീറ്റ് പരീക്ഷയിലെ ദുരന്തത്തെയും അഗ്നിവീര്‍ എന്ന സൈനിക റിക്രൂട്ട്മെന്‍റ് രീതി യുവാക്കളെ വഞ്ചിക്കുന്നതിനേപ്പറ്റിയുമൊക്കെ പറഞ്ഞ് ഭരണപക്ഷത്തിനെതിരെ കത്തിക്കയറുകയായിരുന്നു രാഹുല്‍ ഗാന്ധി. ഹിന്ദുക്കള്‍ എന്നു സ്വയം അഭിമാനിക്കുന്നവര്‍ ഹിന്ദുവിരുദ്ധമായ ഹിംസയിലും അക്രമത്തിലും മുഴുകിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ തയ്യാറെടുപ്പുകളോടെ തന്നെയാണ് സഭയിലെത്തിയത്. കോണ്‍ഗ്രസിനെയും അതിന്‍റെ പാരമ്പര്യത്തെയും കുടുംബവാഴ്ചയെയുമെല്ലാം കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മോദി പക്ഷെ പ്രസംഗത്തിലുടനീളം താന്‍ കരുത്തനായൊരു പ്രതിയോഗിയുടെ മുന്നിലാണു നില്‍ക്കുന്നതെന്ന മട്ടില്‍ത്തന്നെയാണു സംസാരിച്ചത്.

മുമ്പ് മോദി പപ്പു എന്നു വിളിച്ച് അധിക്ഷേപിച്ചിരുന്ന ആ യുവാവാണ് തനിക്കു മുമ്പില്‍ പൊക്കമുള്ളൊരു നേതാവായി വളര്‍ന്നു നില്‍ക്കുന്നതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുകയായിരുന്നു നരേന്ദ്ര മോദി. കടുത്ത യാഥാര്‍ഥ്യങ്ങളില്‍ നിന്നും നോവിപ്പിക്കുന്ന തിരിച്ചടികളില്‍ നിന്നും ഏറെ പാഠങ്ങള്‍ പഠിച്ചിട്ടുതന്നെയാണു രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി എത്തിയിരിക്കുന്നതെന്ന സത്യവും മോദി മനസിലാക്കി. പ്രതിപക്ഷത്ത് രാഹുല്‍ ഗാന്ധിയുടെ പിന്നില്‍ ശബ്ദവും ശക്തിയുമുള്ള ഒരു വന്‍ നിരയുണ്ടെന്ന വസ്തുതയും നരേന്ദ്ര മോദി നേരില്‍ കണ്ടു.

എന്നതായാലും പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ തുടക്കം കേമമായി .

Advertisment