Advertisment

നെഹ്റുവും എംഎ ജോണും എകെ ആന്‍റണിയുമെല്ലാം ഊട്ടിവളര്‍ത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നതരായ രണ്ടു നേതാക്കളാണ് കൂടോത്ര സാധനങ്ങള്‍ കുഴിച്ചെടുക്കുന്ന മന്ത്രവാദിയോടൊപ്പം നില്‍ക്കുന്നത്; സംസ്ഥാനത്തെ രണ്ട് ലോക്‌സഭാംഗങ്ങളുടെ 'കൂടോത്രക്കഥകള്‍' കേരള സമൂഹത്തിന് ലജ്ജാകരം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യയുമൊക്കെ ഇന്നത്തേപ്പോലെ വളര്‍ന്നിട്ടില്ലാത്ത ഒരു പഴയ കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് കൂടോത്രവും ആഭിചാരവും ദുര്‍മന്ത്രവാദവുമെല്ലാം

New Update
k sudhakaran rajmohan unnithan

കോണ്‍ഗ്രസില്‍ കൂടോത്രവും പ്രയോഗത്തില്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ആരോ കൂടോത്രം ചെയ്തുവെന്നാണ് ഇപ്പോള്‍ പരക്കുന്ന വാര്‍ത്ത.

Advertisment

സുധാകരന്‍റെ കണ്ണൂര്‍ നടാലിലെ വീട്ടുപറമ്പില്‍ നിന്ന് ചെമ്പുതകിടുകളും ആള്‍രൂപങ്ങളും കുഴിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേരളത്തിന്‍റെ ശ്രദ്ധ കൂടോത്രത്തിലേയ്ക്കു തിരിഞ്ഞു. ഒന്നര വര്‍ഷം മുമ്പത്തെ വീഡിയോ ആണ് പ്രചരിക്കുന്നത്.

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റുക, ശാരീരികമായി ദുര്‍ബലനാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് കൂടോത്രത്തിനു പിന്നിലെന്ന് സംശയിക്കുന്നു. കൂടോത്രം കണ്ടെത്താനും മറുവിധി നടത്താനുമായി കണ്ണൂര്‍ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു മന്ത്രവാദിയെ കൊണ്ടുവരികയായിരുന്നുവെന്ന് മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ അദ്ധ്യക്ഷന്‍റെ കസേരയുടെ താഴെനിന്നും ചെമ്പുതകിടും മറ്റും കണ്ടതായും പറയുന്നു. സുധാകരന്‍റെ തിരുവനന്തപുരത്തു പേട്ടയിലുള്ള വീടിനുള്ളില്‍ നിന്നും ഇത്തരം സാധനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

കൂടോത്ര വസ്തുക്കള്‍ കണ്ണൂരിലെ വീട്ടുപറമ്പില്‍ നിന്നു മന്ത്രവാദി കുഴിച്ചെടുക്കുമ്പോള്‍ സുധാകരനോടൊപ്പം കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നതു വീഡിയോയില്‍ കാണാം.

 "എന്നിട്ടും ഞാനിങ്ങനെ നില്‍ക്കുന്നതാണത്ഭുതം" എന്ന് ഇടയ്ക്ക് സുധാകരന്‍ ഉണ്ണിത്താനോടു പറയുന്നുമുണ്ട്. കാലിന്‍റെയും തലയുടെയും മറ്റും രൂപങ്ങള്‍ കുഴിച്ചെടുത്ത വസ്തുക്കളിലുണ്ട്. "എന്നിട്ടും ഉയിരുപോകാതിരുന്നതു ഭാഗ്യം" എന്നും സുധാകരന്‍ പറയുന്നതു കേള്‍ക്കാം.

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്‍റായിരുന്ന കാലത്തും ഇതുപോലെ കൂടോത്രം നടത്തിയതിനു തെളിവുകള്‍ കണ്ടെത്തിയിരുന്നു. സുധീരനും കെപിസിസി അദ്ധ്യക്ഷനായിരുന്ന സമയത്തായിരുന്നു ഇത്.

തിരുവനന്തപുരത്തു ഗൗരീശപട്ടത്ത് അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നാണ് കൂടോത്രം ചെയ്ത തരത്തിലുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. അവിടെയും മേല്‍നോട്ടത്തിന് ഉണ്ണിത്താന്‍ ഉണ്ടായിരുന്നു.


വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യയുമൊക്കെ ഇന്നത്തേപ്പോലെ വളര്‍ന്നിട്ടില്ലാത്ത ഒരു പഴയ കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് കൂടോത്രവും ആഭിചാരവും ദുര്‍മന്ത്രവാദവുമെല്ലാം. സമൂഹത്തിലെ താഴേക്കിടയിലുള്ളവരാണ് ഇത്തരം ദുഷ്കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.


 ചുട്ട കോഴിയെയും പറപ്പിക്കുന്ന ദുര്‍മന്ത്രവാദികളെപ്പറ്റിയുള്ള കഥകള്‍ അന്നു ഗ്രാമങ്ങളില്‍ പ്രസിദ്ധമായിരുന്നു. രോഗശാന്തിക്കും ധനസമ്പാദനത്തിനും ശത്രു സംഹാരത്തിനുമെല്ലാം മന്ത്രവാദികളെ സമീപിച്ചിരുന്ന ഒരു കാലമായിരുന്നു അത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും പണ്ട് ഇത്തരം കര്‍മ്മങ്ങളും വിശ്വാസങ്ങളും നിലനിന്നിരുന്നു. യക്ഷികളും ഭീകര മന്ത്രവാദികളും മാടനുമൊക്കെ ആ പ്രാകൃത കാലഘട്ടത്തിന്‍റെ ഭാഗമാണ്.

വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ പുരോഗമിച്ച കേരള സമൂഹത്തില്‍ ഇന്നത്തെ കാലത്ത് ഇത്തരം ദുര്‍മന്ത്രവാദവും ഏലസുകളും ചെമ്പുതകിടുകളുമുണ്ടെന്ന കാര്യം വിശ്വസിക്കാന്‍ തന്നെ പ്രയാസം.

ഇവിടെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍റെ വീട്ടില്‍ നിന്നാണ് മന്ത്രവാദം ചെയ്തു കുഴിച്ചിട്ട വസ്തുക്കള്‍ കണ്ടെടുക്കുന്ന വീഡിയോ പുറത്തുവരുന്നത്. കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് ഇത്തവണയും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച കോണ്‍ഗ്രസ് നേതാവാണ് സുധാകരന്‍. തൊട്ടടുത്ത കാസര്‍കോട്ടെ ലോക്സഭാംഗമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ സഹായിയായും കൂട്ടിനുണ്ട്.


ഇന്ത്യന്‍ സമൂഹത്തില്‍ ശാസ്ത്ര ബോധമുറപ്പിക്കാനും ശാസ്ത്രത്തിനും ആധുനിക വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി പുതിയൊരു രാജ്യം കെട്ടിപ്പടുക്കാനും അഹോരാത്രം പണിയെടുത്ത ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നയിച്ച കോണ്‍ഗ്രസിന്‍റെ രണ്ട് എംപിമാരാണ് കൂടോത്രത്തിനും ദുര്‍മന്ത്രവാദത്തിനും പിന്നാലെ പോകുന്നത്.


കുഴിച്ചെടുത്ത കൂടോത്ര സാമഗ്രികള്‍ കണ്ട് ഉയിരു പോകാതിരുന്നതു ഭാഗ്യം എന്നു പരിഭ്രാന്തിയോടെ പറയുന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. എല്ലാറ്റിനും ഒത്താശ ചെയ്ത് സഹായിയായി നില്‍ക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍. രണ്ടു പേരും കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങള്‍.

അറുപതുകളിലും എഴുപതുകളിലും കെ.എസ്.യുവിനെയും യൂത്ത് കൊണ്‍ഗ്രസിനെയും വളര്‍ത്തിയെടുത്ത മഹാനായൊരു നേതാവുണ്ടായിരുന്നു -എം.എ ജോണ്‍. ലളിതമായ ജീവിതംകൊണ്ടും ഉന്നതമായ ചിന്തകൊണ്ടും അദ്ദേഹം വിദ്യാര്‍ഥികളെയും യുവാക്കളെയും കോണ്‍ഗ്രസിലേക്കാകര്‍ഷിച്ചു. വിദ്യാര്‍ഥികളെ പുതിയ സംസ്കാരവും സംഘടനാരീതികളും പഠിപ്പിക്കാന്‍ അദ്ദേഹം ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

വിദ്യാര്‍ഥികള്‍ ആധുനിക ചിന്തകളും രീതികളും ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. വിദ്യാര്‍ഥി - യുവജന നേതാക്കള്‍ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്നവരാകരുതെന്ന് അദ്ദേഹം പഠിപ്പിച്ചു. ജാതി-മത ചിന്തകളുടെ സ്വാധീനത്തിനു വഴങ്ങരുതെന്നും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടണമെന്നും അദ്ദേഹം എപ്പോഴും പുതിയ തലമുറയെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എംഎ ജോണിന്‍റെ ചിന്തകള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കിയ നേതാവാണ് എകെ ആന്‍റണി.

ജവഹർലാല്‍ നെഹ്റുവും എംഎ ജോണും എകെ ആന്‍റണിയുമെല്ലാം ഊട്ടിവളര്‍ത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നതരായ രണ്ടു നേതാക്കളാണ് കൂടോത്ര സാധനങ്ങള്‍ കുഴിച്ചെടുക്കുന്ന മന്ത്രവാദിയോടൊപ്പം നില്‍ക്കുന്നത്. ഒരാള്‍ മന്ത്രവാദിയെ കൊണ്ടുവരാനും അയാളെക്കൊണ്ട് ദുര്‍മന്ത്രവാദം ചെയ്യിച്ച് കൂടോത്രം ഒഴിപ്പിക്കാനും ഒത്താശ ചെയ്യുന്നു. മറ്റേയാള്‍ ഇതെല്ലാം കണ്ട് ഉയിരു പോകാതിരുന്നതു ഭാഗ്യം എന്നു പറഞ്ഞ് നെടുവീര്‍പ്പിടുന്നു. കേരളത്തിലെ രണ്ടു ലോക്സഭാംഗങ്ങളുടെ കൂടോത്രക്കഥകള്‍ കണ്ടും കേട്ടും ലജ്ജിച്ചു നില്‍ക്കുകയാണ് ആധുനിക കേരള സമൂഹം.

Advertisment