കാലടി : ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഞ്ചദിന പ്രദർശനം മാർച്ച് 17ന് കാലടി മുഖ്യക്യാമ്പസിലുള്ള കനകധാര മ്യൂസിയത്തിൽ ആരംഭിക്കും.
കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രവും, പ്രാചീനകാലത്തെ ചില തെളിവുകളും മധ്യകാലത്തെ ശില്പങ്ങളും മാതൃകകളും ചുമർചിത്രങ്ങളും കൊളോണിയൽ ഫോട്ടോഗ്രാഫുകളും പ്രദർശനത്തിൽ വിഷയമാകുന്നു. കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളെക്കുറിച്ച് മ്യൂസിയോളജിക്കലും ചരിത്രപരവുമായ നിരീക്ഷണങ്ങൾ പണ്ഡിതരും വിദ്യാർത്ഥികളും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ശില്പശാലയിൽ പങ്കുവയ്ക്കും.
കേരള ഖാദി ബോർഡിന്റെ നേതൃത്വത്തിൽ, തുണിനെയ്യുന്നത് നേരിട്ട് കാണാനുള്ള അവസരം പ്രദർശനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്, സർവ്വകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസ് കോ-ഓർഡിനേറ്റർ പ്രൊഫ. എൻ.ജെ. ഫ്രാൻസീസ് പറഞ്ഞു.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രദർശനസമയം. 17ന് രാവിലെ 11ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കഴിഞ്ഞ വർഷത്തെ പ്രദർശനത്തിന്റെ മ്യൂസിയം കാറ്റലോഗ് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പ്രകാശനം ചെയ്യും.
ചരിത്രാതീത കാലത്തെ പുരാവസ്തുശേഖരണത്തിൽ പ്രതിഭ തെളിയിച്ച എ.കെ. അലിയെ ആദരിക്കും. പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഡോ. വിനിൽ പോൾ, അനഘ പി.ജെ., കൃഷ്ണപ്രിയ രാജീവ്, ഡോ. എൻ.ജെ. ഫ്രാൻസീസ്, ഡോ. കെ.എം. ഷീബ, അപർണ ഗോപാൽ കെ., ഷെഫറീൻ പി.വി., ശ്രീഹരി കെ. പിള്ള, അനുജ എം. രാംദാസ്, അനഘ എം. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രദർശനം 21ന് സമാപിക്കും.