നായനാരുടെ മകന്‍ മുതല്‍ ബിനോയ്‌ കോടിയേരി വരെ ! വഴി പിഴച്ചതാരൊക്കെ പിഴപ്പിച്ചതാരൊക്കെ ? സുഖങ്ങളും ദുഖങ്ങളും പെയ്തിറങ്ങുന്ന ഗള്‍ഫ് നഗരങ്ങളുടെ മറവില്‍ സഖാവ് പുത്രന്മാര്‍ക്ക് സംഭവിച്ചതെന്ത് ? പിണറായിയുടെയും പി ജയരാജന്റെയും മക്കള്‍ജീവിതങ്ങളും .. ദുബായില്‍ നിന്നുള്ള നേര്‍ക്കാഴ്ച ഇങ്ങനെ … / ദാസനും വിജയനും

ദാസനും വിജയനും
Sunday, June 23, 2019

തൊട്ടടുത്ത കാലംവരെ ഈ സിപിഎം അണികളോടോ അനുഭാവികളോടോ നേതാക്കന്മാരോടോ ചാനൽ ചർച്ചക്കിരിക്കുന്നവരോടോ എന്തിനെ കുറിച്ച് ചോദിച്ചാലും ഉത്തരം മുട്ടുന്ന അവസ്ഥ വന്നാൽ പിന്നെ അവർക്ക് പറയുവാനുള്ളത് ഐസ്ക്രീം കേസോ അല്ലെങ്കിൽ സരിതക്കേസോ ആയിരിന്നു  .

അതിപ്പോൾ ഫേസ്ബുക്കിലായാലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലായാലും എന്തിനധികം നാട്ടിൻപുറത്തെ ചായക്കടകളിൽ ആയാലും ഇവരുടെയൊക്കെ ഉത്തരങ്ങളിൽ പെണ്ണ് വിഷയങ്ങളായിരിക്കും ആദ്യം നിഴലിക്കുക . അഹങ്കാരവും ധാർഷ്ട്യവും എതിരാളികളെ ഇല്ലാതാക്കുന്ന കൊലപാതക രാഷ്ട്രീയവും കൈമുതലാക്കിയപ്പോൾ ഓഖിയും നിപ്പയും പ്രളയവും തങ്ങളെ തേടിയെത്തിയപ്പോള്‍ , മഹത്തായ തിരഞ്ഞെടുപ്പ് തോൽവികളെ വരെ മറച്ചുവെക്കുവാൻ നിപ്പയെ തിരിച്ചുകൊണ്ടുവന്നു .

വിജയൻ ഒരു പരാജയൻ ആണെന്ന് വോട്ട് ചെയ്തു ജയിപ്പിച്ചവർ തന്നെ പറഞ്ഞു തുടങ്ങിയപ്പോൾ വീണുകിട്ടിയ ആയുധമായിരുന്നു പൾസർ സുനിയും ദിലീപും ഒക്കെ . അന്നത്തെ പെണ്ണെഴുത്തുകാരികളും സാഹിത്യ തൊഴിലാളികളും സോഷ്യൽമീഡിയ പോരാളികളും ദിലീപിനെ വലിച്ചുകീറി ചുമരിൽ ഒട്ടിച്ചു . ഡിവൈഎഫ്ഐ ‘ദേ പുട്ട്’ തല്ലിത്തകർത്തു. അവരൊക്കെ ഇപ്പോൾ എവിടെയാണാവോ ?

തുടക്കം നായനാരുടെ മകന്‍

കേരളം എന്നും സ്നേഹിച്ചു പോന്നിരുന്ന കല്യാശ്ശേരിയുടെ പ്രിയപുത്രൻ ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന 1996 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ മകന് ഒരു മോഹം. ദുബായിൽ കച്ചവടം തുടങ്ങണമത്രേ. 1986 ൽ ഒരു കൂട്ടർ കംപ്യുട്ടറിനെതിരെ സമരം നയിക്കുമ്പോൾ ഈ മകൻ കമ്പ്യൂട്ടറിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയായിരുന്നു.

1998 ൽ നായനാരുടെ സുഹൃത്തായിരുന്ന നിലമ്പൂരിലെ പിവി അബ്ദുൽ വഹാബിന്റെ പണത്തിന്റെ ബലത്തിൽ നായനാരുടെ മകൻ ദുബായിലെ കറാമയിലുള്ള അൽ അത്തർ സെന്ററിൽ ഒരു പരസ്യ കമ്പനിക്ക് ലൈസൻസ് എടുത്തു. അൽ ലീവാൻ എന്നായിരുന്നു കമ്പനിയുടെ പേര്. എല്ലാവരും താമസിച്ചിരുന്നത് വഹാബിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരമ സെന്ററിന്റെ 227 നമ്പര്‍ അപ്പാർട്ട്മെന്റിലും .

ലുലുവിന്റെ ഷാർജയിലുള്ള ഉത്‌ഘാടനവും അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുമായിരുന്നു ആദ്യത്തെ ജോലി. പിന്നീട് കെഎം ട്രേഡിങ്ങും ഹൈപവറും ഒക്കെയായിരുന്നു പരസ്യദാതാക്കൾ . മുതലാളിമാർ അന്നത്തെ മുഖ്യമന്ത്രിയുടെ പിന്നാലെയായിരിന്നു . അഹങ്കാരം തലക്കുപിടിച്ച മുഖ്യമന്ത്രിപുത്രൻ അന്നത്തെ ഏറ്റവും വിലകൂടിയ വാഹനങ്ങളും മറ്റും സ്വന്തമാക്കി .

ബാങ്കുകളിൽ നിന്നും വലിയ തുകകൾ ലോൺ എടുത്തു . വളരെ നല്ല രീതിയിൽ വിലസുകൾ നടക്കുമ്പോൾ ഭരണം മാറി, മുതലാളിമാർ പരസ്യങ്ങൾ പിൻവലിച്ചുകൊണ്ടിരുന്നു. അങ്ങനെ ലോണുകൾ തിരിച്ചടക്കാൻ ആകാതെ സ്ഥാപനം ഇട്ടെറിഞ്ഞുകൊണ്ട് മന്ത്രി പുത്രൻ ദുബായിൽ നിന്നും
മുങ്ങി. ഉണ്ടാക്കിവെച്ച കടബാധ്യതകൾ എല്ലാം നിലമ്പൂരുകാരൻ വീട്ടേണ്ടിയും വന്നു . അല്ലാതെ ആരോട് പറയുവാൻ .

വിഎസിന്‍റെ മകന്‍റെ വരവും പോക്കും

പിന്നീട് 2001ൽ സഖാവ് വിഎസിന്റെ മകനും ദുബായിൽ കച്ചവടം ചെയ്യുവാനായി ലാന്റ് ചെയ്തു. കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന
ഹൈപവർ എന്ന കമ്പനിയുടെ ഡയറക്ടർമാരാണ് അദ്ദേഹത്തെ ദുബായിലേക്ക് ക്ഷണിച്ചത്. നായനാരുടെ മകനെ കയ്യിൽ കിട്ടാതെ വന്നപ്പോൾ
ഹൈപവറുകാർ ഉണ്ടാക്കിയ ഒരു കളിയായിരുന്നു അത് .

ഒരു മാസത്തോളം അവരുടെ കൂടെ ദുബായിൽ ഇളക്കി മറിച്ചപ്പോൾ എല്ലാ വിദേശ സുഖങ്ങളു൦ അനുഭവിച്ചുകഴിഞ്ഞപ്പോള്‍ വിഎസിന്റെ മകൻ മെല്ലെ നാട്ടിലേക്ക് വണ്ടി കയറി. അതിനാല്‍ പിന്നീട് ഉള്ള പേരുമോശം കൂടാതെ നോക്കുവാൻ കഴിഞ്ഞു .

ബിനോയി നല്ലവന്‍, പിഴപ്പിച്ചത് കുബേരന്മാര്‍ ?

2003 ലാണ് സാക്ഷാൽ കോടിയേരി മകനെ ദുബായിലേക്ക് കയറ്റി വിടുന്നത് . കണ്ണൂരിലെ ആർഎസ്എസിന്റെ ഭീഷണി നില നിന്നിരുന്നതിനാൽ
ഒരു മകനെ ദുബായിലേക്കും മറ്റൊരു മകനെ തലസ്ഥാനത്തേക്കും കയറ്റിയയച്ചു. ഐസ്ക്രീം കേസിലെ പ്രതിയാണെന്ന് സഖാക്കന്മാർ വിളിച്ചുകൂവിയ ഒരാളുടെ സൂപ്പർമാർക്കറ്റിലേക്കാണ് സെയിൽസ് മാൻ വിസയിൽ കോടിയേരി പുത്രൻ പറന്നിറങ്ങിയത് .

ജബൽ അലി ഫ്രീസോണിലെ എട്ടാം നമ്പർ റൌണ്ട് എബോട്ടിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പിലെ അസിൻ സൂപ്പർമാർക്കറ്റിൽ വളരെ അച്ചടക്കത്തോടെ ജോലി ചെയ്തിരുന്ന പയ്യൻ താമസിച്ചിരുന്നത് ലേബർ ക്യാമ്പിലായിരുന്നു . എല്ലാംകൊണ്ടും ആത്മാര്‍ഥതയും നല്ല പെരുമാറ്റവും ഉണ്ടായിരുന്ന പയ്യനായിരുന്നു ബിനോയ്‌. ഇപ്പോഴും അതിനു വലിയ കുറവ് ഇല്ല. കള്ളുകുടി നിയന്ത്രിക്കണം എന്ന് മാത്രമാണ് അന്ന് മാതാപിതാക്കൾക്ക് സഹമുറിയനോട് അഭ്യർത്ഥിക്കുവാൻ ഉണ്ടായിരുന്നത് .

2005 അവസാനത്തോടെ ദുബായിലെ പ്രശസ്തമായ എമാർ എന്ന കമ്പനിയിൽ ജോലിക്ക് കയറി . 2006 ൽ ഭരണം മാറിയപ്പോൾ അച്ഛൻ കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോൾ ദുബായിലുള്ള വേദനിക്കുന്ന കോടീശ്വരന്മാരൊക്കെ ഈ പാവം പയ്യന്റെ പിന്നാലെ കൂടി . പിന്നെ അവിടന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു . ഓഡിയുടെ ക്യു, സെവാനും ആഡംബര ഫ്ലാറ്റുകളും, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ സ്ഥിര താമസവും ഒക്കെ ജനങ്ങൾ ശീലിപ്പിച്ചു .

ലങ്ക എന്ന സിനിമയുടെ നിർമ്മാതാവ് സന്തോഷ് ദാമോദരനുമായി ചേർന്നുകൊണ്ട് എക്സ്ക്ലൂസീവ് എന്ന പേരിൽ ഒരു മെയിന്റനൻസ് കമ്പനി ദുബായിലെ കരാമയിൽ ആരംഭിക്കുമ്പോൾ മുതലാളിമാർ പണവുമായി ക്യു നിൽക്കുകയായിരുന്നു . നീലത്താമര, മാടമ്പി, രതിനിർവേദം എന്നീ’ സിനിമകൾ നിർമിച്ച സന്തോഷ് എന്നയാളും ഇവരുടെ കൂടെ കൂടി .

പല സിനിമകൾക്കും കച്ചവടങ്ങൾക്കും പണം ഇറക്കി കൊടുത്തു . പണം തിരിച്ചു ചോദിച്ചപ്പോളാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് സന്തോഷിന് മനസ്സിലായത് . അപ്പോഴേക്കും സന്തോഷിന്റെ ബാധ്യതകൾ വർദ്ധിച്ചു. പണത്തിനു പകരമായി ഭീഷണിയാണ് കിട്ടുന്നതെന്നു തിരിച്ചറിഞ്ഞ സന്തോഷ് ദുബായ് നഹദയിലെ കിടപ്പുമുറിയിൽ ഭാര്യയും മകളുടെയും ഒപ്പം സ്വയം ജീവൻ അവസാനിപ്പിക്കുകയായിരുന്നു .

സതീഷ് മാധവൻ എന്ന ഉശിരുള്ള ഒരു പത്രക്കാരൻ മാത്രമാണ് ഈ വിഷയം ആദ്യം എഴുതിയത്. അദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടു . മറ്റുള്ള ചാനലുകളും മുഖ്യധാരാ പത്രങ്ങളും ഈ വാർത്തക്ക് അത്രത്തോളം പ്രാധാന്യം കൊടുക്കാതിരുന്നതിൽ സതീഷിന് വിഷമം ഉണ്ടായിരുന്നു. സന്തോഷിന്റെ ആത്മാവിനും .

പിന്നെ മക്കളുടെ ഒരു ഘോഷയാത്ര

കോടിയേരി പുത്രന്റെ ആർഭാട ജീവിതം മാതൃകയാക്കി അന്നത്തെ ആരോഗ്യ മന്ത്രിയുടെ മകനും , കണ്ണൂരിലെ പ്രമുഖനായ സഖാവിന്റെ മകനും
ആന്തൂരിലെ വിവാദ നായികയുടെ മകനും സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മകനും ചവറയിലെ ഇന്നത്തെ എംഎൽഎ യുടെ മകനുമൊക്കെ
കൊച്ചിയിൽ നിന്നും എമിറെറ്റസിന്റെ ഒന്നാം ക്‌ളാസിൽ ദുബായിലേക്ക് പറന്നിറങ്ങി .

ഒരാൾ കേരളത്തിലെ സർക്കാർ ജോലിയിലേക്ക് ആളുകളെ കയറ്റുമ്പോൾ മറ്റൊരാൾ മുതലാളിമാർക്ക് വലിയ തുകകൾ പലിശക്ക് കൊടുക്കുകയായിരുന്നു . എംഎൽഎ യുടെ മകൻ സ്വന്തമായി ഡാൻസ് ബാർ വരെ തുടങ്ങി . കൊല്ലത്തെ പ്രമുഖനായ ഒരു മുതലാളിയുടെ ബന്ധുവാണെന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധി പേരിൽ നിന്നും പണം വാങ്ങി .

ചെറിയേട്ടന്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകൻ ലോണുകൾ വാരിക്കൂട്ടി . മറ്റൊരു ചെറിയേട്ടന്‍  നേതാവിന്‍റെ മകന്‍ മകൻ അപ്പന് പട്ടയവ്യാപാരം മുഖേന കിട്ടിയ പണം ലോജിസ്റ്റിക്ക് കമ്പനിൽ നിക്ഷേപിച്ചുകൊണ്ട് ആരുമറിയാതെ സുഖമായി ജീവിക്കുന്നുണ്ട് .

വഴി പിഴച്ച കൂട്ടുകെട്ടുകള്‍

ദുബായിലെ റാഷിദിയയിലെ ഒരു വില്ലയിൽ ആയിരുന്നു ഇവരില്‍ പലരുടെയും സംഗമ സ്ഥാനം . മറ്റൊരു സംഗമ സ്ഥാനം ബുർജുമാൻ സെന്ററിന്റെ മുന്നിലുള്ള പാർക്ക് റെജിസിന്റെ നാൽപ്പതാം നിലയിലുള്ള നിശാക്ളബ്ബും . വഴി പിഴയ്ക്കുന്നത് ഇവിടെ നിന്നുമാണ് . ഈ ക്ലബ്ബിൽ ബോളിവുഡിലെ രണ്ടാം നിര നടിമാരും മോഡലുകളും വരെ സ്ഥിരമായി വന്നിരുന്നു .

പാക്കിസ്ഥാൻ എയർലൈനായ എയർ ബ്ലുവിലെ എയർ ഹോസ്റ്റസുമാരും അവിടത്തെ നിത്യ സന്ദർശകരായിരുന്നു . ഹയാത്തിലെയും പാർക്കറെജിസിലെയും പെൺകുട്ടികൾ മാത്രമല്ല, കല്പകഞ്ചേരിക്കാരനായ ഒരു സുഹൃത്ത് ഒപ്പിച്ചു കൊടുക്കുന്ന പത്തോളം പാകിസ്ഥാനി പെൺകുട്ടികളുമായി റാഷിദിയയിലെ വില്ലയിൽ വാരാന്ത്യത്തിൽ നടന്നുവന്നിരുന്ന പേക്കൂത്തുകളിൽ വെളിയിൽ നിന്നും ആരെയും അകത്തേക്ക് കയറ്റിയിരുന്നില്ല . അതുപോലെ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ ആർക്കും അനുമതി ഉണ്ടായിരുന്നില്ല .

അങ്ങനെയങ്ങനെ കളികൾ അതിരുവിട്ടപ്പോൾ കോടിയേരി പുത്രന് ബീഹാറിപെണ്ണിൽ ഒരു കുട്ടിയെ സമ്മാനമായി ലഭിച്ചുവെന്നതാണ് പുതിയ വിവാദം. കൂടാതെ ആദ്യമായി ഒരു അറബി പണം അന്വേഷിച്ചു കേരളത്തിലേക്ക് വണ്ടി കയറുകയും ചെയ്തു. ചെറിയേട്ടന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പുന്നാര മകൻ ജയിലും ആയി . അതോടെ നാട്ടില്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമഞ്ഞുള്ള അച്ഛന്റെ വിലസലും അവസാനിച്ചു. നേരത്തെ പിണറായി അനങ്ങിയാല്‍ അതിനു കുറ്റമായിരുന്നു. ഇപ്പോള്‍ ബിനോയിയുടെ കാര്യം വന്നപ്പോള്‍ അത് വീട്ടുകാര്യമായി കക്ഷിക്ക് .

എംഎൽഎ യുടെ മകനും അത്യാവശ്യം ജയിലിൽ കിടന്നു പിന്നീട് നാട്ടിലേക്ക് കയറ്റി വിട്ടു . ദുബായിലെ പ്രശസ്തനായ ഒരു മുതലാളി ജയിലിൽ ആയപ്പോൾ അദ്ദേഹത്തിന് പണം പലിശക്ക് കൊടുത്തിരുന്ന കണ്ണൂർ നേതാവിന്റെ മകനും നാട്ടിലേക്ക് വണ്ടി വിട്ടു . ജോലി നൽകാമെന്ന് പറഞ്ഞുകൊണ്ട് പണം വാങ്ങി വിലസുന്നത്തിനിടയിൽ 2001 ൽ ഭരണം മാറിയതറിയാതെ വനിതാ നേതാവിന്‍റെ മകനും കുടുങ്ങി . ഇപ്പോൾ എല്ലാ അച്ചന്മാരും അമ്മമാരും മക്കളുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ് .

സഖാവ് പുത്രന്മാര്‍ കണ്ടുപഠിക്കേണ്ടത് പിണറായിയുടെ മകനെ !

ഇനി ചിലത് പറയാതെ വയ്യ : നമ്മുടെ മുഖ്യമന്ത്രി , ഇരട്ടചങ്കൻ എന്ന് എതിരാളികൾ വരെ വിളിക്കുന്ന പിണറായി വിജയൻറെ മകൻ അബുദാബിയിലെ നാഷണൽ ബാങ്കിൽ ജോലിചെയ്തുവരുന്നു. വളരെ സ്വസ്ഥമായി ഭാര്യയുടെയും കുട്ടികളുടെയും കൂടെ ജീവിക്കുന്നു . ആർക്കും ഒരു ദോഷമോ പേരുമോശമോ ഉണ്ടാക്കാതെ . അതുപോലെ കണ്ണൂരിലെ നേതാവ് പി ജയരാജന്റെ മകനും ദുബായിലെ ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു .

അതും ഡെലിവറി ബോയിയുടെ ജോലി . ചുട്ടുപൊള്ളുന്ന വെയിലത്ത് ഫ്ളക്സുകളും ബോർഡുകളും ചുമലിൽ ഏറ്റിക്കൊണ്ട് ആരെയും ദ്രോഹിക്കാതെ ജോലിചെയ്തിരുന്നു . കമ്പനി നിർത്തിയപ്പോഴാണ് അദ്ദേഹം നാട്ടിലേക്ക് പറന്നത് . അപ്പോൾ നന്നായി വളർത്തിയാൽ മക്കളിൽ നിന്നും നന്മയും കിട്ടും എന്ന് അവർ തന്നെ നമ്മെ പഠിപ്പിക്കുന്നു .

വാൽക്കഷണം – പുതുപ്പള്ളി പള്ളിയുടെ ശക്തി !

അങ്കമാലിയിലെ മുൻ മന്ത്രി ജോസ് തെറ്റയിൽ പെണ്ണ് കേസിൽ കുടുങ്ങിയപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞത് ‘ എന്റെ വയസ്സുള്ള തെറ്റയിലിന്റെ പേരിലുള്ള കേസ് സത്യമാകാതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ‘. ഏതെങ്കിലും ഒരു സഖാവ് ഇങ്ങനെ പറയുമോ ?

ഒരു മന്ത്രിയെ പുറത്താക്കാൻ സ്വന്തം അച്ഛനും ഒരു എംഎൽഎയും ഉണ്ടാക്കിയ കള്ളക്കഥയായ സരിതക്കേസിൽ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ സിഒറ്റി നാസറിനെ ഓടിച്ചിട്ട് തല്ലിയത് സഖാക്കൾ, വെട്ടി പരിക്കേൽപ്പിച്ചത് സ്ഥലം എംഎൽഎയുടെ അറിവോടെ. പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനക്കായി ആളുകൾ കൂടുന്നുവെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല, ഉമ്മന്‍ ചാണ്ടി പ്രാര്‍ഥിക്കുന്ന പള്ളി അച്ചട്ടാണത്രെ .

മകൻ അബുദാബിയിൽ നിന്നും നാല് പെട്ടികൾ നിറയെ കള്ളക്കടത്തു സാധനങ്ങളുമായി കൊച്ചിയിൽ വന്നു എന്ന് പറഞ്ഞു പാവം ലീഡറെ എല്ലാവരും ചുറ്റിലും നിന്ന് കല്ലെറിഞ്ഞിട്ടുണ്ട് . ഇല്ലാത്ത മറിയം റഷീദയും ഫൗസിയയും ലീഡറുടെ കണ്ണ് നിറയിച്ചു .

ഐസ്ക്രീമിന്റെ പേരിൽ രണ്ടു പതിറ്റാണ്ട് ഒരു മനുഷ്യനെ പച്ചക്ക് തിന്ന കുറെ മനുഷ്യർ . ഒരു പെണ്ണിന്റെ കാര്യം പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ ടിവി രാജേഷിനറിയാം ആരോപണങ്ങളുടെ വേദന . എനിക്കൊരു അച്ഛനുണ്ട് അമ്മയുണ്ട് ഭാര്യയുണ്ട് സഹോദരിമാരുണ്ട് മക്കളുണ്ട് എന്ന് രാജേഷ് പറഞ്ഞപ്പോൾ ആ വേദന നമ്മുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ .

പാവം കോവളം എംഎൽഎ

പാർട്ടി ഓഫീസിൽ ഡിവൈ എഫ് ഐ വനിതാ നേതാവിനെ പീഡിപ്പിച്ച ഷൊർണൂർ ശശി പാർട്ടി കോടതിയുടെ വിധിക്കായി കാലങ്ങളായി കാത്തിരിക്കുമ്പോൾ വെറും ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയ കോവളം എംഎൽഎ വിൻസെന്റും ജനപ്രിയൻ ദിലീപും മനുഷ്യജീവികളായിരുന്നില്ലേ ?

ഇനിയെങ്കിലും സഖാക്കന്മാർ താൽക്കാലത്തെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്കും ഭരണ പാളിച്ചകൾ ജനങ്ങളിൽ നിന്നും മറച്ചുവെക്കുവാനും വേണ്ടി
മറ്റുള്ളവരുടെ പേരിൽ പെണ്ണുവിഷയങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക , ഇന്ന് ഞാൻ നാളെ നീ .

കേരളജനതയോട് തെറ്റുകൾക്കെല്ലാം മാപ്പു പറഞ്ഞുകൊണ്ട് ആ ബീഹാറിക്കുട്ടിയെയും അമ്മയെയും വഴിയാധാരമാക്കാതെ സംരക്ഷിച്ചാൽ
ഇനിയും നിങ്ങള്‍ക്ക് ജനങ്ങളെ നേരിടാനാവും എന്നുറച്ചു വിശ്വസിച്ചുകൊണ്ട്,

ഗള്‍ഫില്‍ നിന്നും കച്ചവടം ചെയ്യുവാൻ വന്നു പണമിറക്കി ആത്മഹത്യക്ക് ഒരുങ്ങുന്ന ദാസൻ മുതലാളിയും ബീഹാറുകാരൻ വിജയഛനും

×