ഡല്‍ഹി: ഇക്കുറിയും ഭരണത്തുടര്‍ച്ചയുണ്ടാകുമോ ? അതോ ആം ആദ്മി സൃഷ്ടിക്കുന്ന കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ് ഭരണത്തിന് മാറ്റമുണ്ടാകുമോ. കളം മാറ്റിയ ക്യാപ്റ്റന് എന്തു റോള്‍ ഇനിയുണ്ടാകും. ഈ ചോദ്യങ്ങള്‍ക്കൊക്കെ നാളെ ഉത്തരമാകും.
പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ശക്തമായ ചതുഷ്‌കോണ മല്‍സരത്തില്‍ പ്രവചനാതീതമാണ് ജനവിധിയെന്നാണ് അവസാന സൂചനകളും നല്‍കുന്നത്. ആരോപണ-പ്രത്യാരോപണങ്ങള്‍ നിറഞ്ഞതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗം. അത് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള പരിശ്രമത്തിലാണ് ഓരോ മുന്നണിയും.
സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്കാണ് കോണ്‍ഗ്രസ് വോട്ടുതേടിയത്. പക്ഷേ പാളയത്തിലെ പട കോണ്‍ഗ്രസിന് തിരിച്ചടിയായി. പ്രചാരണ രംഗത്തെ ഏകോപനമില്ലായ്മ വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാക്കി.
ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിന് ഇഷ്ടമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി സിദ്ദു ഉയര്‍ത്തിയ സമ്മര്‍ദ്ദം അതിജീവിക്കാനായെങ്കിലും സമവായത്തിലെത്തിയെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയില്ല. അതിന്റെ അതൃപ്തി ഒരുപക്ഷേ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നിരയിലേക്ക് മാറുമെന്നതില്‍ തര്‍ക്കമില്ല.
അതേസമയം ഭരണവിരുദ്ധ വികാരം അനുകൂലമാക്കി അട്ടിമറിക്ക് ശ്രമിക്കുകയാണ് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മുഖ്യമന്ത്രി ഛന്നി നടത്തിയ ഭയ്യ പരാമര്‍ശം എതിരാളികള്‍ ആഘോഷിച്ചു.
എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് കുമാര്‍ വിശ്വാസ് ഉയര്‍ത്തിയ ആരോപണം ആംആദ്മി പാര്‍ട്ടിയെ തിരിച്ചടിച്ചു. അതിനെ പ്രതിരോധിക്കാന്‍ വലിയ തോതില്‍ പാര്‍ട്ടി കഷ്ടപ്പെടേണ്ടി വന്നു. കെജ്രിവാള്‍ എന്ന നേതാവിനപ്പുറം മറ്റൊരാളെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതാണ് ആം ആദ്മി നേരിടുന്ന വെല്ലുവിളി.
അതേസമയം പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയണം. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക മാത്രമല്ല അഭിമാന പോരാട്ടത്തില്‍ ജയം അനിവാര്യമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പക്ഷേ കര്‍ഷക രോഷത്തില്‍ പെള്ളിയ ബിജെപിക്ക് കൂടുതലൊന്നും ചെയ്യാനാവില്ലെന്നു തന്നെയാണ് പൊതു വിലയിരുത്തല്‍.
പഞ്ചാബ് അഭിമാന പ്രശ്‌നമായി മാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ ദേശീയ നേതാക്കളെ രംഗത്തിറക്കിയായിരുന്നു പാര്‍ട്ടികളുടെ പ്രചാരണം.
കര്‍ഷക സംഘടനകള്‍ രൂപം നല്‍കിയ സംയുക്ത സമാജ് മോര്‍ച്ച പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. നാളെ ജനവിധി തേടുന്ന 1304 സ്ഥാനാര്‍ഥികളില്‍ 93 പേര്‍ വനിതകളാണ്.