കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചില കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പുകൾ. യുഡിഎഫിന്റെ ചില ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്. ഇത് ഉമ തോമസിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ആദ്യ ഘട്ടത്തില്‍ 15000 ത്തിന് മുകളില്‍ ഭൂരിപക്ഷം ഉറപ്പിച്ചിരുന്ന യുഡിഎഫ് ഇപ്പോള്‍ അത്രയും പ്രതീക്ഷിക്കുന്നില്ല. തോല്‍ക്കില്ലെന്ന ഉറപ്പ് ഉള്ളപ്പോള്‍ തന്നെ പി റ്റിക്ക് കിട്ടിയ ഭൂരിപക്ഷം കിട്ടുമോ എന്ന് ഉറപ്പിച്ച് പറയാന്‍ നേതൃത്വത്തിനാകുന്നില്ല.
യുഡിഎഫിലെ പതിവ് തര്‍ക്കങ്ങള്‍ക്ക് തൃക്കാക്കരയില്‍ കുറവുണ്ടായിരുന്നെങ്കിലും ചില നേതാക്കളെങ്കിലും പാലം വലിച്ചോ എന്ന സംശയം ചില പ്രവര്‍ത്തകരെങ്കിലും ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് 'പണികൊടുക്കാന്‍' ചില നേതാക്കള്‍ നീക്കം നടത്തിയെന്ന സംശയമാണ് ഉയരുന്നത്.
ആർക്കും വിശ്വസിക്കാൻപറ്റാത്ത ഒരു എംപിയുടെയും മുന്‍ എംഎല്‍എയുടെയും പേരുകളാണ് പ്രവര്‍ത്തകര്‍ എടുത്തു പറയുന്നത്. ഇരുവര്‍ക്കും തൃക്കാക്കരയില്‍ ചില മോഹങ്ങള്‍ ഉണ്ടായിരുന്നു. എംപിക്ക് അടുത്ത തവണ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമില്ല. കേരളത്തിൽ മന്ത്രിയാകാനാണ് മോഹം. ഇതോടെ ഉറപ്പുള്ള ഒരു സീറ്റ് കേരളത്തില്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.
മുന്‍ എംഎല്‍എയാകട്ടെ ഇത്തവണയും തനിക്ക് അവസരം നല്‍കണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചതാണ്. അതു പരിഗണിക്കാന്‍ നേതൃത്വം തയ്യാറായതുമില്ല. ഇത് അദ്ദേഹത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.
അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും തനിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ ചില ചരടുവലികള്‍ അദേഹവും നടത്തിയതായാണ് സൂചന.
ഇതിനു പുറമെ ഒരു ഗ്രൂപ്പും പാലം വലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. ഇത് സ്ഥാനാര്‍ത്ഥിയോടുള്ള പ്രശ്‌നം മൂലമല്ല, മറിച്ച് ഭൂരിപക്ഷം കുറച്ചു പ്രതിപക്ഷ നേതാവിനെ ഇകഴ്ത്തി കാണിക്കാനാണെന്നാണ് സംസാരം. എന്നാല്‍ ഈ പാരവയ്പ്പുകളെ മറികടക്കാന്‍ കഴിഞ്ഞതായും നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും അകമഴിഞ്ഞ പിന്തുണ ഇത്തവണ തൃക്കാക്കരയില്‍ നല്‍കിയതായാണ് കോണ്‍ഗ്രസിന് വലിയ ആശ്വാസം നൽകുന്നത്.
അതുകൊണ്ടുതന്നെ ഭൂരിപക്ഷം അല്‍പ്പം കുറഞ്ഞാലും മികച്ച നിലയിൽ തന്നെ മണ്ഡലം നിലനിര്‍ത്താനാകും എന്നു തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ.