Advertisment

ഗള്‍ഫ് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. 6 മുതല്‍ ദുബായ് എമിറേറ്റ്സ് വിമാന സർവീസുകള്‍ പുനഃരാരംഭിക്കുന്നു. തുടക്കത്തില്‍ ആരംഭിക്കുക ചുരുക്കം സര്‍വീസുകള്‍

New Update

publive-image

Advertisment

ദുബായ് ∙ കൊറോണ വ്യാപനം തടയാന്‍ ലോകത്തെ ചെറുതല്ലാത്ത ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. പ്രമുഖ വിമാനക്കമ്പനിയായ ദുബായ് എമിറേറ്റ്സ് ഈ മാസം ആറു മുതൽ യുഎഇയിൽ നിന്ന് സർവീസ് പുനഃരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ലോകത്തെ പ്രത്യേക സാഹചര്യത്തില്‍ ഏതാനും വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നും ഇതുസംബന്ധമായി യുഎഇ അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതായും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം ട്വീറ്ററിലൂടെയാണ് അറിയിച്ചത്. ഏതൊക്കെ സര്‍വീസുകള്‍ എവിടേയ്ക്ക് എന്നൊക്കെയുള്ള വിവരങ്ങൾ എമിറേറ്റ്സ് വൈകാതെ പുറത്തുവിടും.

രാജ്യത്ത് കുടുങ്ങിയ സന്ദർശകർ, താമസക്കാർ എന്നിവരെ അതതു രാജ്യങ്ങളിലെത്തിക്കാനാകും ആദ്യപരിഗണനയെന്നും ഷെയ്ഖ് അഹമ്മദ് പറഞ്ഞു. കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഘട്ടംഘട്ടമായി കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് കമ്പനിയുടെ ആലോചന. എന്നാല്‍ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളിലേയ്ക്ക് സര്‍വീസുകള്‍ പ്രായോഗികമാകില്ല.

ഈ വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ ഇന്ത്യയിലേക്ക് ലോക്ഡൌണ്‍ നിലനില്‍ക്കുന്ന ഏപ്രില്‍ 14 വരെ യാത്രാ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. ഇതു സംബന്ധിച്ച മറ്റു റിപ്പോർട്ടുകൾ അദ്ദേഹം തള്ളിയിട്ടുണ്ട്. കുവൈറ്റിലേയ്ക്ക് യാത്രാ വിമാനങ്ങള്‍ വരുന്നതും പോകുന്നതും സംബന്ധിച്ച വിലക്ക് നീട്ടിയതായി കുവൈറ്റ്‌ സിവില്‍ ഏവിയേഷന്‍ വിഭാഗവും അറിയിച്ചിട്ടുണ്ട്.

കോവിഡ്–19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രാജ്യാന്തര സർവീസുകളില്‍ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് മാർച്ച് 25 നാണ് എമിറേറ്റ്സ് സർവീസുകള്‍ നിർത്തിവച്ചത്. എന്നാല്‍ കാർഗോ വിമാനങ്ങൾ സർവീസ് തുടർന്നിരുന്നു. ഇന്ത്യയടക്കം 84 രാജ്യങ്ങളിലെ 158 കേന്ദ്രങ്ങളിലേയ്ക്കാണ് എമിറേറ്റ്സ് സർവീസ് നടത്തിയിരുന്നത്. കാർഗോ അടക്കം ആകെ എമിറേറ്റ്സ് വിമാനങ്ങൾ 267.

പുതിയ തീരുമാനം യുഎഇയിലുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. സന്ദർശക വീസയിലും മറ്റും ഇവിടെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ പേർക്ക് ഇത് ആശ്വാസമാകും. ഈ മാസം 14 നു ലോക്ഡൌണ്‍ നീക്കുന്നതോടെ ഇവിടെയുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചു പോകാനാകും.

dubai corona
Advertisment