അഹമ്മദാബാദ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനായി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ ബിഎസ്എഫ് പിടികൂടി. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് സ്വദേശിയായ സിഷ്വാന്‍ മുഹമ്മദ് (20) ആണ് പിടിയിലായത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍.
പാകിസ്ഥാനിലെ കറാച്ചിയിലുള്ള കാമുകിയെ കാണാനാണ് ഇയാള്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര പുറപ്പെട്ടത്. 1200 കിലോമീറ്ററോളം ബൈക്കില്‍ സഞ്ചരിച്ച് ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെത്തി. അവിടെ ബൈക്ക് ഉപേക്ഷിച്ച് കാല്‍നടയായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എഫിന്റെ പിടിയിലാവുകയായിരുന്നു.
പിടികൂടിയപ്പോള്‍ ഇയാള്‍ അബോധാവസ്ഥയിലായതായും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ കൈയ്യില്‍ രേഖകളുണ്ടായിരുന്നതിനാല്‍ ബിഎസ്എഫിന് യുവാവിനെ തിരിച്ചറിയാനായി.
ഇതിനിടയില്‍ മഹാരാഷ്ട്രയില്‍ നിന്ന് യുവാവിനെ കാണാതായ വിവരം മഹാരാഷ്ട്ര പൊലീസ് ഗുജറാത്ത് പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ബിഎസ്എഫ് യുവാവിനെ ഗുജറാത്ത് പൊലീസിന് കൈമാറി. യുവാവിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.