പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ ' ചിറ്റാ ' എന്ന സിനിമക്ക് ശേഷം സിദ്ധാർത്ഥ് നായകനാവുന്ന ' മിസ് യു ' നാളെ ലോകമെമ്പാടും റിലീസ് ചെയ്യും.
Advertisment
നവംബർ 29- ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ പ്രദർശനം ഫിഞ്ചാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം ഡിസംബർ 13 ലേക്ക് മാറ്റുകയായിരുന്നു.
'മാപ്പ്ള സിങ്കം ', ' കളത്തിൽ സന്ധിപ്പോം ' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം യുവ സംവിധായകൻ എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ' മിസ് യു ' റൊമാൻ്റിക് ആക്ഷൻ എൻ്റർടെയ്നറാണ്.
തെന്നിന്ത്യൻ മുൻ നിര താരം, തെലുങ്ക് - കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗാനാഥാണ് നായിക. കാർത്തിയെ നായകനാക്കി മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ -2 വിലെ നായികയും ആഷികയാണ് എന്നതും ശ്രദ്ധേയമാണ്.
' മിസ് യു ' അവർക്ക് തമിഴിലെ അരങ്ങേറ്റ ചിത്രമാണ്. രസകരമായ റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ വിശേഷിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ എൻ. രാജശേഖർ.
സിനിമാ സംവിധായകനാവാൻ വേണ്ടി പരിശ്രമിക്കുന്ന നായക കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്.
വീണ്ടും യുവത്വത്തിൻ്റെ പ്രസരിപ്പുള്ള റൊമാൻ്റിക് ഹീറോ ആയി ഈ സിനിമയിലൂടെ കളത്തിൽ ഇറങ്ങുകയാണ് സിദ്ധാർത്ഥ്.
അദ്ദേഹം തെലുങ്കിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് പ്രണയ കഥാ ചിത്രങ്ങളിൽ അഭിയിച്ചിട്ടുണ്ടെങ്കിലും തമിഴിൽ ഇതു പോലെ റൊമാൻ്റിക് കഥാപാത്രത്തിൽ അഭിനയിച്ചിട്ട് നാളുകൾ ഏറെയായി.
പതിവായി ചെയ്തു കൊണ്ടിരുന്ന ഒന്ന് നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ചെയ്യുമ്പോൾ അതിന് വ്യത്യസ്തതയുണ്ടാവും.
അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന് ഇത് വ്യത്യസ്തമായ ഒരു സിനിമ തന്നെയായിരിക്കും. ഇതൊരു ഫീൽ ഗുഡ് റൊമാൻ്റിക് സിനിമയാണ്. സംവിധായകൻ പറഞ്ഞു.