ചിക്കന്‍ ഫ്രൈ ചോദിച്ചെത്തിയപ്പോഴേക്കും ഹോട്ടലിലെ ഭക്ഷണം തീര്‍ന്നു; കടയടക്കാന്‍ പോകുകയാണെന്ന് ഉടമ; കലിപൂണ്ട് അസഭ്യം പറഞ്ഞ് വടിവാള്‍ വീശി യുവാവ്; മേശയ്ക്കു മുകളില്‍ വിരിച്ച ഗ്ലാസ് തകര്‍ത്തു; കാഷ് കൗണ്ടറില്‍ നിന്ന് പണം തട്ടി; ഏറ്റുമാനൂരില്‍ നടന്നത്...

New Update

ഏറ്റുമാനൂർ: ചിക്കൻ ഫ്രൈ ലഭിക്കാത്ത ദേഷ്യത്തിൽ വടിവാൾ വീശി ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച ശേഷം പണം അപഹരിച്ച് കടന്നു. ഞായറാഴ്ച രാത്രി 12ന് എംസി റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനു സമീപം താരാ ഹോട്ടലിലാണ് നാടകീയ സംഭവങ്ങൾ.അമ്മഞ്ചേരി നാൽപാത്തിമല സ്വദേശി ക്രിസ്റ്റിക്ക് (ജംപർ ക്രിസ്റ്റി– 26) എതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

Advertisment

publive-image

ചിക്കൻ ഫ്രൈ ചോദിച്ചാണ് ഇയാൾ എത്തിയത്. ഭക്ഷണം തീർന്നെന്നും ഹോട്ടൽ‍ അടയ്ക്കാൻ പോകുകയാണെന്നും ഉടമ രാജു ജോസഫ് പറഞ്ഞു. ഇതോടെ അസഭ്യം പറഞ്ഞ് വടിവാളു വീശി കടയിലേക്കു കയറി. മേശയ്ക്കു മുകളിൽ വിരിച്ച ഗ്ലാസ് തകർത്തു. രാജുവിനും ജീവനക്കാർക്കും നേരെ വടിവാൾ വീശി.

ഹോട്ടലിലെ വെട്ടുകത്തി കൈക്കലാക്കി ജീവനക്കാരെ വെട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. ജീവനക്കാർ ഇറങ്ങിയോടി. കാഷ് കൗണ്ടറിൽ നിന്നു പണം തട്ടിയ ശേഷം, ഹോട്ടലിനു സമീപം കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാൾ ബൈക്കിൽ കടന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണു പ്രതിയെ തിരിച്ചറിഞ്ഞത്.

പട്ടിത്താനത്ത് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഏറ്റുമാനൂർ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലും പ്രതിയാണ് ഇയാളെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു.

പരുക്കേറ്റ രാജു, ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് (41) എന്നിവർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഹോട്ടൽ കഴുകി വൃത്തിയാക്കുന്നത് പതിവാണെന്നും അതിനാലാണ് അടയ്ക്കാൻ താമസിച്ചതെന്നും രാജു പറഞ്ഞു.

robbery case
Advertisment