രചന

പ്രവാസിയുടെ തിരിച്ചറിവുകൾ

Sunday, June 20, 2021

സുനിൽ എസ്.എസ്.സൂര്യമംഗലം

ഒന്നര പതിറ്റാണ്ടോളം പ്രവാസിയായ പ്രിയസുഹൃത്ത് വീട്ടിലേക്ക് കടന്നുവന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. കുശലാന്വേഷണങ്ങൾക്ക് ഇടയിലും അശ്രദ്ധമായ, മാനസിക സംഘർഷം നിറഞ്ഞ ഒരു ഭാവം അവന്റെ മുഖത്തുണ്ടായിരുന്നു. പറയുന്നതിൽ പകുതിയും ശ്രദ്ധയിലേക്ക് പതിയാത്തത് പോലുള്ള ഭാവം. സഹായം ചോദിച്ചവർക്കെല്ലാം കൊടുത്തു മാത്രം ശീലിച്ചവന് കടം ചോദിക്കുന്നതിനുള്ള പരിചയ കുറവായിരുന്നു ആ പരുങ്ങലിനു പിന്നിലെന്നു വൈകാതെ മനസിലായി. മാത്രമല്ല ഒരു വർഷമായി നാട്ടിൽ നിൽക്കുന്ന എന്നോട് ചോദിച്ചാൽ … “ഉരല് ചെന്ന് മദ്ദളത്തോട്” ചോദിക്കുന്ന പോലെ ആകുമോ എന്ന ആശങ്കയും ഉണ്ടാവാം.

നിലവിലെ കൊറോണ പ്രശ്നങ്ങളിലും ഗൾഫ് പ്രതിസന്ധിയിലും പണി പോയി അവൻ നാട്ടിലെത്തിയിട്ട് ഒരു വർഷം കഴിഞ്ഞു. വിസ കാലാവധി അവസാനിക്കുകയും ചെയ്തു. പറയത്തക്ക സമ്പാദ്യം ഒന്നും ഇല്ലായിരുന്നവൻ ആരെയും ആശ്രയിക്കാതെ കുട്ടികളുടെ കാതിൽപൂവ് വരെ വിറ്റ് ഇക്കാലമത്രയും പിടിച്ചുനിന്നു.

കുറച്ചു പൈസ ഉണ്ടെങ്കിൽ നിലവിലത്തെ സാഹചര്യത്തിൽ കുറച്ചു മാസ്‌ക്കും, സാനിറ്റൈസറും, ഒക്കെ ഹോൾസെയിൽ എടുത്തു ചെറുകടകൾക്ക് വിതരണം ചെയ്താൽ ദിവസം പത്തഞ്ഞൂറ് രൂപ ലാഭം ലഭിക്കുമെന്ന് ബഷീർ ഇക്കാ പറഞ്ഞത്രേ. കയ്യിൽ ഒരു ടൂ വീലറുമുണ്ട് .

“തിരികെ പോകാൻ കഴിയും വരെ ഇങ്ങനെയൊക്കെ പിടിച്ചുനിൽക്കാൻ ശ്രമിക്കാം അളിയാ.”…
ഒരു ചെറിയ ആത്മവിശ്വാസം ആ കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു.

അവൻറെ ഫേസ്ബുക്കിലും, വാട്സ്ആപ്പ് സ്റ്റാറ്റസിലുമെല്ലാം പലപ്പോഴും കൂട്ടുകാരുമൊത്തുള്ള നിരവധി ആഘോഷ നിമിഷങ്ങളുടെ വീഡിയോകളും, ഫോട്ടോസും കണ്ട് പരിചയമുണ്ടായിരുന്ന ആ പഴയ ഓർമ്മയിൽ ഞാൻ ചോദിച്ചു

“എടാ കൂട്ടുകാരൊക്കെ സഹായിച്ചുകാണുമല്ലോ അല്ലേ”?. അല്പനേരത്തെ മൗനത്തിന് ശേഷം…
“കെട്ടിയോളുടെ ഒരു അമ്മാവൻ മസ്കറ്റിൽ ഉണ്ട് അദ്ദേഹം ഒന്ന് രണ്ട് പ്രാവശ്യം ചെറിയ സഹായങ്ങൾ ചെയ്തു. കൂട്ടുകാർക്കൊക്കെ എന്റെ അവസ്ഥ അറിയാം. എനിക്കെന്താണ് കിട്ടിക്കൊണ്ടിരുന്നത് എന്നത് അവർക്കൊക്കെ അറിവുള്ളതല്ലേ .

അവസരം ലഭിച്ചപ്പോഴൊക്കെ സ്വന്തക്കാരും അന്യരും, പരിചയക്കാരും ഒക്കെയായി ഞാൻ മറുകര കാണിച്ച ഒരുപാട് പേരുണ്ട്. … ഒരു ഗതിയുമില്ലാതെ പകച്ചു നിന്നപ്പോൾ നമ്മൾ കൈപിടിച്ചുകടത്തിയ പാലത്തിലൂടെ നമ്മൾ കാരണം രക്ഷപ്പെട്ട ഒരുപാട് ജീവിതങ്ങൾ ഉണ്ട്. അവരൊക്കെ ഈ കൊറോണക്കാലത്ത് ഗൾഫിലാണേലും ബുദ്ധിമുട്ടിലായിരിക്കും ജീവിക്കുന്നത്. അതുകൊണ്ട് മറ്റ് ആരോടും ചോദിക്കാൻ മനസ്സനുവദിച്ചില്ല. സാരമില്ല.പക്ഷേ ….. …

“അവരൊക്കെ വെറുതെയെങ്കിലും ഒന്ന് വിളിച്ച് തിരക്കിയെങ്കിൽ എനിക്കൊരു സന്തോഷം ആയേനെ അളിയാ.” അവന്റെ കണ്ണുകളിൽ സങ്കടമൊക്കെ ഉറഞ്ഞു കൂടിയ ഒരു നിസ്സംഗ ഭാവം .

എത്ര ശരിയാണ് അവൻ പറഞ്ഞത് .” എനിക്കത് ശരിക്കും മനസിലാകും . ഞാൻ ഓർത്തുപോയി. എത്രയെത്ര പ്രവാസികളാണ് ഈ കെട്ടകാലത്ത് ശൂന്യരായത് … എത്ര പ്രവാസികളാണ് ഇന്ന് നാട്ടിൽ ദുരിത ജീവിതം തള്ളിനീക്കുന്നത്…. ഒരുകാലത്തു പലരും പലർക്കും കൈത്താങ്ങായി നിന്നവർ …സ്വന്തക്കാരെയും, ബന്ധുക്കളെയും അന്യരെയും ഗൾഫിന്റെ തണലിൽ പച്ച പിടിക്കാൻ സഹായിച്ചവർ….. ജോലി നേടി കൊടുക്കാൻ പ്രയത്നിച്ചവർ…..

പ്രതിസന്ധിഘട്ടങ്ങളിൽ മുറിവാടകയും മെസ്സ് കാശും കൊടുത്ത് സഹായിച്ചവർ.. ലോൺ ക്ലോസ് ചെയ്യാൻ വച്ച കാശെടുത്തു വിവാഹത്തിനു നൽകി സഹായിച്ചവർ….. വിസ അടിക്കാൻ പണമില്ലാത്ത കൂട്ടുകാരന് , കൂട്ടുകാരിക്ക് മക്കൾക്ക് വാങ്ങിയ പൊന്നെടുത്തു “വിറ്റോന്നേ”…, കയ്യിൽ വരുമ്പോ തിരികെ തന്ന മതി എന്ന് പറഞ്ഞവർ…..അവന്റെ , അവളുടെ വീട് എന്ന സ്വപ്ന സാഷാത്കാരത്തിനു മക്കളുടെ പേരിലിട്ട ചെറിയ ഡിപ്പോസിറ്റ് വരെ കാലാവധിക്കും മുൻപേ പൊട്ടിച്ചു പങ്കു വെച്ചു കൊടുത്തവർ.

അങ്ങനെ എന്തെല്ലാം പരസ്പര സഹായം ചെയ്ത പ്രവാസികളിൽ ഭൂരിഭാഗം ആൾക്കാരും ഇന്ന് നാട്ടിലാണ്. പലരും നിലയില്ലാ കയത്തിലാണ്. ചിലരെങ്കിലും എല്ലാം അടക്കിപ്പിടിച്ചു ആരോടും ഒന്നും പറയാൻ കഴിയാതെ ഉള്ളുരുകുന്നവരാണ്…പല സുഹൃത്തുക്കളും നാട്ടിൽ അകപ്പെട്ട പലർക്കും സഹായങ്ങൾ ചെയ്യുന്നുണ്ടാവാം. ചിലർക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത നിസ്സഹായ അവസ്ഥയുമായിരിക്കാം…..പക്ഷേ സുഖാണോ.. കാര്യങ്ങളെങ്ങിനെ എന്നൊന്ന് വിളിച്ചന്വേഷിക്കാം…

എല്ലാം ഉണ്ടായിട്ടും ആരെയും സഹായിക്കാതെ മുഖം തിരിച്ചു അവനവനിസം എന്ന രീതിയിൽ പോകുന്നവരുമുണ്ട്…ഒരു ഫോൺകോൾ പോലും ചെയ്യാത്തവരോടായി….ഒരിക്കലെങ്കിലും ഒരാന്വേഷണമെങ്കിലും നടത്താത്തവരോടായി…ഫാദർ ഡേവിഡ് ചിറമേൽ പറഞ്ഞതുപോലെ “ഡോ … സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒന്ന് വിളിച്ചു ചോദിക്കൂ അവരോട് സുഖമാണോ നിനക്കെന്ന് …

മക്കളുടെ ഓൺലൈൻ ക്ലാസ് ഫീസ് അടച്ചോ എന്ന്…. അവര് പഠിക്കുന്നുണ്ടോ എന്ന്…. നീ പതിവായി കഴിക്കുന്ന മരുന്ന് തീർന്നോ എന്ന് …ഒന്നും ശരിയാക്കിയില്ലെങ്കിലും നമുക്ക് എല്ലാം ശരിയാക്കാം എന്ന ഒരു വാക്ക്….അതു മതിയാകും അവനോ / അവൾക്കോ ഒരല്പം പ്രതീക്ഷ കൊടുക്കുവാൻ…..
ഒരു ആശ്വാസം കൊടുക്കുവാൻ”

ജീവിതങ്ങളിങ്ങനെ അടർന്നു വീഴുന്ന ഈ കെട്ടകാലത്തേയും മറികടക്കേണ്ടതുണ്ടല്ലോ… ഇനിയും പൂക്കുകയും തളിർക്കുകയും ചെയ്യേണ്ടതുമുണ്ട്… അതിജീവനം അത്ര എളുപ്പമല്ലെന്നു അറിയുമ്പോഴും പ്രത്യാശയുടെ കെട്ടു പോയിട്ടില്ലാത്ത ഒരു ചെറിയ വെളിച്ചം മതിയാകും ജീവിതത്തിലേക്ക് തിരികെ നടക്കാൻ… അതിനു കാരണമാകുക എന്നത് പോലും ഈ അനിശ്ചിത വർത്തമാനകാല സാഹചര്യത്തിൽ അതി പ്രധാനമാണ് താനും…..

“പൂത്തുതളിർത്തു നിൽക്കുമ്പോൾ മാത്രം വണ്ടുകളാവാതെ … കരിഞ്ഞുണങ്ങുമ്പോൾ അൽപ്പം ജലത്തുള്ളികളാകുക “..

×