Advertisment

യുദ്ധം നടക്കുന്ന രാജ്യത്തിലെന്ന വണ്ണം ഞങ്ങൾ എല്ലാരും ഭയന്ന് ജീവിച്ചു. ആംബുലൻസുകളുടെ ശബ്ദം ഇപ്പോൾ പതിവായിരിക്കുന്നു. അദൃശ്യനായ ശത്രുവായി കുട്ടികൾ കൊറോണയുടെ പടം തലങ്ങും വിലങ്ങും വരച്ചു. വീട്ടുസാധനങ്ങൾ വാങ്ങാൻ പോലും പുറത്തേക്കിറങ്ങാതെയായി. മനസ്സും ശരീരവും അവ്യക്തമായ ഏതോ അസുഖത്തിന്റെ പിടിയിലാണെന്നു തോന്നിപ്പോകും വിധം എരിഞ്ഞു നീറി; ഉള്ളു തൊടുന്ന ഒരു അനുഭവകുറിപ്പ്

author-image
ഗള്‍ഫ് ഡസ്ക്
Jan 27, 2021 04:25 IST
New Update

ഒരുപാട് നാൾ താമസം ഫ്ലാറ്റിലായതിനാൽ ഇനി ഫ്ലാറ്റ് ജീവിതം വേണ്ടാന്ന് തീരുമാനിച്ചാണ് ഞങ്ങൾ മനോഹരമായ ഒരു വില്ല കമ്മ്യൂണിറ്റിയിൽ ചെന്നത്. മനോഹരമായ കമ്മ്യൂണിറ്റി. ചുറ്റും തണൽ മരങ്ങൾ. ഒരു പോലെയുള്ള മഞ്ഞ വില്ലകൾ. എല്ലാവർക്കും ഇഷ്ടപ്പെട്ടു. കമ്മ്യൂണിറ്റിയുടെ കവാടത്തിൽ ഐ ഡി കാർഡ് നൽകിയിട്ടു വേണം അകത്തു കയറാൻ. സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു ഗേറ്റ്കീപ്പർ..

Advertisment

publive-image

ഞങ്ങളുടെ കാർഡുകൾ വാങ്ങിയിട്ട് പോകേണ്ട വില്ലയുടെ വിവരങ്ങളും അയാൾ സൗമ്യമായി വിവരിച്ചു തന്നു. കൂടാതെ ആ കമ്മ്യൂണിറ്റിയിൽ പുതിയ താമസക്കാരായി വന്നാലുള്ള ധാരാളം സവിഷേതകളും അയാൾ പറഞ്ഞു തന്നു. ഞങ്ങൾ നിൽക്കവേ വന്ന മറ്റു താമസക്കാരോടും അയാൾ വളരെ സൗഹൃദത്തോടെ പെരുമാറി ഏട്ടൻ അയാളോട് പേര് ചോദിച്ചു പരിചയപെട്ടു.

‘‘ഇഫുസു ..’’ ചിരിച്ചുകൊണ്ടയാൾ പറഞ്ഞു. അവന്റെ പേരിന്റെ അർത്ഥം അവരുടെ നാട്ടുഭാഷയിൽ കാരുണ്യം എന്നാണെന്നു ഉടനെ ചേർത്ത് പറഞ്ഞു. പേര് കേട്ടപ്പോൾ കൗതുകത്തോടെ നോക്കിയ ഞങ്ങൾക്ക് അങ്ങനെയൊരു വിവരണം വളരെ നന്നായി തോന്നി, ഞങ്ങൾ വില്ല നോക്കുവാൻ അകത്തേക്ക് ഡ്രൈവ് ചെയ്തു.

വില്ലയും ഉൾവശവും ചുറ്റുപാടും ഇഷ്ടപ്പെട്ടതിനാൽ ഞങ്ങൾ അത് ഉറപ്പിക്കുവാനും അഡ്വാൻസ് തുക കൈമാറുവാനും തീരുമാനിച്ചു. കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്വിമ്മിങ് പൂളായിരുന്നു. അവർ വാ തോരാതെ പൂളിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഒരാഴ്ചക്കകം താമസം മാറുന്നതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യുവാനും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുവാനും സെക്യൂരിറ്റിയോട് ആവശ്യപ്പെടാമെന്ന് ഏട്ടൻ പറഞ്ഞു.

അദ്ദേഹത്തിന്റെ ജോലിതിരക്കുകൾക്കിടയിൽ ഇതിനും കൂടി സമയം കണ്ടെത്താൻ കഴിയില്ലെന്നെനിക്കറിയാമായിരുന്നു. അത് കൊണ്ടു തന്നെ മാറേണ്ട ബൾബുകളും അടുക്കളയിലെ റാക്കുകളുടെയും പടം മൊബൈലിൽ പകർത്തി അയാളെ വിശദമായി കാണിക്കുവാൻ ഞങ്ങൾ കരുതി.

സെക്യൂരിറ്റി ഗേറ്റിൽ എത്തിയപ്പോൾ എന്തോ കശപിശ നടക്കുന്നത് കണ്ടു. നീണ്ടു തടിച്ച ഒരാൾ ഇഫുസുമായി തർക്കത്തിലാണ്. വളരെ ഉച്ചത്തിൽ അയാൾ ഇംഗ്ലീഷിലുള്ള തെറിവാക്കുകൾ ഇഫുസുവിനു നേരെ വർഷിക്കുന്നു. അയാൾ എന്നിട്ടും ഒരക്ഷരം മിണ്ടാതെ സൗമ്യനായി നിന്നു. അയാളുടെ വീട്ടിലെ വളർത്തു നായയുടെ ഭക്ഷണം കഴിക്കുവാൻ പൂച്ചകൾ വരുന്നതായിരുന്നു പരാതി!

അയാൾ തെറിവിളി അവസാനിച്ചപ്പോൾ ഇഫുസു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ‘ഐ വിൽ ട്രൈ മൈ ബെസ്റ്റ്’’. അത് കൊണ്ടൊന്നും അയാൾ ഒതുങ്ങിയില്ല. പോകുന്നതിനു മുൻപ് ഇഫുസു അയാൾക്ക് ഉറപ്പു കൊടുക്കാനായി കൈപ്പത്തി പതിയെ പിടിച്ചു കുലുക്കി. അയാൾ പ്രകോപിതാനായി. വെള്ളക്കാരനായ തന്നെ ഷേക്ക് ഹാൻഡ് ചെയ്യുവാൻ കറുത്ത വർഗക്കാരനായ ഇഫുസുവിന് എങ്ങനെ ധൈര്യം വന്നുവെന്ന തരത്തിൽ അയാൾ വളരെ നീചമായി സംസാരിച്ചു.

പെട്ടെന്ന് കാറിനുള്ളിൽ നിന്ന് ഹാൻഡ്‌വാഷ് എടുത്തയാൾ പുറത്തു വന്നു. എല്ലാവർക്കും മുൻപിൽ കൈകഴുകി കാണിച്ചു !!. കറുത്തവർഗ്ഗക്കാരൻ തന്നെ സ്പർശിച്ചതിൽ അയാളുടെ പ്രതികരണം ഞങ്ങൾക്ക് കണ്ടു നിൽക്കാനായില്ല. ഞങ്ങൾ കാർ തുറന്നു പുറത്തിറങ്ങി അയാളുടെ നേർക്ക് നടന്നു. ഞങ്ങൾ അടുത്തെത്തും മുൻപ് അയാൾ അതിവേഗം കാറോടിച്ചു പോയി

ഏട്ടൻ ഇഫുസുവിനെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു. എല്ലാവരുടെയും ചോര ചുവന്നതു തന്നെയാണെന്ന് പറഞ്ഞു ഞങ്ങൾ അവനെ പിന്താങ്ങി. ആ കമ്മ്യൂണിറ്റിയിൽ ഏറ്റവും വഷളനും പ്രശ്നക്കാരനുമായിരുന്നു സ്റ്റീവ്. അതവിടെ എല്ലാവര്ക്കും അറിയാമെങ്കിലും പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല.

ആ വിഷുവിനാണ് ഞങ്ങൾ പാലുകാച്ചൽ നടത്തി വീട്ടിലേക്ക് കയറിയത്. വീട്ടുമുറ്റത്തു നിന്ന കണിക്കൊന്ന മരം പൂത്തു നിന്നത് ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകി. മരുഭൂമിയാണെങ്കിലും ദുബൈയിൽ കൃത്യം വിഷുവിനു കണിക്കൊന്ന പൂക്കുന്നത് ഞങ്ങൾക്കു ഇന്നും കൗതുകമാണ്.

ദിവസങ്ങൾ കടന്നു. അമ്മയ്ക്കും അച്ഛനും ചെക്കപ്പ് നടത്തേണ്ട സമയത്താണ് ഞങ്ങൾ എല്ലാക്കൊല്ലവും നാട്ടിൽ പോകാറ്. അപ്പോൾ കുട്ടികൾക്ക് സ്കൂളും അടയ്ക്കും. പക്ഷേ 2020 മാർച്ചിലാണ്‌ കൊറോണ എന്ന ഭീകരൻ എല്ലാ പ്ലാനുകളും പൊളിച്ചു കടന്നു വന്നത്. ആധി മുഴുവനും വയസ്സായ ഞങ്ങളുടെ മാതാപിതാക്കളെയോർത്തായിരുന്നു.

ആ ദിവസങ്ങളിൽ വാർത്തകൾ കേൾക്കുവാൻ വല്ലാത്ത ഭയമായിരുന്നു. കുട്ടികൾ പൂർണമായും ഓൺലൈൻ പഠനത്തിലേക്ക് മാറി. ഏട്ടന് ഓഫീസിൽ നിന്ന് യാതൊരിളവും ലഭിച്ചില്ല. എന്നും പോയി വരുന്നയാൾ മക്കളെയോ എന്നെയോ അടുത്തേക്ക് ചെല്ലാൻ പോലും അനുവദിച്ചില്ല. ഞങ്ങൾക്ക് കരച്ചിൽ അടക്കാനായില്ല. കടകൾ അടഞ്ഞു കിടന്നു. ദുബൈയിലെ ജീവിതത്തിന്റെ പച്ചപ്പ് നിലനിർത്തുന്നത് ഇടയ്ക്കുള്ള ഷോപ്പിങ്ങും കൂട്ടുകാരുമായുള്ള ഒത്തു ചേരലുകളുമാണ്. എല്ലാം അവസാനിച്ചു!!

യുദ്ധം നടക്കുന്ന രാജ്യത്തിലെന്ന വണ്ണം ഞങ്ങൾ എല്ലാരും ഭയന്ന് ജീവിച്ചു. ആംബുലൻസുകളുടെ ശബ്ദം ഇപ്പോൾ പതിവായിരിക്കുന്നു. അദൃശ്യനായ ശത്രുവായി കുട്ടികൾ കൊറോണയുടെ പടം തലങ്ങും വിലങ്ങും വരച്ചു. വീട്ടുസാധനങ്ങൾ വാങ്ങാൻ പോലും പുറത്തേക്കിറങ്ങാതെയായി. മനസ്സും ശരീരവും അവ്യക്തമായ ഏതോ അസുഖത്തിന്റെ പിടിയിലാണെന്നു തോന്നിപ്പോകും വിധം എരിഞ്ഞു നീറി

ഒരു വൈകുന്നേരം ഏട്ടൻ വന്നപ്പോൾ എന്റെയും കുട്ടികളുടെയും അവസ്ഥ കണ്ട് പുറത്തേക്കു പോയി വരാൻ വിളിച്ചു. എല്ലാവരും മാസ്കും ഗ്ലൗസും ധരിച്ചു വണ്ടിയിൽ നിന്ന് പുറത്തിറങ്ങാതെയുള്ള ഒരു ചെറിയ ഡ്രൈവ്. ആ മാനസികാവസ്ഥയിൽ ഒരു പുറത്തിറങ്ങൽ അത്യാവശ്യമായിരുന്നു..

ഞങ്ങളുടെ വീടിനടുത്തു സ്റ്റീവിന്റെ വീട്ടു പടിക്കൽ, ഒരു ആംബുലൻസ് പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് ഏട്ടൻ വിവരം അറിയാൻ ഇഫുസുവിനെ ഫോണിൽ വിളിച്ചു . മറുതലക്കൽ അലി എന്ന് സ്വയം പരിചയപ്പെടുത്തി പുതിയ ഗേറ്റ് കീപ്പർ. ഏട്ടൻ ഇഫുസുവിനെ തിരക്കി. അയാൾ ഐസൊലേഷനിൽ ആണ് എന്ന് അലി പറഞ്ഞു.

സ്റ്റീവ് കോവിഡ് ബാധിതനായി ദിവസങ്ങളോളം വില്ലയിൽ ഒറ്റക്ക് കഴിഞ്ഞു. അസുഖം സ്ഥിരീകരിച്ചപ്പോൾ തന്നെ ഭാര്യയും മക്കളും ഒരു ബന്ധു വീട്ടിലേക്കു മാറി. നാൾക്കു നാൾ അയാൾ അവശനായി. എല്ലാ ദിവസവും ഭക്ഷണം എത്തിക്കുകയും ആവി പിടിക്കുകയും എഴുന്നേല്പ്പിച്ചിരുത്തി മരുന്ന് നൽകി പരിചരിക്കുകയും ചെയ്തിരുന്നത് ഇഫുസു ആയിരുന്നു.

ഇപ്പോൾ ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ അയാളെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ആരോഗ്യ പ്രവർത്തകർക്കൊപ്പം അയാളെ താങ്ങിയെടുത്തതും ദുരവസ്ഥയിലെ ഏറ്റവും ഉറ്റവനായി നിന്നതും ഇഫുസുവായിരുന്നു. മാറി മറയുന്ന ബോധത്തിലും അയാൾ ‘താങ്ക് യു മൈ ബ്രദർ,തങ്ക യു ഫോർ എവെരി തിങ്’’ എന്ന് പറയുന്നുണ്ടായിരുന്നു .

സ്റ്റീവിന്റെ അവസ്ഥയിൽ ഞങ്ങൾക്ക് വിഷമം തോന്നി. ആംബുലൻസ് പോയകന്നു. ഞങ്ങൾ വണ്ടി നിർത്തിയിട്ട് ഇഫുസുവിനെ നോക്കി നിന്നു. സ്റ്റീവിന്റെ വലിയ നായയുടെ ഭക്ഷണത്തിനായി പരതിയെത്തിയ പൂച്ചകളെ വീട്ടിനുള്ളിൽ കയറ്റാതെ പുറത്തേക്ക് കൈകൾ നീട്ടി തീറ്റ നൽകുകയായിരുന്നു അയാൾ.

#facebook post
Advertisment