“കുഞ്ഞേട്ടാ… എനിക്ക് വയലാർ അവാർഡ് കിട്ടി “

സുനില്‍ പാലാ
Sunday, October 11, 2020

പാലാ: “കുഞ്ഞേട്ടാ, ഇത്തവണത്തെ വയലാർ അവാർഡ് എനിക്കാണ്. സന്തോഷം അറിയിക്കാൻ വിളിച്ചതാണ് ” ഇന്നലെ ഉച്ചക്ക് 12. 20 ന് തിരുവനന്തപുരത്തു നിന്ന് ഏഴാച്ചേരി മാമ്പുഴയ്ക്കൽ വീട്ടിലെ പി.ആർ രഘുനാഥൻ നായർക്കെത്തിയ ഫോൺകോളിൽ ഈ കവിയുടെ സന്തോഷം നിറഞ്ഞു.

വിളിച്ചത് വയലാർ അവാർഡ് കിട്ടിയ വിവരം പറയാൻ ഏഴാച്ചേരി മാമ്പുഴയ്ക്കൽ വീട്ടിലെ “ചന്ദ്രൻ ” എന്ന ഏഴാച്ചേരി രാമചന്ദ്രൻ.

ഫോണെടുത്തത് രാമചന്ദ്രൻ്റെ സ്വന്തം ചേട്ടൻ. രഘുനാഥൻ നായരെ രാമചന്ദ്രൻ സ്നേഹപൂർവ്വം “കുഞ്ഞേട്ട”നെന്നു വിളിക്കും. രഘുനാഥന് രാമചന്ദ്രൻ, കൊച്ചനുജൻ “ചന്ദ്രനും ”.

ഇപ്പോൾ ശാരീരികമായി അൽപ്പം അവശതയുള്ള രഘുനാഥൻ നായരെ ദിവസം രണ്ടും മൂന്നും തവണ ഏഴാച്ചേരി വിളിക്കും. കഴിഞ്ഞ സെപ്തംബറിലാണ് രാമചന്ദ്രൻ ഒടുവിൽ കുടുംബസമേതം ജന്മനാട്ടിലെത്തിയത്.

രഘുനാഥൻ നായരുടെ മകൻ മധൂസൂദനൻ നായരുടെ മകൾ അഞ്ജനയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ഈ വരവ്.

കോട്ടയം ജില്ലയിൽ എവിടെയെങ്കിലും പ്രസംഗത്തിനോ മറ്റു പരിപാടികൾക്കോ എത്തിയാൽ കുഞ്ഞേട്ടനെ കാണാൻ കണിശമായും കവി ഏഴാച്ചേരിയിൽ എത്തിയിരിക്കും. ഈ പതിവ് പതിറ്റാണ്ടുകളായി തുടർന്നു പോരികയാണ്.

മലയാളത്തിൽ എം. എ പാസ്സായി നിൽക്കുമ്പോൾ സാക്ഷാൽ ഇ .എം. എസ്. ആണ് രാമചന്ദ്രനെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും ദേശാഭിമാനിയിലേക്കും ക്ഷണിക്കുന്നത്.

21-ാം വയസ്സിൽ എഴാച്ചേരി വിട്ട രാമചന്ദ്രൻ പിന്നീട് ദീർഘകാലം ആലപ്പുഴയിലായിരുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടായി തിരുവനന്തപുരത്ത് സ്ഥിര താമസം. ഇടയ്ക്ക് കുറേ നാൾ മകൾ നിഷയോടൊപ്പം അമേരിക്കയിലായിരുന്നൂ.

ഏഴാച്ചേരി മാമ്പുഴയ്ക്കൽ രാമൻ നായർ – കാർത്യായനിയമ്മ ദമ്പതികളുടെ നാലു മക്കളിൽ ഇളയ ആളാണ് രാമചന്ദ്രൻ .

മലബാറിലുള്ള ഗോപിനാഥൻ നായർ, ഏഴാച്ചേരിയിലെ തറവാട്ടിലുള്ള രഘുനാഥൻ നായർ, പരേതയായ സാവിത്രിയമ്മ എന്നിവരാണ് സഹോദരങ്ങൾ.

റോസമ്മയാണ് രാമചന്ദ്രൻ്റെ ഭാര്യ. ഏകമകൾ നിഷയും മരുമകൻ കിരണും അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. അന്ത്യാളം സെൻ്റ് മാത്യൂസ് എൽ.പി സ്കൂൾ, ഏഴാച്ചേരി ജി.വി.യു.പി സ്കൂൾ, ഇടനാട് എൻ.എസ്.എസ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നൂ പ്രാഥമിക വിദ്യാഭ്യാസം.

ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ പ്രവർത്തനങ്ങളുമായി സാഹിത്യ-സാംസ്ക്കാരിക മേഖലകളിലേക്കു കടന്ന രാമചന്ദ്രൻ, പത്രപ്രവർത്തനത്തിൻ്റേയും കവിതകളുടെയും ലോകത്ത് പിച്ചവെച്ചു തുടങ്ങിയപ്പോൾ തന്നെ ജന്മദ്ദേശത്തിൻ്റെ പേര് സ്വന്തം പേരിനൊപ്പം അലങ്കാരമാക്കിയിരുന്നു.

 

 

 

×