Advertisment

"ഏഴാച്ചേരി" നാളെ ഏഴാച്ചേരിയിൽ... ദേശ വഴികൾ നാളെ ദേശീയ വായനശാലയിലേക്ക്… ഗ്രാമത്തിനു വെട്ടമായി പൂർണ്ണചന്ദ്രൻ !!!

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

ഏഴാച്ചേരിയെ ഏഴാച്ചേരിയാക്കിയതിനു പിന്നിലെ പ്രധാന പ്രേരകശക്തി ഏഴാച്ചേരി ദേശീയ വായനശാലയാണ്… ബാലകൗമാരങ്ങളിൽ ഇവിടുത്തെ അക്ഷരക്കൂട്ടങ്ങളോടൊപ്പം കൂട്ടുകൂടി, ചിരിച്ചും കരഞ്ഞും അത്ഭുതം കൂറിയും നിറജിജ്ഞാസയുടെ വിസ്മയം കണ്ടുമൊക്കെ…

അങ്ങനെയങ്ങനെ രാമചന്ദ്രൻ കഥകളുടെ, കവിതകളുടെ, ലോകത്തേയ്ക്ക് പിച്ചവെച്ചു… പിന്നീട് കാവ്യലോകം തുഴഞ്ഞു മുന്നോട്ടു കുതിക്കവേ ആ ഓളപ്പരപ്പുകളിൽ നീന്തിത്തുടിച്ചും മുങ്ങിയും പൊങ്ങിയും മലയാളികൾ ആവേശ ലഹരിയിലായി…

മലയാള കാവ്യസാഗരത്തിൽ രാമചന്ദ്രൻ്റെ "ഏഴാച്ചേരിത്തോണി " തിരമാലകൾക്കു മേലെ നൃത്തം ചവിട്ടി… ഒന്നാന്തരം കാവ്യ മൊഴികൾ കൊണ്ട് കവിതക്കടലാഴമാകെ ''ഏഴാച്ചേരി " എന്ന നാലക്ഷരം നങ്കൂരമിട്ടു. കാറ്റും കോളും വന്നില്ലെന്നല്ല ; രാമചന്ദ്രൻ്റെ പര്യായമായ "ഏഴാച്ചേരി " എന്ന നങ്കൂരത്തെ ഇളക്കാൻ അതിനൊന്നുമായില്ല.

നീലിമയാർന്ന കാവ്യസാഗരത്തിൽ "നീലി" പോലുള്ള പവിഴമുത്തുകൾ വിരിഞ്ഞു കൊണ്ടേയിരുന്നു… തീരത്തടുത്ത മലയാളക്കാർ ഈ ചാകര മുത്തുകൾ ആവേശാഹ്ളാദങ്ങളോടെ പെറുക്കിക്കൂട്ടി…

പഴയ അക്ഷരക്കൂട്ടുകാരെ തേടി നാളെ ഗ്രാമത്തിൻ്റെ സ്വന്തം പൂർണ്ണ ചന്ദ്രൻ , വീണ്ടും ഗ്രാമത്തിലെ ദേശീയ പുസ്തകത്തറവാട്ടിലേക്ക് മടങ്ങിയെത്തുകയാണ്.

പ്രിയപ്പെട്ട പൊന്നമ്മ ടീച്ചർ ആദ്യം സമർപ്പിച്ച പുസ്തകം മുതലിങ്ങോട്ട്, അലമാരയിലിരുന്ന് ഓർമ്മകൾ അയവിറക്കുന്ന തൻ്റെ പഴയ കൂട്ടുകാരെയൊക്കെ സ്നേഹ വാൽസല്യങ്ങളാൽ തലോടും…

പ്രായത്തിൻ്റെ പങ്കപ്പാടുകൾ വര കുറികൾ തീർത്തെങ്കിലും ഈ പുസ്തക ശേഖരങ്ങൾ

രാമചന്ദ്രൻ്റെ നഖ -മുഖ- മിഴി മുനകൾ കൊണ്ടുള്ള ഉഴിച്ചിലിൽ പുതുജീവൻ തേടും…

പിരിയാൻ നേരം കവി മനസ്സിലോർക്കും ; "പ്രിയപ്പെട്ടവരെ നീങ്ങളാണെൻ്റെ ഊർജ്ജം, ഇന്നു രാത്രി മാമ്പുഴയ്ക്കൽ വീടിൻ്റെ പൂമുഖത്തിരുന്ന് നിങ്ങളോടു കൂട്ടു കൂടാൻ ഞാനൊരു നാലു വരി കുറിയ്ക്കും…" !!!

ഇതു കേൾക്കുന്ന പുതു തലമുറ "മിടുക്ക് ഫോണിൽ (സ്മാർട്ട് ഫോൺ) മെസേജ് കുത്തും ; "ബ്രോ, കവി യിതു വേറെ ലെവലാണേ, കാവിൻ പുറത്തു നിന്നാ തുടക്കം… വിപ്ലവത്തിൻ്റെ കനലാ വീര്യം… എഴുതിയെഴുതി പൊട്ടിയ തഴമ്പിൽ ഏതു പേനയും വഴങ്ങും…

ഭക്തിയോ, വിപ്ലവമോ, സങ്കടമോ സന്തോഷമോ, പ്രണയമോ വിരഹമോ എന്തുമാകട്ടെ, ഏഴാച്ചേരി ഇനിയും എഴുതൂടോ… ഇന്നുതന്നെ കുറിക്കൂന്നേ ഒരു നാലു വരി, നമ്മടെ നാഷണൽ ലൈബ്രറിക്കായി"

അപ്പോ മറക്കരുത് ഏഴാച്ചേരി രാമചന്ദ്രൻ സാറ് നാളെ വൈകിട്ട് 5ന് ഏഴാച്ചേരി നാഷണൽ ലൈബ്രറിയിൽ... ചുമ്മാ വരുവല്ല, കവിതക്കൊട്ടാരത്തിലെ വലിയ തമ്പുരാൻ വയലാർ രാമവർമ്മയുടെ പ്രതിഭാ പട്ടവും ചൂടിയുള്ള വരവാണേ…

ezhacheri ramachandran
Advertisment