Advertisment

സിം കാർഡിലെ തട്ടിപ്പ് സൂക്ഷിക്കണേ.., വ്യാജനെ കണ്ടെത്താൻ ചെയ്യേണ്ടത്

author-image
Gaana
New Update

publive-image

Advertisment

സിംകാർഡ് ഉപയോ​ഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ വ്യാജ സിംകാർഡ് വേട്ടയിൽ ലക്ഷക്കണക്കിന് കാർഡുകളാണ് റദ്ദാക്കിയത്. ടെലികോം വകുപ്പിന്റെ 'അസ്ത്ര്' (ASTR) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോ​ഗിച്ചാണ് വ്യാജ സിമ്മുകൾ ബ്ലോക് ചെയ്തത്. ടെലികോം വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രാജ്യത്ത് റദ്ദാക്കിയത് 36 ലക്ഷം സിം കാർഡുകളാണ്. 87 കോടി സിം കാർഡുകളുടെ വിവരങ്ങൾ എഐ സംവിധാനം വഴി പരിശോധിച്ചപ്പോഴാണ് ഇത്രയും കാർഡുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും നൽകി വാങ്ങിയ ഇത്തരം സിം കാർഡുകളുപയോ​ഗിച്ചാണ് സൈബർ തട്ടിപ്പുകൾ വ്യാപകമായി നടത്തുന്നത്.

സിം കാർഡ് വേട്ടയിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം കാർഡുകൾ ആണ്. കേരളത്തിൽ സംശയാസ്പദമായി റിപ്പോർട്ട് ചെയ്ത 11,462 സിം കാർഡുകളിൽ നിന്നാണ് 9,606 എണ്ണം റദ്ദാക്കിയത്. ആകെ 3.56 കോടി സിം കാർഡുകളുടെ വിവരങ്ങളാണ് കേരളത്തിൽ അസ്ത്ര് പരിശോധിച്ചത്. വ്യാജ സിം കാർഡ് വിറ്റ 7 സ്ഥാപനങ്ങളെ കരിമ്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിലെ വ്യാജ സിം കാർഡുകളുടെ എണ്ണം വളരെ കുറവാണ്. ഏറ്റവും കൂടുതൽ വ്യാജ കാർഡുകൾ റദ്ദാക്കിയത് ബംഗാളിലാണ്. ഇവിടെ 12.34 കാർഡുകളാണ് ബ്ലോക്ക് ചെയ്തത്. തൊട്ടുപിന്നിലുള്ള ഹരിയാനയിൽ 5.24 കാർഡുകൾ, ബിഹാറിലും ജാർഖണ്ഡിലുമായി 3.27 കാർഡുൾ, മധ്യപ്രദേശിലും യുപിയിലും രണ്ട് ലക്ഷം കാർഡുകൾ, ഗുജറാത്തിൽ ഒന്നര ലക്ഷം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ റദ്ദാക്കിയ കാർഡുകളുടെ എണ്ണം.

ഈ കഴിഞ്ഞ മാസം തന്നെ ഒരു വ്യക്തി വിവിധ പേരുകളിൽ 6,800 സിം കാർഡുകളും മറ്റൊരു വ്യക്തി 5,300 കാർഡുകളും എടുത്ത വാർത്ത പുറത്തുവന്നിരുന്നു. വിവിധ ആംഗിളുകളിൽ നിന്നുള്ള ഫോട്ടോകൾ എടുത്ത് വ്യാജ രേഖകളിൽ ഒട്ടിച്ച് രണ്ടായിരത്തിലധികം സിം കാർഡ് എടുത്ത കേസിൽ മുബൈയിൽ 12 പേർ അറസ്റ്റിലുമായിരുന്നു. എന്നാൽ ഈ കാർഡുകൾ ഉപയോ​ഗിച്ച് സൈബർ തട്ടിപ്പുകൾ നടത്തുന്നതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടാനായതിനാൽ നിരവധി പേർ തട്ടിപ്പിനിരയാവുന്നതിൽ നിന്നും രക്ഷപ്പെട്ടു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിന് മുമ്പ് തന്നെ വ്യാജ സിം കാർഡുകൾ കണ്ടെത്തുന്നത് എഐ സംവിധാനമായ അസ്ത്ര് വഴിയാണ്.

സിം എടുക്കാനായി ഉപയോക്താക്കൾ ടെലികോം കമ്പനികൾക്ക് നൽകുന്ന ചിത്രങ്ങൾ മുഴുവനായി പരിശോധിച്ചാണ് അസ്ത്ര് പ്രവർത്തിക്കുന്നത്. ഈ ചിത്രങ്ങൾ എഐ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് സാമ്യമുള്ളവ ഒരുമിച്ച് ലിസ്റ്റ് ചെയ്യും. മുഖങ്ങൾ തമ്മിൽ കുറഞ്ഞത് 97% സാമ്യമുണ്ടായിരിക്കണം. ഒരു ചിത്രം നൽകിയാൽ ഒരുകോടി ചിത്രങ്ങളിൽ നിന്ന് 10 സെക്കൻഡ് കൊണ്ട് അതുമായി സാമ്യമുള്ള എല്ലാ മുഖങ്ങളും കണ്ടെത്തും. ഇവയുടെ കെ.വൈ.സി രേഖകളും പേരും ഒത്തുനോക്കി വ്യത്യാസങ്ങൾ കണ്ടെത്തും. മിക്കതിലും പേരുകളും വിവരങ്ങളും വ്യത്യസ്തമായിരിക്കും. ഇവ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം റദ്ദാക്കും. ഈ നമ്പറുകളിലുള്ള അക്കൗണ്ട് നീക്കം ചെയ്യാൻ വാട്സാപ് കമ്പനിയും സമ്മതമറിയിച്ചിട്ടുണ്ട്.

ഇത്തരത്തിൽ തട്ടിപ്പുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുമുള്ള സംവിധാനം കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടലിൽ ലഭ്യമാണ്. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ 'നോ യുവർ മൊബൈൽ കണക‍്ഷൻസ്' സെലക്ട് ചെയ്ത് മൊബൈൽ നമ്പറും ഒടിപിയും നൽകണം. നിങ്ങളുടേതിന് സമാനമായ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണ‍ക്ഷനുകളുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താൽ ഉടൻ തന്നെ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.

കൂടാതെ സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ അവ കരിമ്പട്ടികയിൽപെട്ടതല്ലെന്ന് ഉറപ്പാക്കാനും ഈ പോർട്ടലിൽ സൗകര്യമുണ്ട്. ഫോണിന്റെ ഐഎംഇഐ നമ്പറും മൊബൈൽ നമ്പറും bit.ly/imeiveri എന്ന ലിങ്കിൽ നൽകിയാൽ അതിന്റെ നിലവിലുള്ള വിവരങ്ങൾ അറിയാം. ഐഎംഇഐ നമ്പർ അറിയാൻ *#06# ഡയൽ ചെയ്യണം. ഐഎംഇഐ ഡ്യൂപ്ലിക്കേറ്റ്, ബ്ലാക് ലിസ്റ്റഡ്, ഓൾറെഡി ഇൻ യൂസ് എന്നിങ്ങനെ കാണിച്ചാൽ ആ ഫോൺ വാങ്ങരുത്.

ടെക്സ്റ്റ് മെസേജിലൂടെയും വാട്സപ്പിലൂടെയും പരിചയമില്ലാത്ത കോളിലൂടെയുമെല്ലാം പണം തട്ടാൻ നിരവധി സംഘം പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം നമ്മൾ മനസിലാക്കേണ്ടതുണ്ട്. പണം ഇരട്ടിപ്പിക്കാനും ഉയർന്ന ശമ്പളം വാ​ഗ്ദാനം ചെയ്തുകൊണ്ടുമുള്ള നിരവധി മെസേജുകൾ വന്നേക്കാം. അതെല്ലാം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് അവ​ഗണിക്കണം. പണത്തിന് വേണ്ടുവോളം ആവശ്യമുള്ള സാധാരണക്കാരായ നമ്മുടെ സാഹചര്യം മുതലെടുത്ത് ചതിക്കുഴിയിൽ വീഴ്ത്താൽ തട്ടിപ്പുവീരന്മാർക്ക് വളരെ എളുപ്പവുമാണ്.

fake sim card
Advertisment