രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയക്കാരുടെ പരിഗണനാ വിഷയം ആണ്; അതിന് കാലദേശ വ്യത്യാസങ്ങളില്ല; ഈ നിർവചനം അക്ഷരംപ്രതി ജീവിതമൂല്യമാക്കിയ നേതാവാണ് രമേശ് ചെന്നിത്തല; രാഷ്ട്രീയകേരളം ചെന്നിത്തലയോട് മാപ്പ് പറയേണ്ടതുണ്ട്; കെപിസിസി ജനറല്‍ സെക്രട്ടറി എംഎം നസീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എംഎം നസീറിന്റെ ഫെയ്‌സ്ബുക്ക് കുറിച്ച് ശ്രദ്ധേയമാകുന്നു. കേരള രാഷ്ട്രീയത്തില്‍ ഇത്രയധികം വ്യക്തിഹത്യയും ആക്രമണവും നേരിട്ട മറ്റൊരു രാഷ്ട്രീയ നേതാവോ പ്രതിപക്ഷ നേതാവോ ഇല്ലെന്നാണ് നസീര്‍ കുറിച്ചിരിക്കുന്നത്.

Advertisment

publive-image

കുറിപ്പ് വായിക്കാം...

രാഷ്ട്രീയകേരളം ചെന്നിത്തലയോട് മാപ്പ് പറയേണ്ടതുണ്ട്.

കേരള രാഷ്ട്രീയത്തിൽ ഇത്രയധികം വ്യക്തിഹത്യയും ആക്രമണവും നേരിട്ട മറ്റൊരു രാഷ്ട്രീയ നേതാവോ, പ്രതിപക്ഷനേതാവോ ഇല്ല എന്ന് തന്നെ പറയാം. രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണ്. അതായത് രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയക്കാരുടെ പരിഗണനാ വിഷയം ആണ്. അതിന് കാലദേശ വ്യത്യാസങ്ങളില്ല. ഈ നിർവചനം അക്ഷരംപ്രതി ജീവിതമൂല്യമാക്കിയ നേതാവാണ് ശ്രീ രമേശ് ചെന്നിത്തല.

വ്യക്തവും, സൂക്ഷ്മവും, വസ്തുനിഷ്ഠവുമായ ആരോപണങ്ങളിലൂടെ ക്രിയാത്മക പ്രതിപക്ഷം എന്നതിന്റെ പര്യായമായി കോൺഗ്രസ് പാർട്ടിയെ മാറ്റുന്നതിൽ കഴിഞ്ഞ നാലു വർഷക്കാലം അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കൊറോണ കാലത്ത് രാഷ്ട്രീയം പറയുന്നു എന്നു കുറ്റപ്പെടുത്തി അദ്ദേഹത്തെ നിശബ്ദനാക്കിക്കൊണ്ട്, കേരള സംസ്ഥാനത്തെ അഴിമതിയുടെയും കള്ളക്കടത്തിന്റെയും, സ്വജനപക്ഷപാതത്തി ന്റെയും കൂത്തരങ്ങാക്കി മാറ്റുകയായിരുന്നു ശ്രീ.പിണറായി വിജയൻ.

എന്നാൽ ഇത്തരം ദുരാരോപണങ്ങളിൽ മനം മടുക്കാതെ തന്റെ കർമ്മപഥത്തിൽ തുടരാൻ അദ്ദേഹം കാണിച്ച ആർജ്ജവവും, ഉയർത്തിപ്പിടിച്ച രാഷ്ട്രീയം മൂല്യങ്ങളും, ആദർശങ്ങളുമാണ് കേരളത്തിലെ ജനങ്ങൾക്ക് വൈകിയെങ്കിലും സർക്കാരിന്റെ തനിനിറം മനസ്സിലാക്കുവാൻ സഹായകമായി തീർന്നത്.

ഘടകകക്ഷിയായ സിപിഐയും, സിപിഎമ്മിലെ തന്നെ മുതിർന്ന നേതാക്കളായ എം എ ബേബിയെ പോലുള്ള വരും രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ആരോപണങ്ങളെ ശരിവയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ കേരളം കണ്ടത്. ഒടുവിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ഏറ്റവും ഗുരുതരമായ ആരോപണങ്ങളിൽ ഒന്നായിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കൺസൾട്ടൻസി കമ്പനിയുമായി ചേർന്നിട്ടുള്ള അഴിമതിയും തെറ്റായ നിയമനങ്ങളും.

കൊറോണ കാലത്ത് കഴമ്പില്ലാത്ത ആരോപണമുന്നയിച്ചു പ്രതിപക്ഷനേതാവ് രാഷ്ട്രീയം കളിക്കുകയാണ് എന്ന് ആക്ഷേപിച്ച മുഖ്യമന്ത്രിതന്നെ പിഡബ്ല്യുഡി മായുള്ള കരാർ റദ്ദാക്കാൻ തീരുമാനിക്കുകയും, അവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു എന്നുള്ളതാണ് ഇന്നത്തെ യാഥാർത്ഥ്യം. ഇത് ആദ്യത്തെ സംഭവമല്ല എന്നുകൂടി കേരളീയ പൊതുസമൂഹം ഓർമിക്കേണ്ടതുണ്ട് ക്കേണ്ടതുണ്ട്.

ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന വിവാദം മുതൽ തുടങ്ങിയതാണ് പ്രതിപക്ഷ നേതാവിനെ ഇടപെടൽ മൂലം ഉള്ള ഇത്തരം തിരുത്തലുകൾ. സ്പ്രിംഗ്ളര് ഇടപാടിലെ അഴിമതി പൊതു ജനസാമാന്യത്തിന് മനസ്സിലാക്കാൻ സാധിക്കുന്നതിനെക്കാൾ സാങ്കേതികം ആയിരുന്നിട്ടും, അതിന്റെ പേരിൽ തനിക്ക് വ്യക്തിപരമായ ആക്ഷേപങ്ങൾ നേരിടേണ്ടിവരുമെന്ന് തിരിച്ചറിവുണ്ടായിരുന്നിട്ടും, അവയൊന്നും വകവയ്ക്കാതെ അദ്ദേഹം കൈക്കൊണ്ട ഉറച്ച നിലപാടിന്റെ ഗുണഭോക്താക്കളാണ് ഓരോ മലയാളിയും.

തീർത്തും സ്വകാര്യമായിരിക്കേണ്ട നമ്മുടെ ആരോഗ്യ വിവരങ്ങൾ സർക്കാരിന്റെ കീഴിൽ തന്നെ സർവറുകളിൽ സൂക്ഷിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകളും, നിയമപോരാട്ടവും മൂലമാണ്. ഇവിടെ എല്ലാം തെറ്റുപറ്റിയത് പ്രതിപക്ഷത്തിന് ആണ് എന്ന വ്യാജ പൊതുബോധം നിർമ്മിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും അവർ കോടികൾ മുടക്കി നടത്തുന്ന പി ആർ ഏജൻസികളും വലിയൊരളവിൽ വിജയിച്ചു എന്നതൊഴിച്ചാൽ കേരളത്തിലെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ച പ്രതിപക്ഷനേതാവ് അദ്ദേഹമാണ് എന്നുള്ളത് നിസ്തർക്കമാണ്.

വികലമായ മദ്യ നയം കൊണ്ട് കേരളത്തെ മദ്യപാനികളുടെ പറുദീസയായി മാറ്റാനാണ് മദ്യവർജ്ജനത്തിന്റ പേരിൽ അധികാരത്തിലേറിയ പിണറായി സർക്കാർ തുടക്കം മുതൽ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഭീകരമായ പരിണാമമായിരുന്നു കേരളത്തിൽ ബ്രൂവറികൾ അനുവദിക്കാനുള്ള തീരുമാനം.ശ്രീ ചെന്നിത്തല നടത്തിയ ശക്തമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ മദ്യ പുഴയൊഴുകുമായിരുന്നു.

കൊറോണ കാലത്ത് മദ്യം വിൽക്കാൻ തയ്യാറാക്കിയ ആപ്പിലെ അഴിമതി തൊട്ട്, ഐടി സെക്രട്ടറി ശിവശങ്കരന്റെ തനിനിറവും കേരളീയ പൊതു സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടിയത് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങലാണ്.

അഴിമതിയ്ക്കും, സ്വജനപക്ഷപാതത്തിനും മാത്രമല്ല കള്ളക്കടത്തിന് പോലും ഒത്താശ ചെയ്യുന്ന നിലയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തരംതാണു എന്നത് തെളിവ് സഹിതം പുറത്തു വരുമ്പോൾ രാഷ്ട്രീയ കേരളത്തിന് ഇത് പശ്ചാത്തപിക്കാൻ ഉള്ള അവസരം കൂടിയാണ്.

ഉത്തരവാദിത്ത സർക്കാരിനും, പൊതുജന നന്മയ്ക്കുവേണ്ടി അഹോരാത്രം ജോലിചെയ്ത രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിനെ തിരിച്ചറിയാൻ വൈകിയതിനു നാം ഖേദിക്കേണ്ടിയിരിക്കുന്നു.

ആരോപണ - പ്രത്യാരോപണങ്ങളും, ശബ്ദകോലാഹലങ്ങളും അല്ല സൂക്ഷ്മവും, വസ്തുനിഷ്ഠവുമായ ഇടപെടലുകളിലൂടെ ഭരണപക്ഷത്തെ തിരുത്തുന്നതാണ് യഥാർത്ഥ പ്രതിപക്ഷത്തിന്റെ ചുമതല എന്ന് തന്റെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിക്കു മുന്നിൽ പറഞ്ഞു വെച്ചിരിക്കുന്നു.

remesh chennithala latest news all news facebook post
Advertisment