ഖത്തർ : ലോകകപ്പിൽ കിരീടത്തിൽ മുത്തമിടാനുള്ള ജർമനിയുടെ സ്വപ്‌നങ്ങൾക്ക് അപ്രതീക്ഷിതമായ പ്രഹരമേൽപ്പിച്ചു കൊണ്ട് ജപ്പാൻ ഗോൾ വല കുലുക്കിയതിന്റെ ഞെട്ടലിലാണ് കായികലോകം. അർജിന്റീനയെ സൗദി അട്ടിമറിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ അവിശ്വസനീയമായ മറ്റൊരു അട്ടിമറി അതായിരുന്നു ഇന്നലെ ഖത്തറിലെ ഖലീഫ സ്റ്റേഡിയത്തിൽ കണ്ടത്.
ഫുട്ബാളിൽ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നിൽ നിന്ന് പൊരുതിക്കയറി ജപ്പാൻ 2-1ന് ജർമനിയെ നിലപരിശാക്കിയ ജപ്പാന്റെ പോരാട്ടം. മത്സരത്തിന്റെ മുക്കാൽ സമയത്തോളം പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ പകരക്കാരായെത്തിയ റിറ്റ്സു ഡൊവാന്റെയും താകുമി അസാനൊയുടേയും ഗോളുകളുടെ പിൻബലത്തിൽ ജപ്പാൻ ചരിത്ര ജയത്തിലെത്തിയത്.
ഒന്നാം പകുതിയിൽ പെനാൽറ്റിയിൽ നിന്ന് ഇക്കേ ഗുണ്ടോഗനാണ് ജർമനിയ്ക്കായി സ്‌കോർ ചെയ്തത്. ക്രോസ് ബാറിന് കീഴിൽ പറന്ന് കളിച്ച ഗോൾ കീപ്പർ ഷുഷി ഗോണ്ടയും ജാപ്പനീസ് വിജയത്തിലെ നിർണായക ഘടകമായി. മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമും ആക്രമിച്ചു കളിച്ചു.
7-ാം മിനിട്ടിൽ മയേഡ ജർമനിയെ ഞെട്ടിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായിരുന്നു. എന്നാൽ പതിയെ ജർമൻ പട കളിയുടെ കടിഞ്ഞാൺ കൈയിലെടുത്തു. തുടർന്ന് ജർമൻ മുന്നേറ്റ നിരയും ജാപ്പനീസ് പ്രതിരോധവും തമ്മിലായി മത്സരം. ഇതിനിടെ 33-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി ഗുണ്ടോഗൻ ജർമനിക്ക് ലീഡ് നൽകി. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുൻപ് ഹാവേർട്ട്‌സ് ജർമനിക്കായി വലകുലുക്കിയെങ്കിലും ഓഫ് സൈഡായി.
ഒന്നാം പകുതിയിൽ ടാർജറ്റിലേക്ക് ഒരു ഷോട്ട്‌പോലും എടുക്കാൻ കഴിയാതിരുന്ന ജപ്പാനെയല്ല രണ്ടാം പകുതിയിൽ കണ്ടത്. മികച്ച പ്രതിരോധവും ആക്രമണങ്ങളുമായി ജപ്പാൻ കളം നിറഞ്ഞാടി. പകരക്കാരെ കളത്തിലിറക്കുന്നതിൽ കോച്ച് ഹജിമെമൊറിയാസുവിന്റെ ദീർഘവീക്ഷണം ഏറെ പ്രശംസനീയമാണ്. നിർണായക നിമിഷത്തിൽ യോജിച്ച പോരാളികളെ കളത്തിലിറക്കി.
ജപ്പാന്റെ വിജയമുറപ്പിച്ച രണ്ട് ഗോളുകളും പകരക്കാരുടെ വകയായിരുന്നു. പ്രതിരോധം പൊട്ടിച്ച് ജർമൻ പട ഇരച്ചെത്തിയപ്പോഴെല്ലാം ക്രോസ് ബാറിന് കീഴിൽ ഗോണ്ടോ പ്രതിരോധമായി. 71 , 73 മനിട്ടുകളിൽ ഗോണ്ടോയുടെ തുടരെയുള്ള അവിശ്വസനീയ സേവിംഗുകളിൽ നിന്നു കിട്ടിയ ഊർജം ജാപ്പനീസ് പടയ്ക്ക് നൽകിയ ആവേശവും ഊർജ്ജവും ചെറുതല്ലായിരുന്നു. അധികം വൈകാതെ അവർ ജർമൻ വലയിലേക്ക് ആർത്തലച്ചെത്തി. കഴിഞ്ഞ ലോകകപ്പിലും ജർമനി ആദ്യ മത്സരത്തിൽ തോറ്റിരുന്നു. അന്ന് മെക്‌സിക്കോയോടായിരുന്നു തോൽവി.
പെനാൽറ്റിയിലൂടെ ഗുണ്ടോഗൻ ജർമനിക്ക് ലീഡ് സമ്മാനിക്കുന്നു. ജർമനിയുടെ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള പ്രതിഫലമായിരുന്നു ആ പെനാൽറ്റി. ജോഷ്വാ കമ്മിച്ച് ജപ്പാന്റെ പ്രതിരോധ നിരയെ ഒന്നാകെ നിഷ്പ്രഭരാക്കി ഉയർത്തി നൽകിയ പാസ് സ്വീകരിക്കാൻ ഓടിയെത്തിയ ഡേവിഡ് റവുമയെ ഗോൾ കീപ്പർ ഷുഷി ഗോണ്ട ഫൗൾ ചെയ്തതിനാണ് ജർമനിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടത്.
കിക്കെടുത്ത ഗുണ്ടോഗൻ ജാപ്പനീസ് ഗോളിക്ക് ഒരവസരവും നൽകാതെ പന്ത് വലയിലാക്കി. തുടർച്ചയായ ആക്രമങ്ങൾക്കൊടുവിൽ പകരക്കാരനായെത്തിയ റിറ്റ്‌സു ഡൊവാനിലൂടെ ജപ്പാൻ സമനില പിടിച്ചു. രണ്ടാം പകുതിയിൽ പകരക്കാരായെത്തിയ മൂന്നുപേരായിരുന്നു ആ ഗോളിന് പിന്നിൽ. ഇടതു വിംഗിൽ നിന്ന് മിട്ടോമ തുടങ്ങിയ നീക്കമാണ് ഗോളിലെത്തിയത്. മിട്ടോമ നൽകിയ പാസ് ടകൂമി മിനാമിനോയിലേക്ക്.
മിനാമിനോയുടെ തകർപ്പൻ ഷോട്ട് ജർമൻ ഗോളി മാനുവൽ ന്യൂയർ ഡൈവ് ചെയ്ത് തട്ടിയെങ്കിലും പന്തെത്തിയത് ഡൊവാനിലേക്ക്. ഡൊവാന്റെ പിഴവില്ലാത്ത ഷോട്ട് ന്യൂയർറിനെ കാഴ്ചക്കാരനാക്കി വലകുലുക്കുകയായിരുന്നു. തകുമ അസാനൊ എന്ന മറ്റൊരു പകരക്കാരനിലൂടെ ജപ്പാൻ ലീഡ് നേടി ജർമനിയെ ഞെട്ടിക്കുന്നു.
സമനില നേടിയ ആവേശത്തിൽ തുടരെ ആക്രമണങ്ങൾ മെനഞ്ഞ ജപ്പാൻ അർഹിച്ച ലീഡിന്റെ പിറവി സ്വന്തം ഹാഫിൽ നിന്ന് ഇറ്റാകുരയെടുത്ത ഫ്രീകിക്കിൽ നിന്നാണ്. ഫ്രീകിക്കിൽ നിന്ന് കിട്ടിയ പന്തുമായി ജർമൻ ബോക്‌സിലേക്ക് കുതിച്ച അസാനൊ തടയാനെത്തിയ ജർമൻ ഡിഫൻഡർ നികോ സ്‌കോൾട്ടർ ബെക്കിനേയും ന്യൂയറിനേയും കബളിപ്പിച്ച് പ്രയാസകരമായ ദിശകളിൽ നിന്നുള്ള ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ വലകളിലേക്ക് കടന്നുകയറുകയായിരുന്നു.